മാള(തൃശൂര്‍): സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നെറ്റ് ബാങ്കിങ് ആപ്ലിക്കേഷനായ എസ് ബിഐ യോനോ വീണ്ടും പ്രവര്‍ത്തന രഹിതമായെന്ന് ആക്ഷേപം. കറന്‍സി രഹിത സാമ്പത്തിക ഇടപാട് പ്രോല്‍സാഹിപ്പിക്കാനും മറ്റുമായി കേന്ദ്ര സര്‍ക്കാര്‍ കോടിക്കണക്കിന് രൂപ ചെലവഴിച്ച് പരസ്യപ്രചാരണം നടത്തുമ്പോഴും കൊവിഡ്19 വ്യാപനം തടയാനായി നെറ്റ് ബാങ്കിങ് നടത്തണമെന്നും പറയുമ്പോഴാണ് യോനോ ആപ്പ് തുറക്കാന്‍ പോലുമാവാത്ത അവസ്ഥ വരെയെത്തിയിരിക്കുന്നത്. പൊതുമേഖലാ ബാങ്കായ എസ് ബി ഐയുടെ നെറ്റ് ബാങ്കിങ് ആപ്പിന്റെ പ്രയോജനം ഇടപാടുകാര്‍ക്ക് ലഭ്യമാവാത്തത് ഇടപാടുകാര്‍ക്ക് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. കൊവിഡ് 19 വ്യാപനം കൂടിവരുന്ന സമയത്ത് ഇടപാടുകാര്‍ക്ക് ഏറ്റവും ആവശ്യമായ സമയത്താണ് നെറ്റ് ബാങ്കിങ് ആപ്പ് അടക്കം തകരാറിലായിരിക്കുന്നത്. സ്ഥിരമായി ആപ്പ് ഉപയോഗിക്കുന്നവര്‍ കഴിഞ്ഞ കുറേ മാസങ്ങളായി പലവിധ കാര്യങ്ങള്‍ക്കായി ഇടപാട് നടത്താന്‍ ശ്രമിച്ചപ്പോള്‍ കഴിഞ്ഞിരുന്നില്ല. ഇതിനിടെ വാര്‍ത്തകളും പ്രതിഷേധങ്ങളുണ്ടായപ്പോള്‍ കുറച്ചുനാള്‍ വലിയ കുഴപ്പമില്ലാതെ കാര്യങ്ങള്‍ നടന്നിരുന്നു.
ഏതെങ്കിലും ഇടപാട് നടത്തണമെങ്കില്‍ ആപ്പെടുത്ത് ആറക്ക എംപിഐഎന്‍ നമ്പര്‍ നല്‍കിയാല്‍ ആപ്പ് തുറന്ന് വരേണ്ടതാണ്. എന്നാല്‍ വീണ്ടും ശ്രമിക്കാന്‍ പറഞ്ഞുള്ള സന്ദേശമാണ് സ്‌ക്രീനില്‍ തെളിയുന്നത്. വൈദ്യുതി ബില്ലടയ്ക്കാനും പാചകവാതകത്തിന്റെ പണമടക്കാനും ഡിറ്റിഎച്ച് മൊബൈല്‍ റീച്ചാര്‍ജ്ജിങ് തുടങ്ങി നിരവധി ആവശ്യങ്ങള്‍ നടക്കാത്ത അവസ്ഥയാണ്. കൃത്യമായ വിവരങ്ങള്‍ നല്‍കിയിട്ടും കാര്യങ്ങള്‍ നടക്കാതെ വന്നപ്പോള്‍ മൊബൈല്‍ ഫോണിലും മറ്റുമുള്ള യോനോ ആപ്പ് ഡിലീറ്റ് ചെയ്ത് പുതുതായി ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിച്ചാലും കാര്യമില്ല. രജിസ്റ്റര്‍ ചെയ്യാനായി വിവരങ്ങള്‍ ടൈപ്പ് ചെയ്താല്‍ നിലവിലുള്ള ഉപഭോക്താവാണെന്ന മെസേജ് വരുന്നതല്ലാതെ ആപ്പ് തുറന്നുവരിക പോലുമില്ല. ഇത്രയും കാര്യങ്ങള്‍ ചെയ്തിട്ട് പണം നഷ്ടപ്പെട്ടിട്ടുണ്ടാകുമോ എന്നറിയാനായി മിസ്ഡ് കോളടിച്ചാല്‍ രണ്ടുതവണ ബെല്ലടിച്ച് കട്ടാവുകയും ഉടനെ ബാലന്‍സ് അറിയിച്ചുള്ള മെസേജ് വരുന്നതുമായ നമ്പറായ 09223766666 ലേക്ക് ഡയല്‍ ചെയ്താല്‍ ബിസിയാണെന്നാണു മറുപടി ലഭിക്കുന്നത്. തുടര്‍ന്ന് ഇതേ ആവശ്യത്തിനായുള്ള ടോള്‍ഫ്രീ നമ്പറായ 18002702525 ലേക്ക് വിളിച്ചാലും കോള്‍ കണക്റ്റായി ആവശ്യമായവ ടൈപ്പ് ചെയ്താലും കാര്യം നടക്കുന്നില്ല. ചില സമയങ്ങളില്‍ കോള്‍ കണക്റ്റാവുക പോലുമില്ല. കണക്റ്റായാലും ഏത് നമ്പറടിച്ചാലും അതിലേക്ക് പോവാതെ കോള്‍ ഡിസ്‌കണക്റ്റാവുകയാണ്. ഇതൊക്കെ കഴിഞ്ഞ് ബാങ്കില്‍ ചെന്ന് ആപ്പ് ശരിയാക്കി എടുത്താലും പണം ട്രാന്‍സ്ഫര്‍ ചെയ്യാനോ മറ്റോ ആവാത്ത അവസ്ഥയാണ്.
ഉപഭോക്താക്കള്‍ക്ക് അറിയാനാവാത്ത ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയാലേ പണം അയക്കേണ്ടതായ അക്കൗണ്ട് നമ്പറുകളും മറ്റും നല്‍കാനാവൂ. ആപ്പില്‍ കയറി ബാലന്‍സ് അറിയാന്‍ പോലുമാവാത്ത അവസ്ഥയാണ്. നല്ല രീതിയില്‍ നെറ്റുള്ളപ്പോഴും ആപ്പ് തുറന്ന് വരാതെ റീട്രൈ കാണിക്കുന്ന അവസ്ഥയുമുണ്ട്. ഡെബിറ്റ് കാര്‍ഡ് വച്ച് പണം ട്രാന്‍സ്ഫര്‍ ചെയ്യാവുന്ന സംവിധാനവും നടക്കുന്നില്ല. എടിഎം കൗണ്ടറില്‍ ചെന്നാലും രക്ഷയില്ലാത്ത അവസ്ഥയാണ്. എടിഎം കൗണ്ടറിന് മുന്നിലും ഒരുപാട് ആളുകളാണ് അടുത്തയിടെയായുള്ളത്. അവസരമെത്തി കൗണ്ടറില്‍ കയറിയാലും പൈസയെടുക്കാനേ ആകൂ. പേപ്പര്‍ ഉള്ള എടിഎം കൗണ്ടറിലാണെങ്കില്‍ മിനി സ്‌റ്റേറ്റ്‌മെന്റ് അടിച്ചാല്‍ അത് ടൈപ്പ് ചെയ്ത് വരും. ഇതൊക്കെ വഴി ഒരുപാട് ബുദ്ധിമുട്ടുകളാണ് എസ്ബിഐ ഇടപാടുകാര്‍ക്കുണ്ടാവുന്നത്. ഇങ്ങനെയെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യംവയ്ക്കുന്ന കാഷ് ലെസ് ഇടപാടുകള്‍ എങ്ങനെയാണ് നടക്കുകയെന്ന ചോദ്യം ഉയരുന്നുണ്ട്. നിലവിലുള്ള ആപ്പ് തുറക്കണമെങ്കില്‍ മൊബൈല്‍ ഫോണ്‍ ലോക്ക് ചെയ്യുന്ന പിന്‍ നമ്പര്‍ കൊടുക്കണം. മൊബൈല്‍ ഫോണ്‍ റീസ്റ്റാര്‍ട്ട് ചെയ്യുമ്പോഴും മറ്റും ഈ പിന്‍ നമ്പര്‍ തെറ്റാതെ കൊടുത്താലേ ഫോണ്‍ ഓണായി വരൂ. അതേസമയം, യോനോ ആപ്പില്‍ ഇടയ്ക്കിടെ നടക്കുന്ന അപ്‌ഡേഷന്‍ മൂലമുള്ള പ്രശ്‌നമാണിതെന്ന സ്ഥിരം മറുപടിയാണ് ബാങ്കധികൃതരില്‍ നിന്നുമുള്ളത്.