പോപുലര്‍ ഫ്രണ്ട് മുന്‍ ചെയര്‍മാന്‍ ഇ അബൂബക്കറിന് ഡല്‍ഹി എയിംസില്‍ ചികില്‍സ നല്‍കണമെന്ന് സുപ്രിംകോടതി; മകന്‍ തലാല്‍ ഹസൂന് കൂടെ നില്‍ക്കാം

നാലു ദിവസത്തേക്കാണ് ചികില്‍സക്ക് അനുമതി നല്‍കിയിരിക്കുന്നത്. മതിയായ ചികില്‍സ നല്‍കുകയും പരിശോധനകള്‍ നടത്തുകയും ചെയ്തതിന് ശേഷം മൂന്നുദിവസത്തിനകം മെഡിക്കല്‍ റിപോര്‍ട്ട് സമര്‍പ്പിക്കണം.

Update: 2024-11-12 07:42 GMT

ന്യൂഡല്‍ഹി: പോപുലര്‍ ഫ്രണ്ട് മുന്‍ ചെയര്‍മാന്‍ ഇ അബൂബക്കറിന് ഡല്‍ഹി എയിംസില്‍ ചികില്‍സ നല്‍കണമെന്ന് സുപ്രിംകോടതി ഉത്തരവിട്ടു. മകന്‍ തലാല്‍ ഹസൂന് കൂടെ നില്‍ക്കാം. നാലു ദിവസത്തേക്കാണ് ചികില്‍സക്ക് അനുമതി നല്‍കിയിരിക്കുന്നത്. മതിയായ ചികില്‍സ നല്‍കുകയും പരിശോധനകള്‍ നടത്തുകയും ചെയ്തതിന് ശേഷം മൂന്നുദിവസത്തിനകം മെഡിക്കല്‍ റിപോര്‍ട്ട് സമര്‍പ്പിക്കണം. ഈ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ജാമ്യാപേക്ഷയില്‍ തീരുമാനമെടുക്കുകയെന്ന് ജസ്റ്റിസുമാരായ എം എം സുന്ദരേഷ്, അരവിന്ദ് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. പരിശോധനയിലും ചികില്‍സയിലും ഇ അബൂബക്കര്‍ സഹകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ജാമ്യഹരജി രണ്ടാഴ്ച്ചക്ക് ശേഷം വീണ്ടും പരിഗണിക്കും.

ഇ അബൂബക്കറിന് വേണ്ടി മുതിര്‍ന്ന അഭിഭാഷക കാമിനി ജയ്‌സ്വാള്‍, അഭിഭാഷകരായ ഡി കുമനന്‍, അദിത് എസ് പൂജാരി, എ നൗഫല്‍, അബ്ദുല്‍ ഷുക്കൂര്‍ മുണ്ടമ്പ്ര, കെ എ ശരീഫ്, മൗലാ അലി ബാഷ എന്നിവര്‍ ഹാജരായി. മെയ് 28ന് ഡല്‍ഹി ഹൈക്കോടതി ഇദ്ദേഹത്തിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ആരോഗ്യ കാരണങ്ങളടക്കമുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു അന്നും ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. എന്നാല്‍, ഹൈക്കോടതി അപേക്ഷ തള്ളുകയായിരുന്നു.തുടര്‍ന്നാണ് സുപ്രിംകോടതിയെ സമീപിച്ചത്.

ഇ അബൂബക്കറിനുള്ള പാര്‍ക്കിന്‍സണ്‍ രോഗം നാഡീവ്യവസ്ഥയെ ഗുരുതരമായി ബാധിക്കുന്നതാണെന്ന് അഭിഭാഷകര്‍ സുപ്രിംകോടതിയെ അറിയിച്ചു. കൂടാതെ വന്‍കുടലിനെ ബാധിച്ച അര്‍ബുദത്തിന് ചികില്‍സ നല്‍കിയതിനാല്‍ ആരോഗ്യം ദുര്‍ബലമാണ്. അതിനാല്‍ ഓരോ രണ്ടു മണിക്കൂറിലും ഭക്ഷണം കഴിക്കേണ്ടതുണ്ടെന്നും അഭിഭാഷകര്‍ കോടതിയെ അറിയിച്ചു.പാര്‍ക്കിന്‍സണ്‍സിന് പുറമെ പ്രമേഹം, ഓര്‍മക്കുറവ്, രക്തസമ്മര്‍ദ്ദം തുടങ്ങിയ പ്രശ്‌നങ്ങളും ഇ അബൂബക്കര്‍ നേരിടുന്നുണ്ടെന്ന് അഭിഭാഷകര്‍ കോടതിയെ അറിയിച്ചു.

ഇതെല്ലാം പരിഗണിച്ചാണ് ചികില്‍സക്കായി എയിംസില്‍ പ്രവേശിപ്പിക്കാന്‍ കോടതി ഉത്തരവിട്ടത്. കേസില്‍ ഇ അബൂബക്കറിന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ മാത്രമാണ് പരിഗണിക്കുന്നതെന്നും പോലിസ് അകമ്പടിയോടെയായിരിക്കും എയിംസില്‍ പ്രവേശിപ്പിക്കുകയെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

2022ല്‍ സെപ്റ്റംബര്‍ 22നാണ് ഇ അബൂബക്കറിനെ എന്‍ഐഎ അറസ്റ്റ് ചെയ്യുന്നത്.അന്നു മുതല്‍ ഡല്‍ഹിയിലെ തിഹാര്‍ ജയിലില്‍ ആണ് ഇ അബൂബക്കറുള്ളത്.

Tags:    

Similar News