'നമുക്ക് യുദ്ധം വേണ്ട;' ലോകജനത റഷ്യക്കെതിരേ തെരുവില്‍ പ്രതിഷേധിക്കുന്നു
അധിനിവേശം രണ്ടാംദിനത്തിലേക്ക് കടന്നതോടെ യുക്രെനെതിരായ ആക്രമണത്തിന് പിന്നാലെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ റഷ്യയ്‌ക്കെതിരേ വ്യാപക പ്രതിഷേധം അരങ്ങേറി.
1945 ന് ശേഷം യൂറോപ്പ് കണ്ട ഏറ്റവും വലിയ യുദ്ധഭീതിക്ക് പിന്നാലെ റഷ്യന്‍ അധിനിവേശം യുക്രെയ്‌നില്‍ കൂട്ടക്കുരുതി നടത്തുമ്പോള്‍ ലോകജനത തെരുവിലാണ്. പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ വ്യാഴാഴ്ച പുലര്‍ച്ചെ 'പ്രത്യേക സൈനിക ഓപറേഷന്‍' പ്രഖ്യാപിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ യുക്രെയ്ന്‍ തലസ്ഥാനമായ കീവ് ഉള്‍പ്പെടെയുള്ള പ്രധാന നഗരങ്ങളില്‍ അതിശക്തമായ ആക്രമണമാണ് അരങ്ങേറിയത്.
ക്രൂയിസ്, ബാലിസ്റ്റിക് മിസൈലുകളാല്‍ രാജ്യം ആക്രമിക്കപ്പെടുന്നുവെന്ന് യുക്രെയ്ന്‍ ആഭ്യന്തര മന്ത്രാലയം റിപോര്‍ട്ട് ചെയ്തു. കീവ്, ഖാര്‍കിവ്, മരിയുപോള്‍, ഡിനിപ്രോ എന്നിവയുള്‍പ്പെടെയുള്ള പ്രധാന നഗരങ്ങള്‍ക്ക് സമീപമുള്ള അടിസ്ഥാന സൗകര്യ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് റഷ്യ ആക്രമണം നടത്തിയത്.
റഷ്യന്‍ ആക്രമണം തടയാന്‍ യുക്രേനിയന്‍ നയതന്ത്രജ്ഞര്‍ ലോകത്തോട് അഭ്യര്‍ത്ഥിച്ചപ്പോള്‍, ഭൂതകാലത്തിലേക്ക് ലോകം പോകുമെന്ന മുന്നറിയിപ്പ് സെലെന്‍സ്‌കി നല്‍കി. എന്നാല്‍ അധിനിവേശം ആരംഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍, റഷ്യയുടെ പ്രതിരോധ മന്ത്രാലയം യുക്രെയ്‌നിന്റെ വ്യോമതാവളങ്ങളും വ്യോമ പ്രതിരോധ കേന്ദ്രങ്ങളും 'നിര്‍വീര്യമാക്കിയതായി' അവകാശപ്പെട്ടു. 11 എയര്‍ഫീല്‍ഡുകളും മൂന്ന് കമാന്‍ഡ് പോസ്റ്റുകളും വിമാനവിരുദ്ധ മിസൈല്‍ സംവിധാനങ്ങള്‍ക്കായുള്ള 18 റഡാര്‍ സ്‌റ്റേഷനുകളും ഉള്‍പ്പെടെ 74 സൈനിക സൗകര്യ കേന്ദ്രങ്ങളാണ് നശിപ്പിച്ചത്.
അധിനിവേശം രണ്ടാംദിനത്തിലേക്ക് കടന്നതോടെ യുക്രെനെതിരായ ആക്രമണത്തിന് പിന്നാലെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ റഷ്യയ്‌ക്കെതിരേ വ്യാപക പ്രതിഷേധം അരങ്ങേറി. ടോക്കിയോ മുതല്‍ ന്യൂയോര്‍ക്ക് വരെയുള്ള പ്രധാന നഗരങ്ങളിലെ റഷ്യന്‍ എംബസികള്‍ക്ക് മുന്നില്‍ നൂറുകണക്കിന് ആളുകളാണ് പ്രതിഷേധിക്കുന്നത്. എന്നാല്‍ സമാനമായി യുദ്ധവിരുദ്ധ പ്രതിഷേധങ്ങള്‍ റഷ്യയില്‍ നടത്തിയവരെ അറസ്റ്റ് ചെയ്തതായാണ് രാജ്യാന്തര മാധ്യമമായ റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്യുന്നത്.
റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ സൈനിക നീക്കം പ്രഖ്യാപിച്ചതിന് കേവലം മണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍ തന്നെ അമേരിക്കയിലെ വാഷിങ്ടണിലെ റഷ്യന്‍ എംബസിക്ക് മുന്നില്‍ പ്രതിഷേധം ആരംഭിച്ചു. യുക്രെയ്‌നിന്റെ പതാകയുമേന്തിയായിരുന്നു പലരും എത്തിയത്. റഷ്യയുടെ ആക്രമണം അവസാനിപ്പിക്കുക എന്ന മുദ്രാവാക്യങ്ങളും എംബസിക്ക് മുന്നില്‍ മുഴങ്ങി.
ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ന്റെ വസതിയിരിക്കുന്ന ഡൗണിങ് സ്ട്രീറ്റിന് മുന്നില്‍ യുക്രെയ്ന്‍ പൗരന്മാരടക്കമുള്ളവരാണ് ഒത്തുകൂടിയത്. ബ്രിട്ടണ്‍ കൂടുതല്‍ സഹായം ചെയ്യണമെന്നായിരുന്നു ആവശ്യം. 'ഞങ്ങള്‍ക്ക് സഹായം വേണം, ഞങ്ങള്‍ക്ക് പിന്തുണ ആവശ്യമുണ്ട്, യുക്രെയ്ന്‍ വളരെ ചെറിയ രാജ്യമാണ്, നേരിടുന്ന സമ്മര്‍ദം വളരെ വലുതും,' യുദ്ധവിരുദ്ധ പ്രക്ഷോഭക്കാര്‍ മുദ്രാവാക്യമുയര്‍ത്തി.
പാരിസിലും സമാന രീതിയില്‍ ജനങ്ങള്‍ ഒത്തുകൂടി. വളരെ ഗുരുതരവും അപകടകരവുമായ നിമിഷത്തിലാണ് ലോകമുള്ളതെന്നായിരുന്നു പ്രതിഷേധക്കാരിലൊരാള്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞത്. സ്‌പെയിനിലെ മാഡ്രിഡില്‍ ഓസ്‌കാര്‍ ജേതാവ് കൂടിയായ ഷാവിയര്‍ ബാര്‍ഡെമും പ്രതിഷേധക്കാര്‍ക്കൊപ്പം കൂടി. അധിനിവേശത്തിലൂടെ യുക്രെയ്‌നിന്റെ മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെട്ടെന്നാണ് അദ്ദേഹം പറഞ്ഞത്.
പ്രതിഷേധങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് ജയില്‍വാസം വരെ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പ് അവഗണിച്ചുകൊണ്ടായിരുന്നു യുദ്ധവിരുദ്ധ പ്രക്ഷോഭം നടന്നത്. മോസ്‌കോ, സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്, യെക്കാറ്റെറിന്‍ബര്‍ഗ് എന്നിവയുള്‍പ്പെടെയുള്ള നഗരങ്ങളില്‍ നൂറുകണക്കിന് ആളുകള്‍ റാലി നടത്തി. റഷ്യയില്‍ മാത്രം 1663 പേരെ അറസ്റ്റ് ചെയ്തതായി ടാസ് ന്യൂസ് ഏജന്‍സിയെ ഉദ്ധരിച്ചുകൊണ്ട് റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്തു.