പരേഷ് മേസ്തയുടേത് മുങ്ങി മരണമെന്ന് സിബിഐ; ബിജെപിയുടെ 'ശവ' രാഷ്ട്രീയത്തിന് ഏറ്റ തിരിച്ചടിയെന്ന് എസ്ഡിപിഐ

2017ലാണ് പരേഷ് മേസ്ത അബദ്ധത്തില്‍ തടാകത്തില്‍ മുങ്ങി മരിച്ചത്. ബിജെപി നേതാക്കള്‍ ഇത് ഒരു അവസരമായി കണ്ട് മരണത്തെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുകയായിരുന്നു.മുസ്ലീങ്ങള്‍ നടത്തിയ കൊലപാതകമാണെന്ന് ആരോപിച്ച് എസ്ഡിപിഐ, പോപുലര്‍ ഫ്രണ്ട് സംഘടനകളെ ഇതിലേക്ക് വലിച്ചിഴക്കുകയും നിരവധി നിരപരാധികളായ മുസ്ലീം യുവാക്കളെ ജയിലിലടയ്ക്കുകയും ചെയ്തിരുന്നു.

Update: 2022-10-04 13:19 GMT

ബംഗളൂരു: പരേഷ് മേസ്തയുടെ മരണം ആകസ്മികമെന്ന് സിബിഐ വിശേഷിപ്പിച്ചതിന് പിന്നാലെ ബിജെപിയെ കടന്നാക്രമിച്ച് സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ). ബിജെപി ശവ രാഷ്ട്രീയം കളിക്കുകയാണെന്ന് എസ്ഡിപിഐ ആരോപിച്ചു. ബിജെപി മാപ്പ് പറയുകയും അധികാരത്തില്‍ നിന്ന് രാജിവെക്കുകയും ചെയ്യട്ടെയെന്ന് എസ്ഡിപിഐ കര്‍ണാടക സംസ്ഥാന പ്രസിഡന്റ് അബ്ദുള്‍ മജീദ് മൈസൂരു പറഞ്ഞു.

'മേസ്തയുടെ മരണത്തിന് തൊട്ടുപിന്നാലെ, ഇത് മുസ്ലീങ്ങള്‍ നടത്തിയ കൊലപാതകമായി ചിത്രീകരിച്ച് ബിജെപി വ്യാപക കലാപത്തിന് ശ്രമിക്കുകയും കര്‍ണാടക മുഴുവന്‍ ആക്രമണം അഴിച്ചുവിടുകയും പോലിസ് വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തിരുന്നു. അതിന് അവര്‍ രാജിവെക്കണം'-അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'ഏതു മരണവും സാധാരണയായി സഹതാപവും അനുകമ്പയുമാണ് ഉളവാക്കാറ്. എന്നാല്‍ കഴുകനെപ്പോലെ ശവശരീരങ്ങള്‍ക്കായി കാത്തിരിക്കുന്ന ഫാസിസ്റ്റ് ബിജെപി ഇതൊരു രാഷ്ട്രീയ അവസരമായാണ് കണ്ടത്'-അദ്ദേഹം പറഞ്ഞു.

2017ലാണ് പരേഷ് മേസ്ത അബദ്ധത്തില്‍ തടാകത്തില്‍ മുങ്ങി മരിച്ചത്. ബിജെപി നേതാക്കള്‍ ഇത് ഒരു അവസരമായി കണ്ട് മരണത്തെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുകയായിരുന്നു.മുസ്ലീങ്ങള്‍ നടത്തിയ കൊലപാതകമാണെന്ന് ആരോപിച്ച് എസ്ഡിപിഐ, പോപുലര്‍ ഫ്രണ്ട് സംഘടനകളെ ഇതിലേക്ക് വലിച്ചിഴക്കുകയും നിരവധി നിരപരാധികളായ മുസ്ലീം യുവാക്കളെ ജയിലിലടയ്ക്കുകയും ചെയ്തിരുന്നു. മരണവുമായി ബന്ധപ്പെട്ട് വലിയ തോതിലുള്ള വര്‍ഗീയ കലാപവും സംസ്ഥാനത്ത് അരങ്ങേറി. ബിജെപിയുടെ എല്ലാ നേതാക്കളും ഒരുമിച്ച് മുസ്ലീങ്ങള്‍ക്കെതിരെ വര്‍ഗീയ വിദ്വേഷ പ്രസംഗങ്ങള്‍ നടത്തുകയും സംസ്ഥാനത്തുടനീളം കലാപം ഉണ്ടാക്കാനും ശ്രമിച്ചതായി അദ്ദേഹം ആരോപിച്ചു.

2018ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി, രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ജനവികാരം ഇളക്കിവിടാന്‍ അമിത് ഷായെ ക്ഷണിച്ചു. ഇപ്പോള്‍ അതേ ബിജെപി സര്‍ക്കാരിന്റെ കീഴിലുള്ള അന്വേഷണ ഏജന്‍സിയായ സിബിഐ അപകട മരണമാണെന്ന് അന്തിമ റിപ്പോര്‍ട്ട് നല്‍കിയിരിക്കുകയാണ്. ആ പാര്‍ട്ടിക്ക് മാന്യതയുണ്ടെങ്കില്‍ ജനങ്ങള്‍ക്കിടയില്‍ വന്ന് അന്നത്തെ അക്രമങ്ങള്‍ക്ക് മറുപടി പറയണമെന്നും അബ്ദുല്‍ മജീദ് ആവശ്യപ്പെട്ടു.

ഹിന്ദു-മുസ്‌ലിം വിദ്വേഷം സൃഷ്ടിച്ച് അതിലൂടെ വര്‍ഗീയ മുതലെടുപ്പ് നടത്തി ബി.ജെ.പി എങ്ങനെ അധികാരം നേടുന്നു എന്നതിന്റെ ഒരു ഉദാഹരണം മാത്രമാണിത്. ഇത്തരം രാജ്യദ്രോഹപരമായ പദ്ധതികള്‍ സൃഷ്ടിക്കുന്ന ബിജെപി നാണവും മാനവും ബാക്കിയുണ്ടെങ്കില്‍ നിയമസഭ പിരിച്ചുവിട്ട് ജനങ്ങളുടെ മുമ്പില്‍ വന്ന് തിരഞ്ഞെടുപ്പിനെ നേരിടണമെന്നും അദ്ദേഹം പറഞ്ഞു.

ഇക്കാര്യത്തില്‍ കോണ്‍ഗ്രസിനേയും അദ്ദേഹം നിശിതമായി വിമര്‍ശിച്ചു. ഈ മരണവുമായി ബന്ധപ്പെട്ട് പോപുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടുവെന്നും അത് സംഭവിച്ചപ്പോള്‍ സിദ്ധരാമയ്യയും ഡി കെ ശിവകുമാര്‍ സ്വാഗതം ചെയ്‌തെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

എന്നാല്‍, മേസ്തയുടെ മരണത്തെ തുടര്‍ന്നുണ്ടായ കലാപത്തില്‍ സംസ്ഥാനം മുഴുവന്‍ കത്തിക്കുകയും ഐജിപിയുടെ കാര്‍ കത്തിക്കുകയും ചെയ്തപ്പോള്‍ അന്നത്തെ സംസ്ഥാന മുഖ്യമന്ത്രിയായിരുന്ന സിദ്ധരാമയ്യയും മന്ത്രിയായിരുന്ന ഡി കെ ശിവകുമാറും കലാപകാരികള്‍ക്കെതിരേ യുഎപിഎ ചുമത്താന്‍ തയ്യാറായില്ല. എന്തുകൊണ്ട് അത് ചെയ്തില്ല? കോണ്‍ഗ്രസും ബിജെപിയും തങ്ങളുടെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി മുസ്ലീങ്ങളുടെ വേദന ഉപയോഗിക്കുന്നു എന്നാണ് ഇതിനര്‍ത്ഥമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ജനങ്ങള്‍ ഇതെല്ലാം ശ്രദ്ധിക്കണമെന്നും അടുത്ത തിരഞ്ഞെടുപ്പില്‍ ഈ പാര്‍ട്ടികളെ ഒരു പാഠം പഠിപ്പിക്കണമെന്നും അബ്ദുല്‍ മജീദ് അഭ്യര്‍ഥിച്ചു.

Tags:    

Similar News