മോദിയുടെ പഞ്ചാബ് സന്ദര്‍ശനത്തിനിടെ സുരക്ഷാ വീഴ്ച; അന്വേഷണത്തിന് മൂന്നംഗ സംഘത്തെ നിയോഗിച്ച് കേന്ദ്രം
കാബിനറ്റ് സെക്രട്ടറിയേറ്റിലെ സെക്രട്ടറി (സെക്യൂരിറ്റി) സുധീര്‍കുമാര്‍ സക്‌സേനയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക.
ന്യൂഡല്‍ഹി: പഞ്ചാബിലെ ഫിറോസ്പുരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ (ജങ ചമൃലിറൃമ ങീറശ) സന്ദര്‍ശനത്തിനിടെയുണ്ടായ സുരക്ഷ വീഴ്ച അന്വേഷിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം മൂന്നംഗ സമിതി രൂപീകരിച്ചു. കാബിനറ്റ് സെക്രട്ടറിയേറ്റിലെ സെക്രട്ടറി (സെക്യൂരിറ്റി) സുധീര്‍കുമാര്‍ സക്‌സേനയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക.
ഐബി ജോ. ഡയറക്ടര്‍ ബല്‍ബീര്‍ സിങ്, എസ്പിജി ഐജി എസ് സുരേഷ് എന്നിവരാണ് സമതിയിലെ മറ്റ് അംഗങ്ങള്‍. എത്രയും വേഗത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കി സര്‍ക്കാറിന് സമര്‍പ്പിക്കാനാണ് നിര്‍ദേശം.
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രചാരണപരിപാടികള്‍ക്കായി പഞ്ചാബില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നേരെയാണ് പ്രതിഷേധമുണ്ടായത്. ഹുസൈന്‍വാലയിലെ ദേശീയ രക്തസാക്ഷി സ്മാരകത്തിലേക്കുള്ള യാത്രയ്ക്കിടെയാണ് പ്രതിഷേധമുണ്ടായത്. ഇതോടെ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം 20 മിനിറ്റ് വരെ ഒരു ഫ്‌ലൈ ഓവറില്‍ കുടുങ്ങുകയായിരുന്നു.
വന്‍സുരക്ഷാ വീഴ്ചയാണ് പഞ്ചാബ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ആരോപിക്കുന്നു. പഞ്ചാബ് സര്‍ക്കാര്‍ മനഃപൂര്‍വം പ്രധാനമന്ത്രിയുടെ ഒരു പരിപാടി അലങ്കോലമാക്കാന്‍ ശ്രമിച്ചുവെന്നാണ് ബിജെപി ദേശീയാധ്യക്ഷന്‍ ജെ പി നദ്ദയുടെ ആരോപണം. എന്നാല്‍ ഹെലികോപ്റ്റര്‍ മാര്‍ഗം യാത്ര ചെയ്യേണ്ടിയിരുന്ന പ്രധാനമന്ത്രി അവസാനനിമിഷം റോഡ് മാര്‍ഗം യാത്ര ചെയ്യാന്‍ തീരുമാനിച്ചതിനാലാണ് ആശയക്കുഴപ്പമുണ്ടായതെന്നാണ് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നിയുടെ വിശദീകരണം.