പിന്നാക്ക ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍: റിഹാബിന് ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്റെ പുരസ്‌കാരം
റിഹാബ് ഇന്ത്യാ ഫൗണ്ടേഷന്‍ ട്രസ്റ്റി പ്രഫ. ഡോ. ഹസീന ഹാഷി ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ ഡോ. സഫറുല്‍ ഇസ് ലാം ഖാനില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.
ന്യൂഡല്‍ഹി: രാജ്യത്തെ പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങളുടെ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന റിഹാബ് ഇന്ത്യാ ഫൗണ്ടേഷന് ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്റെ പുരസ്‌കാരം. 2019ലെ മികച്ച സാമൂഹിക സേവന വിഭാഗത്തിലാണ് ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന റിഹാബ് ഇന്ത്യാ ഫൗണ്ടേഷനെ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്.
റിഹാബ് ഇന്ത്യാ ഫൗണ്ടേഷന്‍ ട്രസ്റ്റി പ്രഫ. ഡോ. ഹസീന ഹാഷി ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ ഡോ. സഫറുല്‍ ഇസ് ലാം ഖാനില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.
ഡല്‍ഹിയില്‍ ന്യൂനപക്ഷങ്ങള്‍ക്കിടയിലെ മികച്ച വികസന പ്രഫഷനലുകള്‍ക്കും സംഘടനകള്‍ക്കും ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ വിവിധ മേഖലകളില്‍ അവാര്‍ഡുകള്‍ നല്‍കാറുണ്ട്. ന്യൂനപക്ഷ കമ്മീഷന്‍ ഉപദേശക-സമാധാന കമ്മിറ്റികളുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് അവാര്‍ഡിന് അര്‍ഹരായവരെ തിരഞ്ഞെടുക്കുന്നത്.
ഡല്‍ഹിയിലും പുറത്തും ദുര്‍ബല വിഭാഗങ്ങളുടെ പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ മികച്ച സേവനം നടത്തയതിനുള്ള അംഗീകാരമാണ് റിഹാബിനുള്ള പുരസ്‌കാരം. ഡല്‍ഹിയിലെ ചേരികളില്‍ കഴിയുന്ന കുട്ടികളെ വിദ്യാഭ്യാസം ചെയ്യുന്നതില്‍ റിഹാബ് മികച്ച പ്രവര്‍ത്തനമാണ് നടത്തിയത്. 'എഡ്യൂക്കേഷന്‍ ഓണ്‍ വീല്‍സ്' പദ്ധതിയില്‍ ഡല്‍ഹിയിലെ ദാബി ഘട്ട്, നൂര്‍ നഗര്‍, ജൊഹ്രി ഫാം തുടങ്ങിയ പ്രദേശങ്ങളിലെ കുട്ടികളെ സ്‌കൂളുകളില്‍ എത്തിച്ചു. ഓഖ്‌ല വിഹാറിലും ജസോള വിഹാറിലും റഗുലര്‍ ട്യൂഷന്‍ ക്ലാസുകളും ആരംഭിച്ചു.
ന്യൂനപക്ഷ വിഭാഗങ്ങളുടെ ഭരണഘടനാ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നുവെന്നും ക്ഷേമപദ്ധതികള്‍ നിറവേറ്റുന്നുവെന്നും ഉറപ്പുവരുത്തുന്നതിനുള്ള ഡല്‍ഹി സര്‍ക്കാരിന്റെ വകുപ്പാണ് ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍.
2008 മുതല്‍ സജീവമായി ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാണ് റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍. പട്ടിണി, രോഗങ്ങള്‍, നിരക്ഷരത എന്നിവ കാരണം ദരിദ്രരായ രാജ്യത്തിന്റെ ഏറ്റവും പിന്നാക്ക പ്രദേശങ്ങളില്‍, ശാക്തീകരണവും സുസ്ഥിര വികസനവും പ്രോത്സാഹിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. 5 വര്‍ഷത്തെ ഗ്രാമവികസന പരിപാടി (വിഡിപി) വഴി പുനരധിവാസം നടത്തുന്നതിന് ബീഹാര്‍, പശ്ചിമ ബംഗാള്‍, അസം, ഡല്‍ഹി, കര്‍ണാടക, മണിപ്പൂര്‍, ഉത്തര്‍പ്രദേശ്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ 85 ഗ്രാമങ്ങള്‍ റിഹാബ് ദത്തെടുത്തു. 85,000 ത്തിലധികം ആളുകളുടെ ജീവിതമാണ് റിഹാബിന്റെ പ്രവര്‍ത്തനത്തിലൂടെ മാറ്റിമറിച്ചത്.