വന്‍ സുരക്ഷാ വീഴ്ച; നിരവധി കപ്പലുകള്‍ എത്തുന്ന വിഴിഞ്ഞം തുറമുഖത്ത് പരിശോധനയ്ക്ക് ഒരു ടഗ് മാത്രം

ഇന്നത്തെ മാത്രം വരുമാനം 10 ലക്ഷത്തോളം രൂപയാണെങ്കിലും ഇത്രയും വലിയ ഓപറേഷന്‍ നടത്തുവാന്‍ കേരളാ മാരിടൈം ബോര്‍ഡിനുള്ളത് ധ്വനി എന്ന ഒറ്റ ടഗ് മാത്രമാണ്.

Update: 2021-07-24 07:52 GMT

കൊച്ചി: വിഴിഞ്ഞം തുറമുഖത്ത് ക്രൂ ചെയ്ഞ്ചിനായി ഇന്ന് മാത്രം എത്തിയത് ഒമ്പത് കൂറ്റന്‍ ചരക്കു കപ്പലുകളാണ്. 90 പേര്‍ കപ്പലുകളില്‍ നിന്നും കരയിലേക്കും 101 പേര്‍ തിരിച്ചുകപ്പലുകളിലേക്കും പോകും. 90 പേരില്‍ രണ്ടു പേര്‍ വിദേശികളാണ്. ഇന്നത്തെ മാത്രം വരുമാനം 10 ലക്ഷത്തോളം രൂപയാണെങ്കിലും ഇത്രയും വലിയ ഓപറേഷന്‍ നടത്തുവാന്‍ കേരളാ മാരിടൈം ബോര്‍ഡിനുള്ളത് ധ്വനി എന്ന ഒറ്റ ടഗ് മാത്രമാണ്. രാജ്യാന്തര സമുദ്രാതിര്‍ത്തി കടന്ന് ഇവിടെ വരുന്ന കപ്പല്‍ ജീവനക്കാരെ മതിയായ പരിശോധനകള്‍ ഇല്ലാതെയാണ് കടത്തിവിടുന്നതെന്ന ആരോപണം ശക്തമാണ്.

ഇമിഗ്രേഷന്‍, കസ്റ്റംസ്, വകുപ്പ് അധികൃതര്‍ തുറമുഖത്തുണ്ടെങ്കിലും പരിശോധനകള്‍ പേപ്പറില്‍ മാത്രം. ഒരു മെറ്റല്‍ ഡിക്ടകര്‍ പോലും നിലവില്‍ വിഴിഞ്ഞത്ത് ഇല്ല. പലപ്പോഴും തുറമുഖ വാര്‍ഫില്‍ കാര്യങ്ങള്‍ നിശ്ചയിക്കുന്നത് പുറത്തു നിന്നുള്ള ഏജന്‍സികളാണ്. അതീവ സുരക്ഷാ മേഖലയാണെങ്കിലും യാതൊരു സുരക്ഷ ക്രമീകരണങ്ങളും ഇവിടെയില്ല. പോലfസോ മറ്റു സേനകളോ സുരക്ഷ നല്‍കേണ്ട തുറമുഖ വാര്‍ഫിന്റെ സുരക്ഷാ ചുമതല ഒരു സ്വകാര്യ ഏജന്‍സിക്കാണ്. അനന്തസാധ്യതകളുള്ള വിഴിഞ്ഞം തുറമുഖത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തുടക്കത്തിലേ പാളിപോകുന്നത് നല്ല സൂചനയല്ല നല്‍കുന്നത്.

പല രാജ്യങ്ങളിലും സഞ്ചരിച്ച് ഇവിടെയെത്തുന്ന കപ്പല്‍ ജീവനക്കാര്‍ക്ക് മതിയായ പരിശോധനയില്ലാതെ തന്നെ വാര്‍ഫില്‍ നിന്നും പുറത്തു കടക്കാം. ശക്തമായ സുരക്ഷാ പരിശോധനകള്‍ നിലവിലുള്ള വിമാനത്താവളം വഴി പോലും കോടികണക്കിന് രൂപയുടെ സ്വര്‍ണവും മയക്കുമരുന്നും കടത്തുന്ന സാഹചര്യത്തിലാണ് വിഴിഞ്ഞത്ത് ഇത്തരത്തില്‍ ക്രൂചേഞ്ച് നടക്കുന്നത്. കപ്പലുകള്‍ക്ക് ക്രൂചേഞ്ച് നടത്തുവാനുള്ള അനുമതിക്ക് പല വകുപ്പുകളിലും രേഖകള്‍ സമര്‍പ്പിക്കേണ്ടതുണ്ട്. എന്നാല്‍ ചിലര്‍ക്ക് മതിയായ രേഖകള്‍ ഇല്ലാതെ വരുമ്പോള്‍ പോര്‍ട്ട് അധികൃതര്‍ തന്നെ പിന്‍വാതിലിലൂടെ രേഖകള്‍ ശരിയാക്കി നല്‍കാറുണ്ടെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്.

Tags:    

Similar News