ആലപ്പുഴയിലെ കാപികോ റിസോര്‍ട്ട് പൊളിച്ചു നീക്കണമെന്ന് സുപ്രിം കോടതി

കാപികോ റിസോര്‍ട്ട് പൊളിക്കണമെന്ന കേരള ഹൈക്കോടതി ഉത്തരവിനെതിരേ കാപികോ ഉടമകള്‍ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ്.

Update: 2020-01-10 06:15 GMT

ന്യൂഡല്‍ഹി: മരടിലെ ഫ്‌ലാറ്റുകള്‍ക്ക് പിന്നാലെ തീരദേശ പരിപാലന നിയമം ലംഘിച്ച് നിയമിച്ച വേമ്പനാട് തീരത്ത് സ്ഥിതി ചെയ്യുന്ന കാപികോ റിസോര്‍ട്ട് പൊളിച്ചു നീക്കണമെന്ന് സുപ്രിം കോടതി. കാപികോ റിസോര്‍ട്ട് പൊളിക്കണമെന്ന കേരള ഹൈക്കോടതി ഉത്തരവിനെതിരേ കാപികോ ഉടമകള്‍ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ്. മരടിലെ ഫഌറ്റുകള്‍ നാളെ പൊളിക്കാനിരിക്കെയാണ് കാപികോ റിസോര്‍ട്ടുമായി ബന്ധപ്പെട്ട സുപ്രധാന കോടതി വിധി പുറത്ത് വന്നത്.ഉടമകളുടെ ഹര്‍ജി തള്ളിക്കൊണ്ട് ജസ്റ്റിസ് വി രാമസുബ്രഹ്മണ്യമാണ് ഉത്തരവിറക്കിയത്. ജസ്റ്റിസ് റോഹിംഗ്യന്‍ നരിമാനും വി രാമസുബ്രഹ്മണ്യവും വിശദമായ വാദം കേട്ട ശേഷമാണ് വിധി പുറപ്പെടുവിച്ചത്.

മരടിലെ കെട്ടിടങ്ങളും കാപികോയും തീരദേശ പരിപാലന നിയമം ലംഘിച്ചാണ് പണിതത്. ജസ്റ്റിസ് കെ എസ് രാധാകൃഷ്ണന്‍ സുപ്രീം കോടതി ജഡ്ജിയായിരുന്ന കാലത്ത് വേമ്പനാട്ട് കായലിലെ കയ്യേറ്റങ്ങള്‍ സംബന്ധിച്ച് സ്വമേധയാ കേസെടുത്തിരുന്നു. അക്കാലത്ത് വനം പരിസ്ഥിതി മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടിയിരുന്നു. ആ റിപ്പോര്‍ട്ടിലാണ് കാപികോ, വാമികോ റിസോര്‍ട്ടുകളുടെ അനധികൃത നിര്‍മ്മാണത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുണ്ടായിരുന്നത്. ആലപ്പുഴ, എറണാകുളം തുടങ്ങിയ ജില്ലകളിലെ 18ഓളം കെട്ടിടങ്ങളുടെ നിയമലംഘനം സംബന്ധിച്ച് ഇതില്‍ പരാമര്‍ശങ്ങളുണ്ടായിരുന്നു. ഇതിന്റെ തുടര്‍നടപടിയാാണ് 2018ല്‍ കേരള ഹൈക്കോടതി കാപികോ വാമികോ റിസോര്‍ട്ടുകള്‍ പൊളിച്ചു നീക്കണമെന്ന് ഉത്തരവിട്ടത്. കാപികോ റിസോര്‍ട്ട് പൊളിക്കണമെന്നായിരുന്നു സംസ്ഥാന സര്‍ക്കാരും സംസ്ഥാന തീരദേശ പരിപാലന അതോറിറ്റിയും സ്വീകരിച്ച നിലപാട്.

വേമ്പനാട്ട് കായല്‍ അതി പരിസ്ഥിതി ദുര്‍ബല തീരദേശ മേഖലയാണെന്ന് 2011ലെ വിജ്ഞാപനത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. നെടിയന്തുരുത്തില്‍ പരാതിക്കാര്‍ നടത്തിയ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ കടുത്ത നിയമലംഘനവും പൊതുതാത്പര്യത്തിന് എതിരുമാണെന്നും സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

തീരദേശ നിയമം ലംഘിച്ച് മരടില്‍ നിര്‍മിച്ച നാല് ഫ്‌ളാറ്റുകള്‍ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ വിപുലമായ തയ്യാറെടുപ്പുകളോടെ സംസ്ഥാന സര്‍ക്കാര്‍ പൊളിച്ചു കളയാന്‍ ഒരുങ്ങുകയാണ്. ഇതിനുള്ള അവസാനവട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനിടെയാണ് മറ്റൊരു റിസോര്‍ട്ട് കൂടി പൊളിച്ചുകളയാനുള്ള വഴിയൊരുങ്ങുന്നത്.

Tags:    

Similar News