ഹജ്ജ്: കൊറോണ പ്രതിസന്ധി നീങ്ങുന്നത് വരെ കാത്തിരിക്കണമെന്ന് സൗദി

മുസ്ലിംകളുടെയും രാജ്യത്തെ പൗരന്മാരുടെയും ആരോഗ്യം സംരക്ഷിക്കാന്‍ രാജ്യത്തിന് ബാധ്യതയുണ്ട്. അതിനാല്‍ കാര്യങ്ങളില്‍ വ്യക്തത വരുന്നത് വരെ കാത്തിരിക്കണമെന്ന് എല്ലാ രാജ്യങ്ങളിലെയും തങ്ങളുടെ മുസ്ലിം സഹോദരങ്ങളോട് ആവശ്യപ്പെടുന്നതായി സൗദി മന്ത്രി പറഞ്ഞു

Update: 2020-04-01 02:01 GMT

റിയാദ്: വാര്‍ഷിക ഹജ്ജ് തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കാന്‍ ഉദ്ദേശിക്കുന്നവര്‍ കൊറോണ വൈറസ് പകര്‍ച്ചവ്യാധിയെക്കുറിച്ച് കൂടുതല്‍ വ്യക്തത കൈവരുന്നതുവരെ കാത്തിരിക്കണമെന്ന് മുസ്‌ലിംകളോട് സൗദി അറേബ്യ ഹജ്ജ് ഉംറ മന്ത്രി. ഇസ്ലാമിന്റെ പുണ്യനഗരങ്ങളിലേക്ക് പുതിയ കൊറോണ വൈറസ് പടരുമെന്ന ഭയത്തെതുടര്‍ന്ന് വര്‍ഷം മുഴുവനും നടക്കാറുള്ള ഉംറ തീര്‍ത്ഥാടനം ഈ മാസം ആദ്യം സൗദി അറേബ്യ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. അഭൂതപൂര്‍വമായ ഈ നീക്കം വാര്‍ഷിക ഹജ്ജ് സംബന്ധിച്ചും അനിശ്ചിതത്വം ഉയര്‍ത്തിയിരിക്കുകയാണ്.

ജൂലൈ അവസാനത്തോടെ ആരംഭിക്കാനിരിക്കുന്ന ഒരാഴ്ച നീളുന്ന ഹജ്ജ് തീര്‍ത്ഥാനടത്തിന് ലോകമെമ്പാടുമുള്ള 25 ലക്ഷം തീര്‍ഥാടകര്‍ സാധാരണയായി മക്ക, മദീന നഗരങ്ങളിലേക്ക് ഒഴുകാറുണ്ട്. തീര്‍ത്ഥാടനം സൗദിയുടെ പ്രധാന വരുമാന മാര്‍ഗ്ഗം കൂടിയാണ്.

ഹജ്ജ് ഉംറ തീര്‍ത്ഥാടകര്‍ക്ക് സേവനം ചെയ്യാന്‍ സൗദി അറേബ്യ പൂര്‍ണമായും തയ്യാറാണെന്ന് മന്ത്രി മുഹമ്മദ് സാലിഹ് ബിതീന്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള അല്‍-അഖ്ബാരിയ ടെലിവിഷനോട് പറഞ്ഞു.

എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ആഗോള മഹാമാരിയെക്കുറിച്ച് സംസാരിക്കുമ്പോള്‍ മുസ്ലിംകളുടെയും രാജ്യത്തെ പൗരന്മാരുടെയും ആരോഗ്യം സംരക്ഷിക്കാന്‍ രാജ്യത്തിന് ബാധ്യതയുണ്ട്. അതിനാല്‍ കാര്യങ്ങളില്‍ വ്യക്തത വരുന്നത് വരെ കാത്തിരിക്കണമെന്ന് എല്ലാ രാജ്യങ്ങളിലെയും തങ്ങളുടെ മുസ്‌ലിം സഹോദരങ്ങളോട് ആവശ്യപ്പെടുന്നു. ഉംറ തീര്‍ത്ഥാടനം താല്‍ക്കാലികമായി നിര്‍ത്തിവച്ചതിനു പുറമേ, സൗദി അറേബ്യ എല്ലാ അന്താരാഷ്ട്ര യാത്രാ വിമാനങ്ങളും അനിശ്ചിതമായി നിര്‍ത്തിവച്ചിട്ടുണ്ട്, കഴിഞ്ഞയാഴ്ച മക്ക, മദീന ഉള്‍പ്പെടെ നിരവധി നഗരങ്ങളിലേക്ക് പ്രവേശിക്കുന്നതും പുറത്തുകടക്കുന്നതും തടഞ്ഞു.

തീര്‍ത്ഥാടനം സൗദി അറേബ്യയെ സംബന്ധിച്ചിടത്തോളം വന്‍ വരുമാനമാണ്. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ സാമ്പത്തിക പരിഷ്‌കരണ അജണ്ട പ്രകാരം സന്ദര്‍ശകരുടെ എണ്ണം വര്‍ദ്ധിപ്പിക്കാനുള്ള പദ്ധതികളാണ് പുരോഗമിച്ച് കൊണ്ടിരിക്കുന്നത്.

എല്ലാ ഘട്ടങ്ങളിലും ഹജ്ജ് ഉംറ തീര്‍ത്ഥാടകരുടെ സേവനത്തിനുള്ള തയ്യാറെടുപ്പിലാണ് തങ്ങളെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രി മുഹമ്മദ് സ്വാലിഹ് ബിതീന്‍ വ്യക്തമാക്കി. എന്നാല്‍ ഇപ്പോള്‍ ലോകം വിഷമ വൃത്തത്തിലൂടെയാണ് കടന്നു പോവുന്നത്. അത് കൊണ്ട് എല്ലാ രാജ്യങ്ങളിലുമുള്ള മുസ്ലിംകളും ഏജന്‍സികളും ഹജ്ജ് കരാറിന്റെ കാര്യത്തില്‍ തത്കാലം ക്ഷമിക്കണമെന്ന് അദ്ദേഹം അഭ്യാര്‍ത്ഥിച്ചു. വിശുദ്ദ കഅബയുടെ ചാരത്ത് നിന്നു കൊണ്ടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഈ വര്‍ഷത്തെ ഹജ്ജിന്റ കാര്യത്തില്‍ കൃത്യമായ വ്യക്തവരുന്നത് വരെ ക്ഷമിക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. ഈ വര്‍ഷത്തെ ഹജ്ജ് നിര്‍ത്തി വെക്കുമെന്നും മറ്റും വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇത്തരത്തിലുള്ള ഒരു തീരുമാനവും കൈ കൊണ്ടിട്ടില്ലന്ന് നേരത്തെ തന്നെ അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

ഹജ്ജ് റദ്ദാക്കുന്നത് ആധുനിക കാലത്ത് അപൂര്‍വ സംഭവമാണെങ്കിലും ചരിത്രത്തില്‍ ഹജ്ജ് റദ്ദാക്കിയ നിരവധി സംഭവങ്ങള്‍ അരങ്ങേറിയിട്ടുണ്ട്. 

Tags:    

Similar News