എ‍സ്ഡിപിഐ നിരോധനം പ്രായോഗികമല്ല: കോടിയേരി ബാലകൃഷ്ണൻ

എസ്ഡിപിഐയെ നിരോധിക്കുന്നുണ്ടെങ്കിൽ ആർഎസ്എസിനെയും നിരോധിക്കേണ്ടതല്ലേ എന്നും കോടിയേരി ചോദിച്ചു

Update: 2022-04-19 12:49 GMT

തിരുവനന്തപുരം: എ‍സ്ഡിപിഐ നിരോധനം പ്രായോഗികമല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്ഡിപിഐയെ നിരോധിക്കുന്നുണ്ടെങ്കിൽ ആദ്യം ആർഎസ്എസിനെയും നിരോധിക്കേണ്ടതല്ലേ എന്നും കോടിയേരി ചോദിച്ചു.

ഇന്ത്യയിൽ നടന്ന ഏറ്റവും വലിയ കൊലപാതകം നടത്തിയത് ആർഎസ്എസ് ആണ്. ഗാന്ധിയെ കൊന്നത് ആർഎസ്എസ് ആണ്. രാജ്യത്ത് ഏറ്റവും വലിയ തീവ്രവാദ പ്രവർത്തനം നടത്തുന്നത് ആർഎസ്എസ് അല്ലേ?. നമ്മുടെ രാജ്യംകണ്ട ആദ്യത്തെ തീവ്രവാദ പ്രവർത്തനമല്ലേ ബാബരി മസ്ജിദിന്റെ ധ്വംസനം?... എന്ന് കോടിയേരി പറഞ്ഞു.

പാലക്കാട് കൊലപാതകങ്ങൾ ഗൗരവതരമാണെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. കേരളത്തിൽ വർഗീയ കലാപത്തിനുള്ള പരിശ്രമമാണ് നടക്കുന്നത്. നാട്ടില്‍ കലാപം സൃഷ്ടിച്ച് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനാണ് നീക്കം. മതസൗഹാർദ്ദ അന്തരീക്ഷം തകർക്കാനുള്ള ശ്രമമാണിത്. രണ്ട് കൂട്ടരും ഭീതി പരത്താൻ ശ്രമമാണ് നടത്തുന്നത്. മതത്തിൻ്റെ പേരിൽ ജനങ്ങളെ അണിനിരത്താനാണ് ശ്രമം. ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ ആശങ്ക പരത്താൻ ശ്രമമെന്ന് കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു. വർഗീയതക്കെതിരേ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

കൊലപാതകങ്ങളെ യുഡിഎഫ് അപലപിച്ചില്ലെന്നും തള്ളിപ്പെറഞ്ഞില്ലെന്നും കോടിയേരി കുറ്റപ്പെടുത്തി. സർക്കാരിനെ തള്ളി പറയാൻ ശ്രമിച്ചു. യുഡിഎഫ് സങ്കുചിത നിലപാടാണ് സ്വീകരിക്കുന്നതെന്നും കോടിയേരി പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് വർഗീയ കലാപമുണ്ടാക്കാനാണ് ആർഎസ്എസ് ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആര്‍എസ്എസിനും എസ്ഡിപിഐക്കുമെതിരേ ക്യാംപെയ്ൻ നടത്താനാണ് സിപിഎം തീരുമാനം. ഏപിൽ 25, 26 തീയതികളിലാണ് പ്രചാരണം നടത്തുക.

അതേസമയം കോടഞ്ചേരിയിലെ ലൗ ജിഹാദ് വിവാദത്തില്‍ തിരുവമ്പാടി മുൻ എംഎൽഎയും സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ ജോർജ് എം തോമസിനെ കോടിയേരി തള്ളി. ജോർജ് എം തോമസിനെതിരായ നടപടി കോഴിക്കോട് ജില്ലാ കമ്മിറ്റി തീരുമാനിക്കുമെന്ന് കോടിയേരി പറഞ്ഞു. 

Similar News