ബാലികയെ ബലി നല്‍കാനൊരുങ്ങി അധ്യാപകന്‍; നാട്ടുകാര്‍ ഇടപെട്ടു രക്ഷപ്പെടുത്തി
ഗുവാഹത്തി: നരബലിക്കു തയ്യാറാക്കി നിര്‍ത്തിയ മൂന്നു വയസ്സുകാരിയെ ബലിപീഠത്തില്‍ നിന്നും നാട്ടുകാര്‍ രക്ഷപ്പെടുത്തി. അസമിലെ ഉദല്‍ഗുരി ജില്ലയില്‍ ഗനക്പാരാ ഗ്രാമത്തിലാണ് സംഭവം.
സ്‌കൂള്‍ അധ്യാപകനും കുടുംബവുമാണ് മൂന്നു വയസ്സായ പെണ്‍കുട്ടിയെ ബലി നല്‍കാന്‍ തയ്യാറായത്. വീട്ടിലെ പ്രശ്‌നങ്ങള്‍ക്കു പരിഹാരമായി മന്ത്രവാദിയുടെ നിര്‍ദേശപ്രകാരമാണ് അധ്യാപകനും കുടുംബവും ബാലികയെ ബലിക്കു തയ്യാറാക്കിയത്. അധ്യാപകന്റെ ഭാര്യാസഹോദരിയുടെ മകളാണ് ബാലിക. കുട്ടിയുടെ മാതാപിതാക്കളുടെ സാന്നിദ്ധ്യത്തിലായിരുന്നു മന്ത്രവാദ ചികില്‍സയും ബലിയൊരുക്കങ്ങളും.
അധ്യാപകന്റെ വീട്ടില്‍ നിന്നു പുകയും മന്ത്രോച്ചാരണങ്ങളും കേട്ടതിനെ തുടര്‍ന്നു നാട്ടുകാര്‍ കയറി പരിശോധിക്കുകയായിരുന്നു. ഇതോടെയാണ് ബലിക്കു തയ്യാറാക്കി നിര്‍ത്തിയ ബാലികയെയും വെട്ടാനൊരുങ്ങി വാളുമായി നില്‍ക്കുന്ന മന്ത്രവാദിയെയും കണ്ടത്. പരിപൂര്‍ണ വിവസ്ത്രരായി മന്ത്രോച്ചാരണങ്ങളോടെ കുടുംബാംഗങ്ങളും ചടങ്ങില്‍ പങ്കെടുക്കുന്നുണ്ടായിരുന്നു. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്നു പോലിസ് സ്ഥലത്തെത്തിയതോടെ അധ്യാപകനും കുടംബവും പോലിസിനും നാട്ടുകാര്‍ക്കും നേര്‍ക്ക് ആക്രമണമഴിച്ചുവിട്ടു. വീടിനു തീവച്ചും കുടുംബം പ്രതിരോധിച്ചു.
അക്രമത്തിനിടെ അധ്യാപകനും മകനും സ്ഥലത്തെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കും പൊള്ളലേറ്റു. എന്നാല്‍ പോലിസ് ആകാശത്തേക്കു അഞ്ച് റൗണ്ട് വെടിവെക്കുകയും ബലം പ്രയോഗിച്ചു ആള്‍ദൈവത്തെയും കുടുംബാംഗങ്ങളെയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.