സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ബാഗിന്റെ ഭാരം കുറയ്ക്കല്‍: ഉത്തരവുകള്‍ എല്ലാ സ്‌കൂളുകളിലും നടപ്പാക്കണമെന്ന് ഹൈക്കോടതി
കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍, സിബിഎസ്ഇ, വിദ്യാഭ്യാസ അധികൃതര്‍ എന്നിവര്‍ പുറപ്പെടുവിച്ച ഉത്തരവുകള്‍ അതിന്റെ ശരിയായ അര്‍ഥത്തില്‍ നടപ്പാക്കുന്നുണ്ടെന്ന് അധികൃതര്‍ ഉറപ്പുവരുത്തണം. ഉത്തരവ് നടപ്പാകുന്നുണ്ടോയെന്ന് നോട്ടിസ് നല്‍കിയും നല്‍കാതെയും ഇടക്കിടെ പരിശോധന നടത്തണം. കുട്ടികള്‍ക്ക് ശാരീരിക, മാനസിക ബുദ്ധിമുട്ടുകളുണ്ടാകാതിരിക്കാനുള്ള നടപടികളുടെ ഭാഗമായാണ് ബാഗിന്റെ ഭാരം കുറക്കാന്‍ സര്‍ക്കുലറുകള്‍ പുറപ്പെടുവിച്ചതെങ്കിലും ഇവ നടപ്പാക്കുന്നില്ലെന്ന് വിലയിരുത്തിയാണ് ഡിവിഷന്‍ബെഞ്ചിന്റെ തീരുമാനം. ഒന്ന് മുതല്‍ എട്ട് വരെ ക്ലാസുകളിലുള്ളവര്‍ക്ക് കനം കുറഞ്ഞ പുസ്തകങ്ങള്‍ നടപ്പാക്കണം
കൊച്ചി: സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ബാഗിന്റെ ഭാരം കുറയ്ക്കാന്‍ സര്‍ക്കാറുകളും വിദ്യാഭ്യാസ ഏജന്‍സികളും പുറപ്പെടുവിച്ച ഉത്തരവുകള്‍ സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും നടപ്പാക്കണമെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി ഉത്തരവിട്ടു. സ്‌കൂള്‍ ബാഗിന്റെ അമിതഭാരം കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുമെന്നും ഇതു നിയന്ത്രിക്കണമെന്നുമാവശ്യപ്പെട്ട് എറണാകുളം എളംകുളം സ്വദേശി ഡോ. ജോണി സിറിയക് നല്‍കിയ ഹരജിയിലാണ് ഹൈക്കോടതിയുടെ തീരുമാനം.കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍, സിബിഎസ്ഇ, വിദ്യാഭ്യാസ അധികൃതര്‍ എന്നിവര്‍ പുറപ്പെടുവിച്ച ഉത്തരവുകള്‍ അതിന്റെ ശരിയായ അര്‍ഥത്തില്‍ നടപ്പാക്കുന്നുണ്ടെന്ന് അധികൃതര്‍ ഉറപ്പുവരുത്തണം. ഉത്തരവ് നടപ്പാകുന്നുണ്ടോയെന്ന് നോട്ടിസ് നല്‍കിയും നല്‍കാതെയും ഇടക്കിടെ പരിശോധന നടത്തണം. കുട്ടികള്‍ക്ക് ശാരീരിക, മാനസിക ബുദ്ധിമുട്ടുകളുണ്ടാകാതിരിക്കാനുള്ള നടപടികളുടെ ഭാഗമായാണ് ബാഗിന്റെ ഭാരം കുറക്കാന്‍ സര്‍ക്കുലറുകള്‍ പുറപ്പെടുവിച്ചതെങ്കിലും ഇവ നടപ്പാക്കുന്നില്ലെന്ന് വിലയിരുത്തിയാണ് ഡിവിഷന്‍ബെഞ്ചിന്റെ തീരുമാനം.
ഒന്ന് മുതല്‍ എട്ട് വരെ ക്ലാസുകളിലുള്ളവര്‍ക്ക് കനം കുറഞ്ഞ പുസ്തകങ്ങള്‍ നടപ്പാക്കണം,നിര്‍ദേശങ്ങള്‍ തെലുങ്കാന, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ ഈ നിര്‍ദേശങ്ങള്‍ ഫലപ്രദമായി നടപ്പാക്കിയതായി കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്.മികച്ച വിദ്യാഭ്യാസ സൗകര്യം ലഭിക്കുന്നതടക്കം കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് കോടതി വ്യക്തമാക്കി. അനാവശ്യ ഭാരം ചുമക്കേണ്ടി വരുന്നത് അവരുടെ വ്യക്തി സ്വാതന്ത്ര്യത്തേയും ജീവിതത്തേയും ബാധിക്കും. 14 വയസ് വരെയുള്ള കുട്ടികള്‍ക്ക് സ്വാതന്ത്ര്യത്തോടും സന്തോഷത്തോടും കൂടി വിദ്യാഭ്യാസം ഉറപ്പാക്കലാണ് വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ലക്ഷ്യം. സന്തോഷത്തോടെ സ്‌കൂളില്‍ പോകുന്ന കുട്ടികള്‍ സംതൃപ്തിയോടെയും മാനസിക,ശാരീരിക ആരോഗ്യത്തോടെയും മടങ്ങിയെത്തുന്നുവെന്ന് ഉറപ്പുവരുത്തണം.
പ്രായത്തിന് നിരക്കാത്ത ഭാരം അവര്‍ക്ക് മേല്‍ ചുമത്തരുതെന്ന് ഭരണഘടനയില്‍ പലയിടത്തും വ്യക്തമാക്കിയിട്ടുണ്ട്. ബാല്യവും കൗമാരവും ചൂഷണത്തിന് വിധേയമാകരുത്. അതിനാല്‍, പരമാവധി ഭാരം കുറയ്ക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാറിനും വിദ്യാഭ്യാസ ഏജന്‍സികള്‍ക്കുമുണ്ടെന്നും കോടതി പറഞ്ഞൂ.വിദ്യാര്‍ഥികളുടെ ബാഗിന്റെ ഭാരം കുറക്കുന്നതിന്റെ ഭാഗമായി സിബിഎസ്ഇയും സംസ്ഥാന സര്‍ക്കാറും പുറത്തിറക്കിയ സര്‍ക്കുലര്‍ നിലവിലുണ്ട്.മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദേശാനുസരണം പാഠപുസ്തകങ്ങള്‍ ഒന്നിലേറെ ഭാഗങ്ങളാക്കി മാറ്റി സംസ്ഥാന സര്‍ക്കാറും നടപടിയെടുത്തിരുന്നു.