ഐഷ സുല്‍ത്താനയ്‌ക്കെതിരായ രാജ്യദ്രോഹക്കേസ്; ലക്ഷദ്വീപ് ബിജെപിയില്‍ കൂട്ടരാജി

ലക്ഷദ്വീപ് ബിജെപി സംസ്ഥാന സെക്രട്ടറി അബ്ദുല്‍ ഹമീദ് അടക്കം ഐഷ സുല്‍ത്താനയുടെ ജന്‍മനാടായ ചെത്ത്‌ലാത്ത് ദ്വീപില്‍നിന്നുള്ള പ്രവര്‍ത്തകരാണ് രാജിവച്ചത്. വഖഫ് ബോര്‍ഡംഗം ഉമ്മുല്‍ കുലുസ്, ഖാദി ബോര്‍ഡംഗം സൈഫുല്ല പക്കിയോട, ജാബിര്‍ സാലിഹത്ത് അടക്കം 12 പേര്‍ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വം രാജിവച്ചു. ആന്ത്രോത്ത്, അഗത്തി ദ്വീപുകളില്‍നിന്നുള്ള പ്രമുഖരും പാര്‍ട്ടി വിട്ടു.

Update: 2021-06-12 01:58 GMT

കവരത്തി: രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട യുവസംവിധായിക ഐഷ സുല്‍ത്താനയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖാപിച്ച് ലക്ഷദ്വീപ് ബിജെപിയില്‍ കൂട്ടരാജി. ഐഷ സുല്‍ത്താനക്കെതിരായ രാജ്യദ്രോഹ കേസിലും അഡ്മിനിസ്‌ട്രേറ്ററുടെ ഏകാധിപത്യ നടപടികളിലും പ്രതിഷേധിച്ചാണ് നേതാക്കളും പ്രവര്‍ത്തകരും രാജിവച്ചത്. ഐഷയ്‌ക്കെതിരേ ലക്ഷദ്വീപ് ബിജെപി അധ്യക്ഷന്‍ കവരത്തി പോലിസിന് പരാതി നല്‍കിയതില്‍ പ്രതിഷേധിച്ചാണ് രാജിവയ്ക്കുന്നതെന്ന് രാജിക്കത്തില്‍ പറയുന്നു. അഡ്മിനിസ്‌ട്രേറ്റര്‍ ദ്വീപില്‍ നടപ്പിലാക്കിയ കാര്യങ്ങള്‍ക്കെതിരെയാണ് ഐഷ സുല്‍ത്താന പ്രതിഷേധിച്ചത്. അതിന്റെ പേരില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തുന്നത് അംഗീകരിക്കാനാവില്ല.

അമിത് ഷായെ ബിജെപി പ്രവര്‍ത്തകര്‍ കണ്ടെങ്കിലും ദ്വീപിലെ സ്ഥിതിഗതികള്‍ക്ക് യാതൊരു മാറ്റവുമുണ്ടായില്ലെന്നും രാജിക്കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ലക്ഷദ്വീപ് ബിജെപി സംസ്ഥാന സെക്രട്ടറി അബ്ദുല്‍ ഹമീദ് അടക്കം ഐഷ സുല്‍ത്താനയുടെ ജന്‍മനാടായ ചെത്ത്‌ലാത്ത് ദ്വീപില്‍നിന്നുള്ള പ്രവര്‍ത്തകരാണ് രാജിവച്ചത്. വഖഫ് ബോര്‍ഡംഗം ഉമ്മുല്‍ കുലുസ്, ഖാദി ബോര്‍ഡംഗം സൈഫുല്ല പക്കിയോട, ജാബിര്‍ സാലിഹത്ത് അടക്കം 12 പേര്‍ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വം രാജിവച്ചു. ആന്ത്രോത്ത്, അഗത്തി ദ്വീപുകളില്‍നിന്നുള്ള പ്രമുഖരും പാര്‍ട്ടി വിട്ടു. ബിത്ര ദ്വീപ് പ്രസിഡന്റ് ഇസ്ഹാഖ് ഹമീദ് പാര്‍ട്ടിയോടുള്ള വിയോജിപ്പ് പരസ്യമാക്കി.

ഐഷ സുല്‍ത്താനയ്‌ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തിയതിനെ ബിജെപി ലക്ഷദ്വീപ് ഘടകം അനുകൂലിച്ചെന്നാരോപിച്ചാണ് രാജി. ലക്ഷദ്വീപ് ബിജെപി പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ ഹാജി നല്‍കിയ പരാതിയിലാണ് ഐഷ സുല്‍ത്താനക്കെതിരേ കവരത്തി പോലിസ് രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തത്. അഡ്മിനിസ്‌ട്രേറ്ററെ ജൈവായുധം (ബയോ വെപണ്‍) എന്ന് വിളിച്ചെന്നാരോപിച്ചായിരുന്നു പരാതി. ഐഷക്കെതിരേ പരാതി നല്‍കിയ സംസ്ഥാന പ്രസിഡന്റിന്റെ ഏകപക്ഷീയമായ നീക്കത്തില്‍ പ്രതിഷേധിച്ചുകൂടിയാണ് കൂട്ടരാജി.

അഡ്മിനിസ്‌ട്രേറ്ററുടെ ഏകധിപത്യ നടപടികളില്‍ പ്രതിഷേധിച്ച് നേരത്തെയും ലക്ഷദ്വീപ് ബിജെപിയില്‍നിന്ന് നേതാക്കളും പ്രവര്‍ത്തകരും രാജിവച്ചിരുന്നു. യുവമോര്‍ച്ച ജനറല്‍ സെക്രട്ടറി ഉള്‍പ്പെടെയുള്ളവരാണ് രാജിവച്ചത്. അതേസമയം, ഐഷ സുല്‍ത്താനയെ കേസില്‍ കുടുക്കാനായി ബിജെപി നടത്തിയ ഗൂഢാലോചനയുടെ ഓഡിയോ സന്ദേശങ്ങളും പുറത്തുവന്നു. ഗൂഢാലോചനയുടെ ഭാഗമായി ദ്വീപിലെ ബിജെപി നേതാക്കളും എ പി അബ്ദുല്ലക്കുട്ടിയും സംസാരിക്കുന്നതിന്റെ ഓഡിയോ സന്ദേശങ്ങളാണ് പുറത്തുവന്നത്. ഐഷ സുല്‍ത്താനക്കെതിരായ ഏറ്റവും നല്ല അവസരമാണ് വന്നിരിക്കുന്നതെന്ന് ലക്ഷദ്വീപ് ബിജെപി വൈസ് പ്രസിഡന്റ് കെ പി മുത്തുക്കോയ അബ്ദുല്ലക്കുട്ടിയോട് പറയുന്നതും വ്യക്തമാണ്. സംഭവത്തിന് നല്ല വാര്‍ത്താപ്രാധാന്യമമുണ്ടെന്ന് അബ്ലുല്ലക്കുട്ടിയും ഓഡിയോയില്‍ പറയുന്നത് കേള്‍ക്കാം.

Tags:    

Similar News