ഗ്രാമീണ ആരോഗ്യ മേഖലയില്‍ പുതുചരിതം രചിച്ച് റിഹാബ് ഇന്ത്യാ ഫൗണ്ടേഷന്‍

റിഹാബ് ഗ്രാമവികസന പദ്ധതിയിലുള്‍പ്പെട്ട (വിഡിപി) ഗ്രാമങ്ങളിലെ ഇത്തരത്തിലുള്ള രോഗികള്‍ക്ക് ചികിത്സാ ലഭ്യതയെക്കുറിച്ച അത്തരം ഒരാശങ്കക്കിനിയിടമില്ല.

Update: 2021-11-26 05:53 GMT
ദൈവത്തോടുള്ള അകമഴിഞ്ഞ പ്രാര്‍ഥന മാത്രമാണ് നിത്യരോഗത്തില്‍ നിന്ന് മോചനത്തിനായി ശയ്യാവലംബികളായ അവര്‍ക്കുള്ള ഏക പ്രതീക്ഷ. പിന്നാക്ക ഗ്രാമവാസികളാണ് എന്ന ഒറ്റ കാരണത്താല്‍ തന്നെ, പട്ടണങ്ങളില്‍ ലഭ്യമായ ആരോഗ്യ പരിചരണവും ചികിത്സയും അവര്‍ക്ക് അപ്രാപ്യമാണ്. എന്നാല്‍, റിഹാബ് ഗ്രാമവികസന പദ്ധതിയിലുള്‍പ്പെട്ട (വിഡിപി) ഗ്രാമങ്ങളിലെ ഇത്തരത്തിലുള്ള രോഗികള്‍ക്ക് ചികിത്സാ ലഭ്യതയെക്കുറിച്ച അത്തരം ഒരാശങ്കക്കിനിയിടമില്ല.


മാറാരോഗങ്ങള്‍ കാരണം ശയ്യാവലംബികളായ രോഗികള്‍ക്ക് ആഗോളതലത്തില്‍ ലഭ്യമായ ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കാന്‍, ഇവൈറ്റല്‍സ് (e-vitalz) എന്ന ആരോഗ്യ പരിപാലന കമ്പനിയുമായി ചേര്‍ന്ന് റിഹാബ് ഇന്ത്യാ ഫൗണ്ടേഷന്‍ ആസൂത്രണം ചെയ്തിട്ടുള്ള വിപ്ലവകരമായ ചികിത്സാ രോഗശുശ്രൂഷാ പദ്ധതിയാണ് റിഹാബ് ഇ സ്വാസ്ഥ്യ ടെലി ഹെല്‍ത്ത് പ്രോഗ്രാം.

പരിശീലനം സിദ്ധിച്ച റിഹാബ് സന്നദ്ധ പ്രവര്‍ത്തകര്‍, നിത്യരോഗത്താല്‍ കഷ്ടപ്പെടുന്ന രോഗികളെ സന്ദര്‍ശിച്ച്, അവരുടെ മല-മൂത്ര-രക്ത പരിശോധനകള്‍ നടത്തി, രോഗ നിര്‍ണയത്തിനാവശ്യമായി വരുന്ന അവയിലെ രാസ- ജൈവ -ലവണ-മൂലകങ്ങളുടെ അളവ്, രക്തസമ്മര്‍ദ്ദം, രക്തത്തിലെ ഓക്‌സിജന്റെ അളവ്, ഇസിജി തുടങ്ങി വലിയ യന്ത്ര സഹായങ്ങളില്ലാതെ ചെയ്യാവുന്ന അവശ്യമായ എല്ലാ പ്രാഥമിക ടെസ്റ്റുകളും നടത്തി ലഭ്യമായ വിവരങ്ങളും, രോഗാവസ്ഥയും, അവര്‍ മുമ്പ് ചെയ്ത സ്‌കാനിംഗ്, എക്‌സ്‌റെ തുടങ്ങിയവുടെ ഫലങ്ങളുണ്ടെങ്കില്‍ അവയും ഇവൈറ്റല്‍സിന്റെ ഇന്റര്‍നെറ്റ് ക്ലൌഡ് സംവിധാനത്തിലേക്ക് അപ്ലോഡ് ചെയ്യുന്നു.

ഇതോടെ രോഗി അവിടെ രജിസ്റ്റര്‍ ചെയ്യപ്പെടുകയും, രോഗിയുടെ ഇലക്ട്രോണിക്ക് ഹെല്‍ത്ത് റെക്കോര്‍ഡ് ക്ലൌഡില്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു.

റിഹാബിന്റെ ഈ പദ്ധതിയിലേക്ക് സൗജന്യ സേവനം വാഗ്ദത്വം ചെയ്തിട്ടുള്ള വിദഗ്ദ ഡോക്ടര്‍മാര്‍ (ഇന്ത്യയിലെയും വിദേശത്തെയും നിരവധി സൂപ്പര്‍സ്‌പെഷ്യാലിറ്റി ഡോക്റ്റര്‍മാര്‍, നൂതനമായ ടെലിമെഡിസിന്‍ മാധ്യമത്തിലൂടെ, റിഹാബ് രോഗികള്‍ക്ക് സൗജന്യ സേവനം നല്‍കാനായി, ആഴ്ചയില്‍ രണ്ടു മുതല്‍ നാലു മണിക്കൂര്‍ വരെ ചെലവഴിക്കാന്‍ തയാറായിട്ടുണ്ട്)

ഇ വൈറ്റല്‍സ് ക്ലൗഡില്‍ ലോഗിന്‍ ചെയ്യുന്നതോടെ, അവര്‍ക്ക് രോഗികളുടെ എല്ലാ വിവരങ്ങളും ലഭ്യമാകുന്നു. അതത് മേഖലകളിലെ വിദഗ്ദര്‍ ഈ സംവിധാനത്തിലൂടെ, രേഖകള്‍ പരിശോധിച്ച് രോഗിയുടെയും രോഗത്തിന്റേയും സ്വഭാവമനുസരിച്ച് രോഗിക്ക് സ്‌കാനിങ്, വിശദമായ ഹൃദ്രോഗ പരിശോധന തുടങ്ങിയ കൂടുതല്‍ ടെസ്റ്റുകള്‍ ആവശ്യമുണ്ടെങ്കില്‍ അവ നടത്താനും, അല്ലാത്തവര്‍ക്ക് ഇലക്ട്രോണിക്ക് ഹെല്‍ത്ത് റെക്കോര്‍ഡിലെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തന്നെ മരുന്ന് നല്‍കാനും നിര്‍ദേശിക്കുന്നു.

ഈ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് റിഹാബ് ആരോഗ്യ പ്രവര്‍ത്തകര്‍ കൂടുതല്‍ പരിശോധനകള്‍ ആവശ്യമായവര്‍ക്ക് പുറത്തുള്ള ലാബുകളില്‍ നിന്ന് അതത് പരിശോധനകള്‍ നടത്തുകയും മരുന്നു വേണ്ടവര്‍ക്ക് മരുന്നുകളെത്തിക്കുകയും ചെയ്യുന്നു. ഈ സേവനങ്ങളെല്ലാം തികച്ചും സൗജന്യമാണ്.

ക്ലൌഡില്‍ ലഭ്യമായ വിവരങ്ങള്‍ വിശകലനം ചെയ്ത ശേഷം ഡോക്റ്റര്‍ക്ക് രോഗിയുമായി നേരില്‍ സംസാരിക്കണമെന്ന് തോന്നുകയാണെങ്കില്‍, ആ വിവരം ഡോക്റ്റര്‍ റിഹാബ് പ്രവര്‍ത്തകരെ അറിയിക്കുകയും, അവര്‍ രോഗിയെ വീഡിയോ കോളിലൂടെ ഡോക്റ്ററുമായി ബന്ധപ്പെടുത്തിക്കൊടുക്കുയും ചെയ്യും. വന്‍ സാമ്പത്തിക വിനിയോഗത്തിലൂടെയല്ലാതെ ധനികര്‍ക്ക് പോലും അപ്രാപ്യമായ ലോകത്തിലെ ഏറ്റവും മികച്ച ആരോഗ്യ പരിപാലന സേവനങ്ങള്‍ ഒരു സാമ്പത്തിക ബാധ്യതയുമില്ലാതെ സമൂഹത്തിന്റെ താഴെ തട്ടിലുള്ള ഗ്രാമീണര്‍ക്ക് എത്തിക്കുകയാണ് റിഹാബ് ഇ സ്വാസ്ഥ്യ ടെലി ഹെല്‍ത്ത് പ്രോഗ്രാമിലൂടെ.

വലിയ മുതല്‍ മുടക്കില്‍ കൂറ്റന്‍ ആശുപത്രികള്‍ സ്ഥാപിക്കുന്നതിനു പകരം, സാമൂഹിക പ്രതിബദ്ധതയും, സേവനസന്നദ്ധതയുമുള്ള വൈദ്യശാസ്ത്ര വിദഗ്ദരുടേയും, ധനാഢ്യരുടെയും ഉള്ളഴിഞ്ഞ സഹായമാണ് ഇതിനായി റിഹാബ് ഉപയോഗപ്പെടുത്തുന്നത്.

Tags:    

Similar News