റീഹാബ് ഇന്ത്യ ഫൗണ്ടേഷന് എതിരായ കേസ്: ഇ അബൂബക്കറിനും ഒ എം എ സലാമിനും ജാമ്യം

ന്യൂഡല്‍ഹി: റീഹാബ് ഇന്ത്യ ഫൗണ്ടേഷന്‍ ചട്ടവിരുദ്ധമായി വിദേശസഹായം സ്വീകരിച്ചെന്ന കേസില്‍ പോപുലര്‍ ഫ്രണ്ട് മുൻ ചെയര്‍മാന്‍മാരായ ഇ അബൂബക്കറിനും ഒ എം എ സലാമിനും ഡല്‍ഹി കോടതി ജാമ്യം അനുവദിച്ചു. ഡല്‍ഹി ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസില്‍ 2024 ജൂലൈ 31 മുതല്‍ രണ്ടു പേരും റിമാന്‍ഡിലാണെന്ന് സാകേത് സിജെഎം ഡോ. നുപൂര്‍ ഗുപ്ത ചൂണ്ടിക്കാട്ടി. ഇരുവരെയും കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യണമെന്ന് പുതുതായി ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിട്ടില്ല. ഈ സാഹചര്യത്തില്‍ ഈ കേസില്‍ ഇരുവരും ജയിലില്‍ കിടക്കേണ്ട ആവശ്യമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
തുടര്‍ന്നാണ് 50,000 രൂപയുടെ ബോണ്ട്, തുല്യമായ തുകയ്ക്കുള്ള ഒരു ആള്‍ജാമ്യം, കോടതി കേസ് പരിഗണിക്കുമ്പോഴെല്ലാം ഹാജരാവണം, കോടതിയുടെ അനുമതിയില്ലാതെ രാജ്യത്തിന് പുറത്തുപോവരുത്, തെളിവ് നശിപ്പിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയ വ്യവസ്ഥകളോടെ ജാമ്യം അനുവദിച്ചത്. പക്ഷേ, ഇരുവര്‍ക്കുമെതിരേ പിഎംഎല്‍എ, എന്‍ഐഎ കേസുകള്‍ കൂടി ഉള്ളതിനാല്‍ ജയിലില്‍നിന്ന് പുറത്തിറങ്ങാനാവില്ല. പിഎംഎല്‍എ, എന്‍ഐഎ കേസുകളില്‍ കൂടി ജാമ്യം ലഭിച്ചാല്‍ പുറത്തിറങ്ങാന്‍ ഈ കേസ് തടസ്സമാവില്ല.
റീഹാബ് ഇന്ത്യ ഫൗണ്ടേഷന് എതിരായ കേസിലെ അന്വേഷണം നിയമപരമായി പാലിക്കേണ്ട കീഴ്‌വഴക്കങ്ങള്‍ ഒന്നും പാലിക്കാതെയാണ് നടത്തിയതെന്ന് ഇരുവരും വാദിച്ചു. അതിനാല്‍ ഈ കേസില്‍ ശിക്ഷ ലഭിക്കാന്‍ സാധ്യതയില്ല. മുമ്പ് കസ്റ്റഡിയില്‍ ചോദ്യം ചെയ്തിരുന്നു. ഒ എം എ സലാമിനെ കസ്റ്റഡിയില്‍ എടുത്തും ഇ അബൂബക്കറിനെ തിഹാര്‍ ജയിലില്‍ വച്ചുമായിരുന്നു ചോദ്യം ചെയ്തതെന്നും അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍, ക്രൈംബ്രാഞ്ചിന് വേണ്ടി ഹാജരായ എപിപി ജാമ്യാപേക്ഷയെ എതിര്‍ത്തു. ജാമ്യം കിട്ടിയാല്‍ ഇരുവരും ഒളിവില്‍ പോവാന്‍ സാധ്യതയുണ്ടെന്നായിരുന്നു വാദം. ഈ വാദം കോടതി തള്ളി. രണ്ട് കുറ്റാരോപിതരെയും കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്ന് ക്രൈംബ്രാഞ്ച് പുതുതായി ആവശ്യപ്പെട്ടിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം നല്‍കിയിട്ടുണ്ടെങ്കിലും കുറ്റം ചുമത്തിയിട്ടില്ല. കേസില്‍ ഇരുവരും ആറുമാസത്തില്‍ അധികമായി ജയിലിലാണ്. ഇനിയും കസ്റ്റഡിയില്‍ വച്ചിട്ട് കേസില്‍ സര്‍ക്കാരിന് കാര്യമൊന്നുമില്ല. അതിനാല്‍ ജാമ്യം നല്‍കുകയാണെന്നും കോടതി പറഞ്ഞു.
ഇരുവര്‍ക്കും വേണ്ടി അഭിഭാഷകരായ സത്യകം, എ നൗഫല്‍, അബ്ദുല്‍ ഷുക്കൂര്‍, ശെയ്ഖ് സായ്പാന്‍, കെ എ ശരീഫ്, ശെയ്ഖ് മൗലാലി ബാഷ, എം ഡി ആരിഫ് ഹുസൈന്‍ എന്നിവര്‍ ഹാജരായി.