പള്ളികളില്‍ ഇനി സര്‍വേ പാടില്ല; പുതിയ അന്യായങ്ങള്‍ രജിസ്റ്റര്‍ ചെയ്യരുത്, നിലവിലെ കേസുകളില്‍ നടപടികളോ അന്തിമവിധികളോ പാടില്ല: ഇടക്കാല ഉത്തരവിട്ട് സുപ്രിംകോടതി
ന്യൂഡല്‍ഹി: രാജ്യത്തെ മുസ്‌ലിം പള്ളികള്‍ക്ക് മേല്‍ അവകാശവാദം ഉന്നയിക്കുന്ന പുതിയ അന്യായങ്ങളൊന്നും ഫയലില്‍ സ്വീകരിക്കരുതെന്ന് കീഴ്‌ക്കോടതികള്‍ക്ക് സുപ്രിംകോടതി നിര്‍ദേശം നല്‍കി. നിലവിലുള്ള അന്യായങ്ങളില്‍ നടപടികളും അന്തിമവിധികളും പാടില്ല. സര്‍വേകള്‍ ഒരു കാരണവശാലും നടത്തരുതെന്നും സുപ്രിംകോടതി ഇടക്കാല ഉത്തരവിട്ടു. 1991ലെ ആരാധനാലയ സംരക്ഷണ നിയമം കര്‍ശനമായി പാലിക്കണമെന്നും ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റീസുമാരായ സഞ്ജയ് കുമാര്‍, കെ വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
ആരാധനാലയ സംരക്ഷണ നിയമം കര്‍ശനമായി നടപ്പാക്കണമെന്ന ഹരജികളും നിയമം തന്നെ റദ്ദാക്കണമെന്നുമുള്ള ഹരജികളുമാണ് കോടതി പരിഗണിച്ചത്. ഗ്യാന്‍വാപി, മധുര ശാഹീ ഈദ്ഗാഹ് മസ്ജിദ്, സംഭല്‍ ശാഹീ ജാമിഅ് മസ്ജിദ് തുടങ്ങി 10 പള്ളികളിലെ കേസുകള്‍ക്ക് ഈ വിധി ബാധകമാണ്.
'' കേസുകള്‍ ഇപ്പോള്‍ ഈ കോടതിയുടെ പരിഗണനയിലാണ്. ചിലപ്പോള്‍ കക്ഷികള്‍ പുതിയ അന്യായങ്ങള്‍ സിവില്‍ കോടതികളില്‍ ഫയല്‍ ചെയ്‌തേക്കാം. പക്ഷെ, സിവില്‍ കോടതികള്‍ അന്യായങ്ങള്‍ ഫയലില്‍ സ്വീകരിക്കുകയോ ഉത്തരവുകള്‍ പാസാക്കുകയോ ചെയ്യരുത്. നിലവില്‍ സിവില്‍ കോടതികള്‍ പരിഗണിക്കുന്ന കേസുകളില്‍ ഇനി മുതല്‍ ഇടക്കാല ഉത്തരവുകളോ അന്തിമ ഉത്തരവുകളോ പാടില്ല. സര്‍വേ ഉത്തരവുകളും പാടില്ല.''- കോടതി വ്യക്തമാക്കി. ആരാധനാലയ സംരക്ഷണ നിയമം കര്‍ശനമായി നടപ്പാക്കണമെന്നും നിയമം തന്നെ ഇല്ലാതാക്കണമെന്നുമുള്ള ഹരജികളില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാട് അറിയിക്കണം. ഒരു മാസത്തിനകം ഇത് ചെയ്യണം. പൊതുജനങ്ങള്‍ക്ക് കാണാവുന്ന രീതിയില്‍ ഇത് ഏതെങ്കിലും സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും വേണം.
രാജ്യത്തെ പത്ത് പള്ളികള്‍ക്കും ദര്‍ഗകള്‍ക്കുമെതിരെയായി 18 അന്യായങ്ങളാണ് നിലവില്‍ വിവിധ സിവില്‍ കോടതികളുടെ പരിഗണനയില്‍ ഉള്ളതെന്ന് കോടതി പറഞ്ഞു. വളരെ കാലം മുമ്പ് തന്നെ ആരാധനാലയ സംരക്ഷണം നിയമം സുപ്രിംകോടതി ശരിവച്ചതാണെന്നും എന്നിട്ടും സിവില്‍ കോടതികള്‍ സുപ്രിംകോടതിയുമായി മല്‍സരിക്കുകയാണെന്നും വാദം കേള്‍ക്കലിനിടെ ജസ്റ്റിസ് കെ വി വിശ്വനാഥന്‍ വിമര്‍ശിച്ചു. പള്ളികളുമായി ബന്ധപ്പെട്ട കേസുകള്‍ സ്റ്റേ ചെയ്യാതെ തരമില്ലെന്നും കോടതി പറഞ്ഞു.
രാജ്യത്തെ ആരാധനാലയങ്ങളില്‍ 1947 ആഗസ്റ്റ് 15ലെ തല്‍സ്ഥിതി തുടരണമെന്ന 1991ലെ ആരാധനാലയ സംരക്ഷണ നിയമത്തെ ചോദ്യം ചെയ്ത് ബിജെപി നേതാവ് അശ്വിനി കുമാര്‍ ഉപാധ്യായയാണ് ആദ്യം സുപ്രിംകോടതിയെ സമീപിച്ചത്. നിയമം നടപ്പാക്കണമെന്നാവശ്യപ്പെട്ട് ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ്, സംഭല്‍ ശാഹീ ജാമിഅ് മസിജിദ് കമ്മിറ്റി, മധുര ശാഹീ ജാമിഅ് മസ്ജിദ് കമ്മിറ്റി,കോണ്‍ഗ്രസ് നേതാക്കളായ അലോക് ശര്‍മ, പ്രിയ മിശ്ര, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ, സിപിഎം, മുസ്‌ലിം ലീഗ്, ഡിഎംകെ, ആര്‍ജെഡി എംപി മനോജ് കുമാര്‍ ഝാ, എന്‍സിപി എംഎല്‍എ ജിതേന്ദ്ര അത്‌വാദ് തുടങ്ങിയവര്‍ നല്‍കിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. കേസില്‍ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ സത്യവാങ്മൂലം നല്‍കിയിട്ടില്ല. ആരാധനാലയ സംരക്ഷണ നിയമം കര്‍ശനമായി നടപ്പാക്കണമെന്ന് ആവശ്യപ്പെടുന്ന കക്ഷികളുടെ നോഡല്‍ കോണ്‍സലായി അഡ്വ. ഇജാസ് മഖ്ബൂലിനെ കോടതി നിയമിച്ചു. അഡ്വ. കാനു അഗര്‍വാളാണ് കേന്ദ്രസര്‍ക്കാരിന്റെ നോഡല്‍ കോണ്‍സല്‍. അഡ്വ. വിഷ്ണു ശങ്കര്‍ ജെയ്ന്‍ ആണ് ഹിന്ദു കക്ഷികളുടെ നോഡല്‍ കോണ്‍സല്‍.