രാജ്യദ്രോഹ കേസ്: ജാമ്യത്തിനായി കീഴ്‌ക്കോടതിയെ സമീപിക്കാന്‍ ഷര്‍ജീല്‍ ഇമാമിനോട് ഡല്‍ഹി ഹൈക്കോടതി

Update: 2022-05-26 14:17 GMT

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി (സിഎഎ), എന്‍ആര്‍സി വിരുദ്ധ പ്രക്ഷോഭങ്ങളില്‍ പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തിയെന്നാരോപിച്ച് രജിസ്റ്റര്‍ ചെയ്ത രാജ്യദ്രോഹ കേസില്‍ ജാമ്യത്തിനായി കീഴ്‌ക്കോടതിയെ സമീപിക്കാന്‍ ഷര്‍ജീല്‍ ഇമാമിനോട് ഡല്‍ഹി ഹൈക്കോടതി ആവശ്യപ്പെട്ടു.

ഷര്‍ജീല്‍ ഇമാമിന്റെ അഭിഭാഷകന്‍ തന്‍വീര്‍ അഹമ്മദ് മിറിന് ജാമ്യത്തിനായി ട്രയല്‍ കോടതിയെ സമീപിക്കാനുള്ള സ്വാതന്ത്ര്യം കോടതി അനുവദിച്ചു. രാജ്യദ്രോഹ നിയമത്തെക്കുറിച്ചുള്ള സുപ്രീം കോടതിയുടെ സമീപകാല വിധിയുടെ പശ്ചാതലത്തിലാണ് ഷര്‍ജീല്‍ ഇമാം ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്.

ജാമിയ മില്ലിയ സര്‍വകലാശാലയില്‍ നടന്ന പൗരത്വ ഭേദഗതി പ്രതിഷേധങ്ങളിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഡല്‍ഹി പോലിസാണ് ജെഎന്‍യു വിദ്യാര്‍ത്ഥി ഷര്‍ജില്‍ ഇമാമിനെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയത്.

രാജ്യത്തിന്റെ പരമാധികാരത്തിനും സമഗ്രതയ്ക്കും ഹാനികരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ ആളുകളെ പ്രേരിപ്പിച്ചു എന്നാണ് കുറ്റപത്രത്തില്‍ ആരോപിക്കുന്നത്.

124എ (രാജ്യദ്രോഹം), 153 (എ) ശത്രുത പ്രോത്സാഹിപ്പിക്കുക, സമുദായങ്ങള്‍ക്കിടയില്‍ വിദ്വേഷം ജനിപ്പിക്കുക), 153ബി, 505 ( അപവാദങ്ങള്‍ പ്രചരിപ്പിക്കുക) എന്നീ കുറ്റങ്ങളാണ് റിപ്പോര്‍ട്ടില്‍ ഷര്‍ജീല്‍ ഇമാമിനെതിരെ ചുമത്തിയിരിക്കുന്നത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധത്തിന്റെ കേന്ദ്രമായിരുന്ന ഷഹീന്‍ ബാഗില്‍ സംഘര്‍ഷമുണ്ടാക്കാനായി വിദ്വേഷപ്രസംഗം നടത്തി എന്നാണ് ഇമാമിനെതിരെയുള്ള കുറ്റപത്രം.

പ്രസംഗത്തിനു പിന്നാലെ അസമിലും യു.പിയിലും ഷര്‍ജില്‍ ഇമാമിനെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി കേസെടുത്തിരുന്നു. തൊട്ടുപിന്നാലെയാണ് അരുണാചല്‍പ്രദേശിലും മണിപ്പൂരിലും ദല്‍ഹിയിലും ഷര്‍ജില്‍ ഇമാമിനെതിരെ രാജ്യദ്രോഹം ചുമത്തി കേസെടുത്തത്.

Tags:    

Similar News