181 പ്രവാസികളുമായി ദുബയില്‍ നിന്നുള്ള രണ്ടാം വിമാനവും കണ്ണൂരിലിറങ്ങി

Update: 2020-05-17 17:24 GMT

മട്ടന്നൂര്‍: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ദുബയില്‍ നിന്നുള്ള രണ്ടാമത്തെ വിമാനം കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങി. ഇന്നലെ രാത്രി ഒമ്പതോടെ ഇറങ്ങിയ എയര്‍ ഇന്ത്യ എക്പ്രസ് വിമാനത്തില്‍ നാല് കൈക്കുഞ്ഞുങ്ങളുള്‍പ്പെടെ 181 യാത്രക്കാരാണുണ്ടായിരുന്നത്. ജില്ലയിലെ കൊറോണ കെയര്‍ സെന്ററുകളിലും മറ്റു ജില്ലകളിലും പോവേണ്ടവരെ പ്രത്യേക വാഹനങ്ങളിലാണ് യാത്രയാക്കിയത്. ഓരോ ജില്ലകളിലേക്കുമുള്ളവര്‍ക്കായി പ്രത്യേകം കെഎസ്ആര്‍ടിസി ബസ്സുകള്‍ സജ്ജമാക്കിയിരുന്നു.

    കണ്ണൂര്‍ സ്വദേശികളെ അഞ്ച് ബസ്സുകളിലും കാസര്‍കോട് സ്വദേശികളെ രണ്ട് ബസ്സുകളിലും കോഴിക്കോട്, മാഹി സ്വദേശികളെ ഒരു ബസ്സിലുമായാണ് യാത്ര അയച്ചത്. ഗര്‍ഭിണികള്‍, അവരുടെ പങ്കാളികള്‍, 14 വയസ്സിനു താഴെയുള്ള കുട്ടികള്‍, 75നു മുകളില്‍ പ്രായമുള്ളവര്‍ തുടങ്ങിയവരെ സ്വന്തം വാഹനങ്ങളിലും എയര്‍പോര്‍ട്ടിലെ പ്രീപെയ്ഡ് ടാക്‌സികളിലുമായി വീടുകളിലേക്ക് വിട്ടു.

    സാമൂഹിക അകലം പാലിച്ച് 20 പേരടങ്ങുന്ന സംഘങ്ങളായാണ് യാത്രക്കാരെ വിമാനത്തില്‍ നിന്ന് പുറത്തിറക്കിയത്. എയറോഡ്രോമില്‍ നിന്ന് പുറത്തിറങ്ങുന്ന സ്ഥലത്ത് തന്നെ ഇതിനായി ആരോഗ്യ വകുപ്പിന്റെ അഞ്ച് പ്രത്യേക കൗണ്ടറുകള്‍ സജ്ജമാക്കിയിരുന്നു. ഇവിടെവച്ച് ഓരോരുത്തരെയും ആരോഗ്യ പരിശോധന നടത്തി. യാത്രക്കാരുടെ ക്വാറന്റൈന്‍ ഉറപ്പുവരുത്താനായുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിന് 10 ഡാറ്റാ എന്‍ട്രി കൗണ്ടറുകളും ഇവിടെ ഒരുക്കിയിരുന്നു.




Tags:    

Similar News