ഗുജറാത്തില്‍ പോലിസ് വേട്ടയാടുന്നതായി എസ് ഡിപിഐ

2018 മെയിലാണ് ഗുജറാത്തില്‍ എസ്ഡിപിഐ പ്രവര്‍ത്തനം ആരംഭിച്ചതെന്ന് സംസ്ഥാന സെക്രട്ടറി ഇഖ്‌റാമുദ്ദീന്‍ ഷെയ്ഖ് പറഞ്ഞു. ഗുജറാത്തില്‍ നിലവില്‍ 2000 ആക്ടീവ് അംഗങ്ങളാണ് ഉള്ളതെന്നും അതില്‍ 1500 പേരും അഹമ്മദാബാദിലാണെന്നും അദ്ദേഹം പറഞ്ഞു.

Update: 2020-08-29 04:22 GMT

അഹമ്മദാബാദ്: ബംഗളൂരു അക്രമസംഭവങ്ങള്‍ക്ക് ശേഷം ഗുജറാത്തില്‍ പാര്‍ട്ടി നേതാക്കളേയും പ്രവര്‍ത്തകരേയും പോലിസ് വേട്ടയാടുകയാണെന്ന് എസ്ഡിപിഐ നേതാക്കള്‍. അര്‍ദ്ധരാത്രിയില്‍ പോലും നേതാക്കളുടെ വീടുകളിലെത്തി പോലിസ് അകാരണമായ റെയ്ഡും അന്വേഷണവും നടത്തുകയാണെന്ന് എസ്ഡിപിഐ നേതാക്കള്‍ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

ബംഗളൂരു അക്രമത്തിന് ശേഷം പോലിസ് വേട്ട രൂക്ഷമായിരിക്കുകയാണ്. അഹമ്മദാബാദ് സിറ്റിയിലെ നേതാക്കളുടേയും പ്രവര്‍ത്തകരുടേയും വീടുകളിലും ഓഫിസുകളിലും പോലിസ് നിരന്തരം പരിശോധനക്കായി എത്തുന്നതായി എസ്ഡിപിഐ ഗുജറാത്ത് സംസ്ഥാന സെക്രട്ടറി ഇഖ്‌റാമുദ്ദീന്‍ ഷെയ്ഖ് പറഞ്ഞു. പുലര്‍ച്ചെ 1.30 ന് പോലും പോലിസ് പരിശോധനക്കായി എത്തുന്നു. പാര്‍ട്ടി പ്രവര്‍ത്തനം, പ്രവര്‍ത്തകരുടെ അംഗ സംഖ്യ തുടങ്ങിയ കാര്യങ്ങളാണ് അര്‍ദ്ധ രാത്രിയില്‍ വീടുകളില്‍ എത്തുന്ന ഐബി ഉദ്യോഗസ്ഥരും സ്‌പെഷ്യല്‍ ബ്രാഞ്ച് അംഗങ്ങളും അന്വേഷിക്കുന്നത്. പകല്‍ ഏത് സമയത്തും ലഭ്യമാക്കാവുന്ന അടിസ്ഥാന വിവരങ്ങളാണ് പോലിസ് അര്‍ദ്ധരാത്രിയില്‍ വീടുകളിലെത്തി അന്വേഷിക്കുന്നതെന്നും ഇഖ്‌റാമുദ്ദീന്‍ ഷെയ്ഖ് പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന എസ്ഡിപിഐ പൊതുജന നന്മക്കായാണ് നിലകൊള്ളുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഐബിയും ലോക്കല്‍ പോലിസും ലാല്‍ ദര്‍വാജയിലുള്ള തന്റെ ഓഫിസിലും വീട്ടിലും മൂന്ന് വട്ടം പരിശോനക്കായി എത്തിയെന്ന് ഗുല്‍ബര്‍ഗ സൊസൈറ്റി കൂട്ടക്കൊലയില്‍ നിന്ന് രക്ഷപ്പെട്ട ഫിറോസ് ഖാന്‍ പത്താന്‍ പറഞ്ഞു. ഫിറോസ് ഖാനും അനുയായികളും ഇക്കഴിഞ്ഞ മാര്‍ച്ച് ആദ്യത്തിലാണ് എസ്ഡിപിഐയില്‍ ചേര്‍ന്നത്. 'ഞങ്ങള്‍ എല്ലാവിഭാഗം ജനങ്ങള്‍ക്കും വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. ഈ നിരീക്ഷണം അനാവശ്യമാണ്'. ഫിറോസ് ഖാന്‍ പത്താന്‍ പറഞ്ഞു.

2018 മെയിലാണ് ഗുജറാത്തില്‍ എസ്ഡിപിഐ പ്രവര്‍ത്തനം ആരംഭിച്ചതെന്ന് സംസ്ഥാന സെക്രട്ടറി ഇഖ്‌റാമുദ്ദീന്‍ ഷെയ്ഖ് പറഞ്ഞു. ഗുജറാത്തില്‍ നിലവില്‍ 2000 ആക്ടീവ് അംഗങ്ങളാണ് ഉള്ളതെന്നും അതില്‍ 1500 പേരും അഹമ്മദാബാദിലാണെന്നും അദ്ദേഹം പറഞ്ഞു. അഹമ്മദാബാദാണ് ഇപ്പോള്‍ പ്രധാന പ്രവര്‍ത്തന മേഖല. അതേസമയം, സൂററ്റ്, ബറൂച്ച്, സബര്‍കന്ത, ബനസ്‌കന്ത, പാടന്‍, മെഹ്‌സാന ജില്ലകളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതായും മെംബര്‍ഷിപ്പ് കാംപയിന്‍ നടക്കുന്നതായും ഇഖ്‌റാമുദ്ദീന്‍ ഷെയ്ഖ് പറഞ്ഞു. 

Tags:    

Similar News