പ്രധാനമന്ത്രി വഴിയില്‍ കുടുങ്ങിയ സംഭവം: ഇന്ന് കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കിയേക്കും

പ്രധാനമന്ത്രിയുടെ യാത്ര റോഡ് മാര്‍ഗ്ഗമാക്കാന്‍ പെട്ടെന്ന് തീരുമാനമെടുത്തു എന്നാണ് സംസ്ഥാനത്തിന്റെ വിശദീകരണം. എസ്പിജിയും സംഭവത്തില്‍ റിപ്പോര്‍ട്ട് തയ്യാറാക്കുന്നുണ്ട്.

Update: 2022-01-06 00:56 GMT

അമൃത്സര്‍: പഞ്ചാബ് സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി 20 മിനിറ്റോളം വഴിയില്‍ കുടങ്ങിയ സംഭവത്തില്‍ പഞ്ചാബ് സര്‍ക്കാര്‍ ഇന്ന് കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കിയേക്കും. കര്‍ഷകരുടെ പ്രതിഷേധം കാരണം പ്രധാനമന്ത്രിയുടെ വാഹനം വഴിയില്‍ കിടന്ന സംഭവത്തില്‍ ആഭ്യന്തര മന്ത്രാലയം സംസ്ഥാനത്തോട് റിപ്പോര്‍ട്ട് തേടിയിരുന്നു. സുരക്ഷ വീഴ്ച ഇല്ലെന്നാണ് മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഗ് ചന്നി വ്യക്തമാക്കിയത്. പ്രധാനമന്ത്രിയുടെ യാത്ര റോഡ് മാര്‍ഗ്ഗമാക്കാന്‍ പെട്ടെന്ന് തീരുമാനമെടുത്തു എന്നാണ് സംസ്ഥാനത്തിന്റെ വിശദീകരണം. എസ്പിജിയും സംഭവത്തില്‍ റിപ്പോര്‍ട്ട് തയ്യാറാക്കുന്നുണ്ട്.

സംഭവത്തില്‍ ബിജെപിക്കും കോണ്‍ഗ്രസിനുമിടയില്‍ രാഷ്ട്രീയ ആരോപണപ്രത്യാരോപണം തുടരുകയാണ്. 'പ്രതിഷേധക്കാര്‍ കുത്തിയിരുന്നതിനെ തുടര്‍ന്ന് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞു. പ്രതിഷേധമുണ്ടാകാന്‍ കുറഞ്ഞത് 10 മുതല്‍ 20 മിനിറ്റ് വരെ എടുക്കും. പ്രധാനമന്ത്രിയെ ഇക്കാര്യം അറിയിക്കുകയും മറ്റൊരു വഴിയിലൂടെ പോകാമെന്ന് അറിയിക്കുകയും ചെയ്തു. പക്ഷേ അദ്ദേഹം തിരിച്ചുപോകാനാണ് തീരുമാനിച്ചത്. ഒരുതരത്തിലുള്ള സുരക്ഷാ വീഴ്ചയും ഉണ്ടായിട്ടില്ലെന്നും ആക്രമണത്തിന്റെ സാഹചര്യം ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അതേസമയം, കര്‍ഷക രോഷത്തെ തുടര്‍ന്ന് പഞ്ചാബിലെ ഫ്‌ളൈ ഓവറില്‍ 20 മിനിറ്റ് കുടുങ്ങിയ സംഭവത്തില്‍ കടുത്ത രോഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ളത്. ഉദ്യോഗസ്ഥരോട് അതൃപ്തി പ്രകടിപ്പിച്ച മോദി, ജീവനോടെ തിരികെ എത്തിയതിന് മുഖ്യമന്ത്രിക്ക് നന്ദി അറിയിക്കണമെന്ന് പറഞ്ഞു. ഭട്ടിന്‍ഡ വിമാനത്താവളത്തില്‍ തിരികെ എത്തിയപ്പോഴാണ് മോദി ഇങ്ങനെ പറഞ്ഞത്. ''നന്ദി മുഖ്യമന്ത്രി. ഞാന്‍ ഭാട്ടിന്‍ഡ വിമാനത്താവളത്തില്‍ ജീവനോടെ തിരിച്ചെത്തി'' അദ്ദേഹം വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരോട് പറഞ്ഞു.

പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞത് ബികെയു ക്രാന്തികാരി (ഫൂല്‍) എന്ന സംഘടന ആണെന്ന് വ്യക്തമായി.റാലിക്കു പോകുകയായിരുന്ന ബിജെപി പ്രവര്‍ത്തകര്‍ക്കെതിരായിരുന്നു പ്രതിഷേധമെന്ന് സംഘടന വ്യക്തമാക്കി. പ്രധാനമന്ത്രി റോഡ്മാര്‍ഗ്ഗം വരുന്നത് അറിഞ്ഞത് അവസാന നിമിഷമെന്നും സംഘടന അറിയിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രചാരണപരിപാടികള്‍ക്കായി പഞ്ചാബില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നേരെയാണ് പ്രതിഷേധമുണ്ടായത്. ഹുസൈന്‍വാലയിലെ ദേശീയ രക്തസാക്ഷി സ്മാരകത്തിലേക്കുള്ള യാത്രയ്ക്കിടെയാണ് പ്രതിഷേധമുണ്ടായത്. ഇതോടെ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം 20 മിനിറ്റ് വരെ ഒരു ഫ്‌ലൈ ഓവറില്‍ കുടുങ്ങി. വന്‍സുരക്ഷാ വീഴ്ചയാണ് പഞ്ചാബ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ആരോപണം. പഞ്ചാബ് സര്‍ക്കാര്‍ മനഃപൂര്‍വം പ്രധാനമന്ത്രിയുടെ ഒരു പരിപാടി അലങ്കോലമാക്കാന്‍ ശ്രമിച്ചുവെന്നാണ് ബിജെപി ദേശീയാധ്യക്ഷന്‍ ജെ പി നദ്ദയുടെ ആരോപണം.

Tags:    

Similar News