പാവറട്ടിയില്‍ ആര്‍എസ്എസ് കലാപ നീക്കം: താക്കീതായി എസ്ഡിപിഐ പ്രകടനം

Update: 2021-09-22 07:55 GMT

തൃശൂര്‍: കണ്ണൂര്‍ കണ്ണവം സലാഹുദ്ദീന്‍ വധത്തിലെ പ്രതികളുടെ നേതൃത്വത്തില്‍ പാവറട്ടിയില്‍ ആര്‍എസ്എസ് കലാപത്തിന് ഒരുങ്ങുന്നതായി എസ്ഡിപിഐ. പാവറട്ടി മേഖലയില്‍ സംഘര്‍ഷമുണ്ടാക്കാനുള്ള ആര്‍ എസ് എസ് നീക്കത്തിനെതിരെ കരുതിയിരിക്കണമെന്ന് ആവശ്യപ്പെട്ട് എസ്ഡിപിഐ പാവറട്ടി സെന്ററില്‍ പ്രകടനം നടത്തി. രാവിലെ 11ന് പാവറട്ടി സെന്ററില്‍ എസ്ഡിപിഐ പാവറട്ടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രകടനത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു.


2020ല്‍ കണ്ണൂരില്‍ എസ്ഡിപിഐ പ്രവര്‍ത്തകന്‍ സലാഹുദ്ദീനെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ അഞ്ച് ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പാവറട്ടിയില്‍ നിന്നും പിടിയിലായിരുന്നു. ഷിഹാബുദ്ദീന്‍ വധക്കേസിലെ പ്രതി ആര്‍എസ്എസ് പ്രവര്‍ത്തകന്‍ നവീനിന്റെ വീട്ടിലെത്തിയതായിരുന്നു സംഘം. കണ്ണൂര്‍ സ്വദേശികളായ പള്ളിയത്ത് ഞാലില്‍ വീട്ടില്‍ അമല്‍രാജ് (22), നടുകണ്ടി പറാമത്ത് വീട്ടില്‍ മിഥുന്‍ (22), പുളിയുള്ള പറമ്പത്ത് വീട്ടില്‍ പി പി മിഥുന്‍ (24), കരിപ്പള്ളിയില്‍ വീട്ടില്‍ യാദവ് (20), പാറമേല്‍ വീട്ടില്‍ അഭിജിത്ത് (22) എന്നിവരെയാണ് പാവറട്ടി പോലിസ് പിടികൂടിയത്. പാവറട്ടി എസ്എച്ച്ഒ എം കെ രമേഷ്, എസ്‌ഐ രതീഷ്, സിവില്‍ പോലിസ് ഓഫിസര്‍മാരായ സോമന്‍, രാജേഷ്, നിഷാദ് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. സിപിഎം തിരുനെല്ലൂര്‍ ബ്രാഞ്ച് അംഗമായിരിക്കെ 2015ല്‍ ആര്‍എസ്എസുകാര്‍ കൊലപ്പെടുത്തിയ ഷിഹാബുദ്ദീന്‍ വധക്കേസിലെ പ്രതിയായ നവീനിന്റെ കൂടെയാണ് ആര്‍എസ്എസ് സംഘം പാവറട്ടിയില്‍ എത്തിയത്. ഷിഹാബുദ്ദീന്‍ വധക്കേസില്‍ നിലവില്‍ പരോളില്‍ കഴിയുകയാണ് പാവറട്ടി സ്വദേശി നവീന്‍. വിളക്കട്ടുപാടം ഭാഗത്ത് കാറില്‍ സഞ്ചരിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് നടന്ന പരിശോധനയിലാണ് ഇവര്‍ അറസ്റ്റിലായതെന്ന് പോലിസ് പറയുന്നു.

എസ്ഡിപിഐ പ്രവര്‍ത്തകന്‍ കണ്ണവം സ്വദേശി സലാഹുദ്ദീനെ കൊലപ്പെടുത്തിയ സംഘം ഷിഹാബുദ്ദീന്‍ വധക്കേസിലെ പ്രതിയെ കാണാനെത്തിയത് ദുരൂഹമാണ്. ക്രിമിനല്‍ കേസ് പ്രതികളെ എത്തിച്ച് പാവറട്ടി മേഖലയില്‍ ആര്‍എസ്എസ് കലാപ നീക്കം നടത്തുകയാണെന്ന് എസ്ഡിപിഐ ആരോപിച്ചു. കണ്ണൂരില്‍ നിന്നുള്ള ആര്‍എസ്എസ് ക്രിമിനല്‍ സംഘം പാവറട്ടിയില്‍ എത്തിയതിനെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് എസ്ഡിപിഐ ആവശ്യപ്പെട്ടു.

Tags:    

Similar News