കല്‍പ്പറ്റ: വയനാട് കുറുക്കന്‍മൂലയിലെ ജനവാസ മേഖലയിലിറങ്ങിയ കടുവയെ പിടികൂടാന്‍ വ്യാപക തെരച്ചില്‍ തുടരുന്നു. 2 കുങ്കിയാനകളുടെയും നിരീക്ഷണ കാമറകളുടെയും സഹായത്തോടെയാണ് തെരച്ചില്‍. വനം വകുപ്പ് പുറത്തുവിട്ട കടുവയുടെ ചിത്രത്തില്‍ നിന്ന്, കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റതായി വ്യക്തമായിരുന്നു. മുറിവുകളുള്ള കടുവ കാട്ടില്‍ ഇര തേടാന്‍ കഴിയാതെ ജനവാസ മേഖലയില്‍ എത്തിയതെന്നാണ് നിഗമനം. ഇതുവരെ 15 വളര്‍ത്തുമൃഗങ്ങളെയാണ് കടുവ കൊന്നത്. വനം വകുപ്പിന്റെയും പോലിസിന്റെയും വന്‍ സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
കടുവാപ്പേടി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രദേശത്തെ സ്‌കൂള്‍ കുട്ടികള്‍ക്ക് സംരക്ഷണം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. സ്‌കൂളില്‍ പോകാന്‍ കുട്ടികള്‍ക്ക് പോലിസ് സംരക്ഷണം ഏര്‍പ്പെടുത്തും. പാല്‍ പത്ര വിതരണ സമയത്തും പോലിസും വനംവകുപ്പും സുരക്ഷയൊരുക്കും. കുറുക്കന്‍മൂലയില്‍ വൈദ്യുതി ബന്ധം തടസപ്പെടുത്തരുതെന്ന് കെഎസ്ഇബിക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
രാത്രി സമയത്ത് ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രദേശത്തെ കാട് കയറിക്കടക്കുന്ന സ്ഥലങ്ങള്‍ വെട്ടിതെളിക്കാന്‍ റവന്യു വകുപ്പിനോടും ആവശ്യപ്പെട്ടിട്ടുണ്ട്.