രണ്ടാം ദിനവും ഗസയില്‍ ഇസ്രായേല്‍ നരനായാട്ട്; കൊല്ലപ്പെട്ടവരുടെ എണ്ണം 11 ആയി
വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് ഇസ്രായേല്‍ ബോംബാക്രമണം ആരംഭിച്ചതിനുശേഷം കൊല്ലപ്പെടുന്നവരുടെ എണ്ണം 11 ആയി. ഇതുവരെ 80ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പലരുടെയും നില ഗുരുതരമാണെന്ന് ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഗസാ സിറ്റി: ഉപരോധത്താല്‍ വീര്‍പ്പുമുട്ടുന്ന ഗസാ മുനമ്പില്‍ രണ്ടാം ദിനത്തിലും ഇസ്രായേല്‍ അധിനിവേശ സൈന്യത്തിന്റെ നരനായാട്ട്. ഖാന്‍ യൂനിസില്‍ ശനിയാഴ്ച രാവിലെ തമീം ഹിജാസി എന്ന ഫലസ്തീന്‍ യുവാവ് കൊല്ലപ്പെട്ടു. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് ഇസ്രായേല്‍ ബോംബാക്രമണം ആരംഭിച്ചതിനുശേഷം കൊല്ലപ്പെടുന്നവരുടെ എണ്ണം 11 ആയി. ഇതുവരെ 80ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പലരുടെയും നില ഗുരുതരമാണെന്ന് ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ രാത്രിയില്‍ ഉടനീളം ഉപരോധത്തിനു കീഴിലുള്ള മുനമ്പിലെ നിരവധി പ്രദേശങ്ങളില്‍ ഇസ്രായേലി ജെറ്റുകള്‍ ബോംബാക്രമണം തുടര്‍ന്നു. അതേസമയം, ഫലസ്തീന്‍ വിമോചന പോരാളികള്‍ ശക്തമായ പ്രത്യാക്രമണം നടത്തുന്നുണ്ട്. തെക്കന്‍ ഇസ്രായേലി നഗരങ്ങളില്‍ തുടര്‍ച്ചയായി സൈറണ്‍ മുഴങ്ങിയതായി പ്രദേശവാസികളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. തെക്കന്‍ എഷ്‌കോള്‍ റീജിയണല്‍ കൗണ്‍സില്‍ പ്രദേശത്ത് റോക്കറ്റ് പതിച്ചതിനെ തുടര്‍ന്ന് ഒരു ഇസ്രായേലിക്ക് നിസ്സാര പരിക്കേറ്റു.
അതേസമയം, അധിനിവേശ വെസ്റ്റ് ബാങ്കിലെ റാമല്ലയ്ക്കും ഹെബ്രോണിനും സമീപമുള്ള ഫലസ്തീന്‍ പട്ടണങ്ങളില്‍ ഇസ്രായേല്‍ സൈന്യം രാത്രി റെയ്ഡ് നടത്തി 20 പേരെ അറസ്റ്റ് ചെയ്തു.
കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ നടന്ന യുദ്ധത്തിന് ശേഷം നടന്ന ഏറ്റവും ഗുരുതരമായ അക്രമമാണ് വെള്ളിയാഴ്ച മുതല്‍ ഇസ്രായേല്‍ അഴിച്ചുവിടുന്നത്. അതേസമയം, ഈജിപ്ത് മധ്യസ്ഥ ശ്രമങ്ങളുമായി മുന്നോട്ട് വന്നിട്ടുണ്ട്. വെള്ളിയാഴ്ച വൈകീട്ട് ഈജിപ്ഷ്യന്‍ മധ്യസ്ഥര്‍ ഗാസയിലെ ഇസ്രായേല്‍ ഫലസ്തീന്‍ ഗ്രൂപ്പുകളുമായി ബന്ധപ്പെട്ടിരുന്നു. ആക്രമണം ഉടന്‍ അവസാനിപ്പിക്കാന്‍ ശ്രമം നടത്തിവരികയാണെന്ന് ഈജിപ്ഷ്യന്‍ അധികൃതരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇസ്രായേല്‍ ചര്‍ച്ചകളൊന്നും നടത്തുന്നില്ലെന്നും ഓപ്പറേഷന്‍ ഒരാഴ്ച നീണ്ടുനില്‍ക്കാന്‍ തയ്യാറെടുക്കുകയാണെന്നും ഇസ്രായേല്‍ സൈന്യത്തിന്റെ വക്താവ് റാന്‍ കൊച്ചാവ് പറഞ്ഞു. സന്ധി ചര്‍ച്ചകളോട് ഫലസ്തീന്‍ വിമോചന പ്രസ്ഥാനമായ ഫലസ്തീന്‍ ഇസ്ലാമിക് ജിഹാദും പുറംതിരിഞ്ഞുനില്‍ക്കുകയാണ്.ഇസ്രായേല്‍ ആക്രമണത്തില്‍ ഇന്നലെ കൊല്ലപ്പെട്ട അഞ്ചു വയസ്സുകാരി അലാ ഖാദൂം
തല്‍ക്കാലം ശാന്തതയെക്കുറിച്ചോ മധ്യസ്ഥതയെക്കുറിച്ചോ ഒന്നും സംസാരിച്ചിട്ടില്ലെന്ന് ഇസ്ലാമിക് ജിഹാദ് പ്രസ്ഥാനത്തിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. സ്ഥിതിഗതികള്‍ വഷളായിക്കൊണ്ടിരിക്കുകയാണെന്ന് പ്രാദേശിക ഫലസ്തീന്‍ വാര്‍ത്താ ഏജന്‍സിയെ ഉദ്ധരിച്ച് പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥന്‍ പറഞ്ഞു.
അതിനിടെ, അധിനിവേശ വെസ്റ്റ് ബാങ്കിലും ജറുസലേമിലും ഇസ്രായേലിനുള്ളിലും ഉള്ള ഫലസ്തീനികള്‍ ഇസ്രായേല്‍ ആക്രമണത്തിനെതിരെ പ്രകടനങ്ങള്‍ നടത്താനുള്ള ഒരുക്കത്തിലാണ്.ഹൈഫ, ഉമ്മുല്‍ ഫാം, ജറുസലേം, റാമല്ല, മറ്റ് വെസ്റ്റ് ബാങ്ക് നഗരങ്ങളില്‍ പ്രതിഷേധം പ്രതീക്ഷിക്കുന്നു.
വെള്ളിയാഴ്ച ഇസ്രായേല്‍ ഗസയില്‍ തുടര്‍ച്ചയായി നടത്തിയ വ്യോമാക്രമണത്തിലും പീരങ്കി ആക്രമണത്തിലും അഞ്ച് വയസ്സുകാരി ഉള്‍പ്പെടെ 10 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, സെന്‍ട്രല്‍ ഗാസയിലെ റെസിഡന്‍ഷ്യല്‍ കെട്ടിടത്തിന് നേരെയുണ്ടായ വ്യോമാക്രമണത്തില്‍ 75 പേര്‍ക്ക് പരിക്കേറ്റു.
ആക്രമണത്തിന്റെ സമയവും പെരുമാറ്റവും വിചിത്രമാണെന്ന് ഫലസ്തീന്‍, ഇസ്രായേലി വിശകലന വിദഗ്ധര്‍ പറഞ്ഞു. ഇസ്‌ലാമിക് ജിഹാദ് ഗ്രൂപ്പിലെ മുതിര്‍ന്ന അംഗമായ ബസ്സാം എല്‍സാദിയെ ഈ ആഴ്ച ആദ്യം അധിനിവേശ വെസ്റ്റ് ബാങ്ക് നഗരമായ ജെനിനില്‍ വെച്ച് ഇസ്രായേല്‍ അറസ്റ്റ് ചെയ്തിരുന്നു.
ഇസ്‌ലാമിക് ജിഹാദില്‍ നിന്ന് പ്രതികരണമൊന്നും ഉണ്ടാവാത്തതിനെതുടര്‍ന്ന് സംഘടന ആക്രമിക്കാന്‍ പദ്ധതിയിടുകയാണെന്ന ഊഹാപോഹത്തിന്റെ അടിസ്ഥാനത്തില്‍ ഗ്രൂപ്പിലെ ഒരു ഉന്നത അംഗം ഉള്‍പ്പെടെയുള്ള ഫലസ്തീനികളെ കൊന്നൊടുക്കാന്‍ ഇസ്രായേല്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നു.
2021ലെ 11 ദിവസത്തെ അധിനിവേശത്തില്‍ 66 കുട്ടികളടക്കം 256 ഫലസ്തീനികളെ ഇസ്രായേല്‍ സൈന്യം വധിച്ചിരുന്നു. ഇസ്രായേലില്‍ രണ്ട് കുട്ടികളടക്കം 13 പേര്‍ ഫലസ്തീനികളുടെ പ്രത്യാക്രമണത്തില്‍ കൊല്ലപ്പെട്ടു.