കെ എസ് ഷാന്‍ അനുസ്മരണ സമ്മേളനം ഞായറാഴ്ച ആലപ്പുഴ മണ്ണഞ്ചേരിയില്‍

Update: 2022-12-16 12:23 GMT

തിരുവനന്തപുരം: ആര്‍എസ്എസ്-ബിജെപി സംഘം വെട്ടിക്കൊലപ്പെടുത്തിയ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാന്‍ അനുസ്മരണ സമ്മേളനം ഡിസംബര്‍ 18 ഞായറാഴ്ച ആലപ്പുഴ മണ്ണഞ്ചേരിയില്‍ നടക്കുമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍. 'സംഘപരിവാര ഭീകരതയ്‌ക്കെതിരേ ഐക്യപ്പെടുക' എന്ന മുദ്രാവാക്യമുയര്‍ത്തി സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനം വൈകീട്ട് 4.30 ന് എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി അധ്യക്ഷത വഹിക്കും.

രാജ്യത്തിന്റെ ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാന്‍ വേണ്ടി പോരാടി എന്നതാണ് കെ എസ് ഷാനെ കൊലക്കത്തിക്കിരയാക്കാന്‍ സംഘപരിവാര ഭീകരരെ പ്രേരിപ്പിച്ചത്. രാജ്യത്തിന്റെ ബഹുസ്വരതയും അഖണ്ഡതയും തകര്‍ത്ത് ഏകശിലാ ധ്രുവ രാഷ്ട്ര നിര്‍മാണത്തിനായി പരിശ്രമിക്കുന്ന ഫാഷിസത്തിന് മാര്‍ഗതടസ്സം സൃഷ്ടിച്ചവരെയെല്ലാം കൊലചെയ്തും തടവിലാക്കിയുമാണ് കേന്ദ്ര സംഘപരിവാര സർക്കാർ മുന്നോട്ടു പോകുന്നത്. ധബോല്‍ക്കറും കല്‍ബുര്‍ഗിയും പന്‍സാരയും ഗൗരീ ലങ്കേഷും ഫാ. സ്റ്റാന്‍ സ്വാമിയുമെല്ലാം രക്തസാക്ഷികളാവേണ്ടി വന്നത് ഫാഷിസ്റ്റ് ഭീകരതയ്‌ക്കെതിരേ ശബ്ദിച്ചതിന്റെ പേരിലാണ്.

മനുഷ്യത്വ വിരുദ്ധമായ സംഘപരിവാര ഭീകരത രാജ്യത്തെ തകര്‍ക്കുമ്പോള്‍ ജനാധിപത്യ പോരാട്ടങ്ങള്‍ കൂടുതല്‍ ശക്തിപ്പെടേണ്ടതുണ്ട്. ഫാഷിസം ഏതെങ്കിലും മതത്തിന്റെയോ പാര്‍ട്ടിയുടെയോ ശത്രുവല്ല, രാജ്യത്തിന്റെ തന്നെ ശത്രുവാണ്. ദാരിദ്ര്യവും തൊഴിലില്ലായ്മയും സാമ്പത്തിക തകര്‍ച്ചയുമെല്ലാം നവഫാഷിസം സൃഷ്ടിച്ച കെടുതിയാണെന്ന് നാം തിരിച്ചറിയണം. ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടം ശക്തിപ്പെടുത്തുന്നതിനും ജനാധിപത്യ ഇന്ത്യയെ വീണ്ടെടുക്കുന്നതിനും യോജിച്ച മുന്നേറ്റത്തിന് ദേശസ്‌നേഹികള്‍ ഐക്യപ്പെട്ട് മുന്നോട്ടുവരണമെന്നും റോയ് അറയ്ക്കല്‍ അഭ്യര്‍ഥിച്ചു.

അനുസ്മരണ സമ്മേളനത്തില്‍ സംസ്ഥാന-ജില്ലാ നേതാക്കള്‍ സംബന്ധിക്കും.

Similar News