ഉത്തര്‍പ്രദേശ് മദ്‌റസാ വിദ്യാഭ്യാസ നിയമം റദ്ദാക്കിയതിന് എതിരായ ഹരജികളില്‍ വിധി ഇന്ന്

ഉത്തര്‍പ്രദേശിലെ മദ്‌റസകളുടെ പ്രവര്‍ത്തനവും ഗുണനിലവാരവും ഉറപ്പുവരുത്താനാണ് 2004ല്‍ മുലായം സര്‍ക്കാര്‍ മദ്‌റസാ വിദ്യാഭ്യാസ നിയമം കൊണ്ടുവന്നത്.

Update: 2024-11-05 01:41 GMT

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവ് മുഖ്യമന്ത്രിയായിരിക്കെ കൊണ്ടുവന്ന മദ്‌റസാ വിദ്യാഭ്യാസ നിയമം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരായ അപ്പീലുകളില്‍ സുപ്രിംകോടതി ഇന്ന് വിധി പറയും. അലഹാബാദ് ഹൈക്കോടതി വിധിക്കെതിരേ സമര്‍പ്പിച്ച ഒരു കൂട്ടം ഹരജികളാണ് വിധി പറയുക.

ഉത്തര്‍പ്രദേശിലെ മദ്‌റസകളുടെ പ്രവര്‍ത്തനവും ഗുണനിലവാരവും ഉറപ്പുവരുത്താനാണ് 2004ല്‍ മുലായം സര്‍ക്കാര്‍ മദ്‌റസാ വിദ്യാഭ്യാസ നിയമം കൊണ്ടുവന്നത്. മദ്‌റസകളുടെ പ്രവര്‍ത്തനവും നിയന്ത്രണവും ഉറപ്പുവരുത്തുന്നതിനൊപ്പം നിയമപരമായ പരിരക്ഷയും നല്‍കുന്നതായിരുന്നു നിയമം. മദ്‌റസകളില്‍ അറബിക്, ഉറുദു, പേര്‍ഷ്യന്‍ തുടങ്ങിയ ഭാഷകളും ഇസ്‌ലാമിക പഠനങ്ങളും പാരമ്പര്യ വൈദ്യവും തത്വശാസ്ത്രവും പഠിപ്പിക്കണമെന്നും വ്യവസ്ഥയുണ്ടായിരുന്നു.

ഈ നിയമം ഭരണഘടനാവിരുദ്ധമാണെന്നാണ് 2024 ഏപ്രില്‍ അലഹാബാദ് ഹൈക്കോടതി വിധിച്ചത്. മതവിദ്യാഭ്യാസം നല്‍കുന്നതിന് സര്‍ക്കാര്‍ പിന്തുണ നല്‍കുന്നത് മതനിരപേക്ഷതക്ക് എതിരാണെന്നായിരുന്നു കണ്ടെത്തല്‍. ഈ വിധിയെ ചോദ്യം ചെയ്താണ് സുപ്രിംകോടതിയില്‍ അപ്പീലുകള്‍ എത്തിയത്. നേരത്തെ അപ്പീലുകള്‍ പരിഗണിച്ച സുപ്രിംകോടതി, ഹൈക്കോടതി വിധി സ്‌റ്റേ ചെയ്തിരുന്നു. പൂര്‍ണ്ണമായും സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതപഠനം പാടില്ലെന്നാണ് ഭരണഘടനയുടെ 28(1) പരിഛേദം പറയുന്നതെന്ന് അപ്പീല്‍ വാദികള്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ രോഹ്താഗി ചൂണ്ടിക്കാട്ടി. എന്നാല്‍, ഏതെങ്കിലും ട്രസ്‌റ്റോ സ്ഥാപനങ്ങളോ തുടങ്ങിയ, സര്‍ക്കാര്‍ നിയന്ത്രിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മതപഠനം നടത്താന്‍ അവകാശമുണ്ടെന്നാണ് 28(2) പരിഛേദം പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    

Similar News