സ്‌കൂള്‍ ഉച്ചഭക്ഷണ ഫണ്ടില്‍ നിന്ന് കാര്‍ വാടക തുക കണ്ടെത്താനുള്ള നീക്കം പ്രതിഷേധാര്‍ഹം: എസ് ഡിപി ഐ
തിരുവനന്തപുരം: സ്‌കൂള്‍ ഉച്ചഭക്ഷണ വിതരണത്തിന് ഫണ്ട് കണ്ടെത്താനാവാതെ സ്‌കൂള്‍ അധികൃതര്‍ ബുദ്ധിമുട്ടുമ്പോള്‍ അതേ ഫണ്ടില്‍ നിന്ന് തുകയെടുത്ത് ഇലക്ട്രിക് കാറുകള്‍ വാടകയ്‌ക്കെടുക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ നീക്കം പ്രതിഷേധാര്‍ഹമാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി പി ആര്‍ സിയാദ്. ഉച്ചഭക്ഷണ ചെലവിനായി സര്‍ക്കാര്‍ നല്‍കുന്ന തുക വളരെ തുച്ഛമാണ്. അത് യഥാസമയം നല്‍കാറുമില്ല. കഴിഞ്ഞ അധ്യയന വര്‍ഷത്തെ ഉച്ചഭക്ഷണ ചെലവിന്റെ തുക കടമെടുത്തതു മൂലം പല പ്രധാനാധ്യാപകരും ഇന്നും കടക്കാരാണ്. പലരും പലവ്യഞ്ജന സാധനങ്ങളുള്‍പ്പെടെ വ്യാപാരശാലകളില്‍ നിന്നു കടം വാങ്ങിയതിന്റെ തുക നല്‍കിയിട്ടില്ല. മിക്ക സ്‌കൂളുകളിലും ഈ പ്രതിസന്ധി മറികടക്കാന്‍ മാനേജര്‍മാരും പിടിഎ കമ്മിറ്റികളും മുന്നിട്ടിറങ്ങി ചെലവിനാവശ്യമായ പണം സ്വരൂപിക്കേണ്ട സാഹചര്യവും വന്നു. കൂടാതെ ഈ കടഭാരം ഏറ്റെടുക്കാനാവാതെ പ്രധാനാധ്യാപകാരാവാന്‍ അവസരം ലഭിച്ചിട്ടും വിസമ്മതിക്കുന്ന സാഹചര്യം പോലും സംസ്ഥാനത്തുണ്ട്. ചില അധ്യാപകര്‍ പിഎഫ് ഫണ്ട് പോലും പിന്‍വലിച്ചാണ് കടം വീട്ടിയത്. ഇതിനിടെയാണ് വിദ്യാഭ്യാസ വകുപ്പ് സംസ്ഥാനത്തെ 14 വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍ക്കായി ഇലക്ട്രിക് കാറുകള്‍ വാടയ്‌ക്കെടുക്കുന്നതിന്റെ തുക ഉച്ചഭക്ഷണ ഫണ്ടില്‍ നിന്ന് കണ്ടെത്തണമെന്ന് നിര്‍ദേശിച്ചിരിക്കുന്നത്. കുട്ടികളെ പട്ടിണിയിലാക്കിയും ധൂര്‍ത്തിന് പണം കണ്ടെത്താനുള്ള സര്‍ക്കാര്‍ നീക്കം അധ്യാപകരോടും വിദ്യാര്‍ഥികളോടുമുള്ള ക്രൂരതയാണ്. കാര്‍ വാടക തുക ഉച്ചഭക്ഷണ ഫണ്ടില്‍ നിന്നു കണ്ടെത്താനുള്ള വിദ്യാഭ്യാസ വകുപ്പ് നീക്കം ഉപേക്ഷിക്കണമെന്നും പി ആര്‍ സിയാദ് ആവശ്യപ്പെട്ടു.