എസ് ഡിപിഐ രാജസ്ഥാന്‍ സംസ്ഥാന പ്രതിനിധി സമ്മേളനം സമാപിച്ചു; മുഹമ്മദ് റിസ്‌വാന്‍ ഖാന്‍ പ്രസിഡന്റ്, മുഹമ്മദ് യൂനുസ് അഗ്‌വാന്‍, മഹബൂബ് അലി ജനറല്‍ സെക്രട്ടറിമാര്‍
ജയ്പൂര്‍: എസ് ഡിപിഐ രാജസ്ഥാന്റെ ദ്വിദിന സംസ്ഥാന പ്രതിനിധി സമ്മേളനം ജയ്പൂരില്‍ സമാപിച്ചു. പരിപാടിക്ക് തുടക്കംകുറിച്ച് സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ രാജസ്ഥാന്‍ സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് റിസ്‌വാന്‍ ഖാന്‍ പതാക ഉയര്‍ത്തി. എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി സമ്മേളനത്തിന്റെ ആദ്യദിവസത്തെ ആദ്യ സെഷനെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
സമ്മേളനത്തിന്റെ രണ്ടാം ദിവസം നടന്ന സംസ്ഥാന എക്‌സിക്യൂട്ടീവ് തിരഞ്ഞെടുപ്പില്‍ എസ് ഡിപിഐ രാജസ്ഥാന്‍ ഘടകത്തിലെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. മുഹമ്മദ് റിസ്‌വാന്‍ ഖാനെ രാജസ്ഥാന്‍ സംസ്ഥാന പ്രസിഡന്റായി ഏകകണ്ഠമായി തിരഞ്ഞെടുത്തു. ഗുര്‍ജന്ത് സിങ്, അനീസ് അന്‍സാരി (സംസ്ഥാന വൈസ് പ്രസിഡന്റുമാര്‍), യൂനുസ് അഗ്‌വാന്‍, മെഹബൂബ് അലി (സംസ്ഥാന ജനറല്‍ സെക്രട്ടറിമാര്‍), മെഹറുന്നിസ, ഡോ.ഷഹ്ബുദ്ദീന്‍ ഖാന്‍, സാദിഖ് സറാഫ്, അബ്ദുല്‍ റസ്സാഖ് (സംസ്ഥാന സെക്രട്ടറിമാര്‍), അബ്ദുല്‍ ലത്തീഫ് (ട്രഷറര്‍), മെഹ്‌റുന്നിസ ഖാന്‍, ഫരീദ സയ്യിദ്, മെഹബൂബ് ഉസ്മാനി, മുര്‍ത്തുസ, മുബാരിക് മന്‍സൂരി, സക്കീര്‍ ഹുസൈന്‍, ജിഷാന്‍ അലി, സാഹിദ് മിര്‍സ, അബ്ദുല്‍ അസീസ്, ഖാസം ഖില്‍ജി, സാഗിര്‍ അഹമ്മദ് (എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍) എന്നിവരെ തിരഞ്ഞെടുത്തു.
രാജ്യത്ത് ഇത്തെ രാഷ്ട്രീയസാഹചര്യത്തില്‍ പാര്‍ട്ടിയുടെ പങ്ക് പ്രധാനമാണെന്ന് സമ്മേളനത്തില്‍ സംസാരിച്ച എം കെ ഫൈസി അഭിപ്രായപ്പെട്ടു. ഭയത്തിന്റെയും പട്ടിണിയുടെയും അന്തരീക്ഷമാണ് ഇന്ന് രാജ്യത്ത് നിലനില്‍ക്കുന്നത്. 'വിശപ്പില്‍നിന്നുള്ള മോചനം, ഭയത്തില്‍നിന്നുള്ള മോചനം' എന്ന മുദ്രാവാക്യമാണ് 12 വര്‍ഷം മുമ്പ് എസ് ഡിപിഐ വാഗ്ദാനം ചെയ്തിരുന്നത്. എന്നാല്‍, അധികാരത്തിലുള്ള ബിജെപി സര്‍ക്കാര്‍ തുടര്‍ച്ചയായി ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുകയാണ്. പ്രതിപക്ഷ പാര്‍ട്ടികള്‍ പോലും ബിജെപിയെ തുറന്നുകാട്ടാന്‍ രംഗത്തുവരുന്നില്ല.
ദലിതര്‍ക്കും മുസ്‌ലിംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കും മറ്റുള്ളവര്‍ക്കുമെതിരേ തുടര്‍ച്ചയായി ആക്രമണങ്ങള്‍ നടക്കുന്ന സംഭവങ്ങള്‍ രാജ്യത്ത് വര്‍ധിച്ചുവരികയാണ്. ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലും അടുത്തിടെ ത്രിപുര ഉള്‍പ്പെടെയുള്ള രാജ്യത്തിന്റെ മറ്റ് സംസ്ഥാനങ്ങളിലും വര്‍ഗീയ സംഭവങ്ങള്‍ കൂടിവരികയാണ്. ഇങ്ങനെ ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ പ്രത്യേക അജണ്ടപ്രകാരമാണ് പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഹാഥ്‌റസില്‍ ബലാല്‍സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ പെണ്‍കുട്ടിയെ വീട്ടുകാരുടെ സമ്മതമില്ലാതെ പോലിസ് ദഹിപ്പിക്കുകയും അന്ത്യകര്‍മങ്ങള്‍ നടത്തുകയും ചെയ്തു.
ഡല്‍ഹിയിലെ കലാപകാരികള്‍ പരസ്യമായി വിഹരിക്കുകയാണ്. ഇരകളെ ജയിലുകളില്‍ അടച്ചിരിക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുകയും സംസ്ഥാനത്തിന്റെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുകയും ചെയ്യുന്നു. അത് പുതിയ വിദ്യാഭ്യാസ നയത്തിന്റെ കാര്യമായാലും. ബിജെപി സര്‍ക്കാര്‍ തങ്ങളുടെ പരാജയങ്ങള്‍ മറച്ചുവയ്ക്കാനും മുസ്‌ലിംകള്‍ക്കെതിരേ വിദ്വേഷം പരത്താനും ഹിന്ദുക്കളെയും മുസ്‌ലിംകളെയും വേര്‍തിരിക്കുന്ന രാഷ്ട്രീയമാണ് മുന്നോട്ടുവയ്ക്കുന്നത്.
രാജ്യത്ത് ഭയരഹിതമായ ഒരു സമൂഹത്തെ സൃഷ്ടിക്കാന്‍ എസ് ഡിപിഐയ്ക്ക് മാത്രമേ കഴിയൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന പ്രസിഡന്റും സംസ്ഥാന ജനറല്‍ സെക്രട്ടറിമാരും സംസാരിച്ചു. രാജസ്ഥാനിലെ എല്ലാ ജില്ലകളിലും എസ്ഡിപിഐ എത്തേണ്ടതുണ്ടെന്നും ഇന്നത്തെ സാഹചര്യം കണക്കിലെടുത്ത് രാജസ്ഥാനില്‍ പാര്‍ട്ടി മൂന്നാം ഓപ്ഷനായി തിരഞ്ഞെടുക്കണമെന്നും ദേശീയ ജനറല്‍ സെക്രട്ടറി ഇല്യാസ് തുംബെ പറഞ്ഞു.