കണ്ണൂര്‍: സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ കൊവിഡ് രോഗം സ്ഥിരീകരിക്കുകയും ട്രിപ്പിള്‍ ലോക്ക് ഏര്‍പ്പെടുത്തുകയും ചെയ്ത കണ്ണൂര്‍ ജില്ലയ്ക്ക് ആശ്വാസത്തിന്റെ രണ്ടാംനാള്‍. സംസ്ഥാനത്ത് ഇന്ന് കൊവിഡ് രോഗം സ്ഥിരീകരിച്ച കാസര്‍കോട്ടാണ്. കണ്ണൂരില്‍ രണ്ടുദിവസമായി പുതിയ കൊറോണ പോസിറ്റീവ് കേസുകളൊന്നും റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. വ്യാഴാഴ്ചത്തെ പരിശോധനാ ഫലങ്ങളും നെഗറ്റീവായിരുന്നു. അതിനിടെ, കൊറോണ ബാധിച്ച് ചികില്‍സയിലായിരുന്ന മൂന്നുപേര്‍ കൂടി ഇന്ന് ആശുപത്രി വിട്ടു. അഞ്ചരക്കണ്ടിയിലെ പ്രത്യേക കൊവിഡ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന മൂന്നുപേരാണ് രോഗം ഭേദമായി ഇന്ന് ആശുപത്രി വിട്ടത്. ഇതോടെ ജില്ലയില്‍ കൊറോണ ഭേദമായവരുടെ എണ്ണം 54 ആയി.
ജില്ലയിലെ 111 കോവിഡ് പോസിറ്റീവ് കേസുകളില്‍ ബാക്കി 57 പേര്‍ വിവിധ ആശുപത്രികളില്‍ ചികില്‍സയിലാണ്. നിലവില്‍ 2542 പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 51 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ മൂന്നുപേരും ജില്ലാ ആശുപത്രിയില്‍ 21 പേരും കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ 32 പേരും വീടുകളില്‍ 2435 പേരുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതുവരെ 2668 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 2384 എണ്ണത്തിന്റെ ഫലം വന്നു. ഇതില്‍ 2221 എണ്ണം നെഗറ്റീവാണ്. 284 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.