''രാജ്യം ആരുടെയും തന്തയുടേതല്ല'' പരാമര്‍ശത്തിലെ രാജ്യദ്രോഹക്കേസ് റദ്ദാക്കി രാജസ്ഥാന്‍ ഹൈക്കോടതി

''ഭാരതീയ ന്യായ സംഹിതയിലെ 152ാം വകുപ്പ് പഴയ രാജ്യദ്രോഹക്കുറ്റം തന്നെ'' ഭിന്നാഭിപ്രായങ്ങളെ നേരിടാന്‍ ഉപയോഗിക്കരുത്

Update: 2024-12-22 04:57 GMT

ജെയ്പൂര്‍: ഭാരതീയ ന്യായസംഹിതയിലെ 152ാം വകുപ്പ് പഴയ ഇന്ത്യന്‍ പീനല്‍കോഡിലെ രാജ്യദ്രോഹക്കുറ്റത്തിന് സമാനമാണെന്നും ഭിന്നാഭിപ്രായങ്ങളെ നേരിടാന്‍ ഉപയോഗിക്കരുതെന്നും രാജസ്ഥാന്‍ ഹൈക്കോടതി. രാജ്യത്തിന്റെ ഐക്യത്തെയും അഖണ്ഡതയേയും ബാധിക്കുന്ന കുറ്റകൃത്യങ്ങളെ നേരിടാനുള്ള വകുപ്പിനെ ഭിന്നാഭിപ്രായങ്ങളെ നേരിടാന്‍ ഉപയോഗിക്കരുത്. ബ്രിട്ടീഷുകാര്‍ കൊണ്ടുവന്ന രാജ്യദ്രോഹക്കുറ്റ വകുപ്പില്‍ നിന്നാണ് ഭാരതീയ ന്യായസംഹിതയിലെ 152ാം വകുപ്പ് ഉല്‍ഭവിച്ചിരിക്കുന്നതെന്ന് ജസ്റ്റിസ് അരുണ്‍ മോംഗ ചൂണ്ടിക്കാട്ടി.

''രാജ്യത്തിന്റെ വിഭജനം, സായുധ കലാപം, അട്ടിമറി പ്രവര്‍ത്തനങ്ങള്‍, രാജ്യത്തിന്റെ സുസ്ഥിരതയെ ഭീഷണിപ്പെടുത്തുന്ന വിഘടനവാദ വികാരങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പ്രവൃത്തികള്‍ അല്ലെങ്കില്‍ ശ്രമങ്ങള്‍ എന്നിവ ഈ വകുപ്പ് കുറ്റകരമാക്കുന്നു. പഴയ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 124എ വകുപ്പ് (രാജ്യദ്രോഹം) മറ്റൊരു പേരില്‍ വീണ്ടും അവതരിപ്പിക്കുന്നതായി പ്രഥമദൃഷ്ട്യാ തോന്നുന്നു. ഭാരതീയ ന്യായ സംഹിതയിലെ വകുപ്പാണോ ഐപിസിയിലെ പിന്‍വലിച്ച 124എ വകുപ്പാണോ കൂടുതല്‍ കര്‍ക്കശമെന്നത് തര്‍ക്കവിഷയമാണ്.''-ജസ്റ്റിസ് അരുണ്‍ മോംഗ പറഞ്ഞു.

സിഖ് മതപ്രചാരണത്തിന്റെ ഭാഗമായി നടത്തിയ സോഷ്യല്‍ മീഡിയ പ്രസംഗത്തിന് എതിരെ പോലിസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് തേജീന്ദര്‍ പാല്‍ സിങ് എന്നയാള്‍ നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്. ഇയാള്‍ നടത്തിയ പ്രസംഗത്തിലെ ''ഞാന്‍ നേരത്തെ തന്നെ നിങ്ങളോട് പറഞ്ഞിരുന്നു. ഈ രാജ്യം ആരുടേയും തന്തയുടേത് അല്ലെന്ന്, ഇപ്പോള്‍ എല്ലാവര്‍ക്കും അറിയാം എങ്ങനെ മറുപടി നല്‍കണമെന്ന്'' എന്ന ഭാഗമാണ് കേസിന് കാരണമായത്.



ഈ പരാമര്‍ശം കുറ്റകരമല്ലെന്ന് പ്രസംഗം പരിശോധിച്ച കോടതി ചൂണ്ടിക്കാട്ടി. രാജ്യത്ത് എല്ലാവര്‍ക്കും തുല്യാവകാശമുണ്ടെന്നു മാത്രമാണ് ഈ പ്രയോഗത്തിന്റെ സൂചന. ഈ പരാമര്‍ശത്തിലൂടെ രാജ്യത്തെ ഭിന്നിപ്പിക്കാനോ സായുധകലാപം നടത്താനോ മറ്റുതരം വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്താനോ കുറ്റാരോപിതന്‍ ശ്രമിച്ചിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. തുടര്‍ന്ന് കേസ് റദ്ദാക്കി ഉത്തരവിടുകയായിരുന്നു.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ രാജ്യദ്രോഹക്കുറ്റം ഇനിയുണ്ടാവില്ലെന്നും ഭാരതീയ ന്യായസംഹിത വരുമ്പോള്‍ അത്തരം വ്യവസ്ഥകള്‍ ഉണ്ടാവില്ലെന്നുമാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ അടക്കം പറഞ്ഞത്. എന്നാല്‍, അതിലും കടുത്ത വ്യവസ്ഥകളാണ് പുതിയ നിയമത്തിലുള്ളതെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. അത് ശരിവക്കുന്നതാണ് രാജസ്ഥാന്‍ ഹൈക്കോടതിയുടെ നിരീക്ഷണം

Similar News