വാടാനപ്പള്ളിയില്‍ 15,000 കിലോ പഴകിയ മല്‍സ്യം പിടികൂടി
ഓപ്പറേഷന്‍ സാഗര്‍ റാണിയുടെ ഭാഗമായി സംസ്ഥാനത്ത് വ്യാപകമായ പരിശോധന നടക്കുന്നതിനിടേയാണ് വാടാനപ്പള്ളിയില്‍ പഴകിയ മല്‍സ്യം എത്തിയത്.
വാടാനപ്പള്ളി(തൃശൂര്‍): വാടാനപ്പള്ളി മല്‍സ്യമാര്‍ക്കറ്റിലേക്ക് എത്തിയ 15,000 കിലോ പഴകിയ മല്‍സ്യം പിടിച്ചെടുത്തു. ഓഡീസയില്‍ നിന്നും കണ്ടയ്‌നര്‍ ലോറിയില്‍ എത്തിച്ച മല്‍സ്യമാണ് പഞ്ചായത്ത് അധികൃതരും ഹെല്‍ത്ത്, പോലിസ്, ഭക്ഷ്യ സുരക്ഷ വിഭാഗം ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പിടിച്ചെടുത്തത്.
വിഷു, ഈസ്റ്റര്‍ പ്രമാണിച്ച് വാടാനപ്പള്ളി പരിസര പ്രദേശങ്ങളില്‍ വില്‍പനക്കായി കൊണ്ട് വന്ന മല്‍സ്യമാണെന്ന് അധികൃതര്‍ അറിയിച്ചു. ഇന്ന് വൈകീട്ട് ആറിനാണ് മല്‍സ്യം പിടികൂടിയത്. രാവിലെ പ്രദേശത്ത് ദുര്‍ഗന്ധം പരന്നതിനെ തുടര്‍ന്ന് നാട്ടുകാര്‍ പരാതി നല്‍കുകയായിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പഴകിയ മല്‍സ്യം പിടികൂടിയത്.
ഓപ്പറേഷന്‍ സാഗര്‍ റാണിയുടെ ഭാഗമായി സംസ്ഥാനത്ത് വ്യാപകമായ പരിശോധന നടക്കുന്നതിനിടേയാണ് വാടാനപ്പള്ളിയില്‍ പഴകിയ മല്‍സ്യം എത്തിയത്. നാട്ടുകാര്‍ പരാതി നല്‍കിയിരുന്നില്ലെങ്കില്‍ മല്‍സ്യം മാര്‍ക്കറ്റില്‍ വില്‍പന നടത്തുമായിരുന്നു.
സാഗര്‍ റാണിയുടെ ഭാഗമായി സംസ്ഥാന വ്യാപകമായി ഇന്ന് നടന്ന പരിശോധനകളില്‍ ഉപയോഗ ശൂന്യമായ 11756 കിലോഗ്രാം മത്സ്യം പിടികൂടി നശിപ്പിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അറിയിച്ചു. സംസ്ഥാനത്താകെ 126 കേന്ദ്രങ്ങളിലാണ് ഇന്ന് പരിശോധന നടത്തിയത്. 6 വ്യക്തികള്‍ക്ക് നോട്ടിസ് നല്‍കുകയും ചെയ്തു.
ശനിയാഴ്ച ആരംഭിച്ച ഓപ്പറേഷന്‍ സാഗര്‍ റാണിയില്‍ ശനിയാഴ്ച 2866 കിലോഗ്രാം മത്സ്യവും തിങ്കളാഴ്ച 15641 കിലോഗ്രാം മത്സ്യവും ചൊവ്വാഴ്ച 17018 കിലോഗ്രാം മത്സ്യവും ബുധനാഴ്ച 7558 കിലോഗ്രാം മത്സ്യവും വ്യാഴാഴ്ച 7755 കിലോഗ്രാം മത്സ്യവും ഇന്ന് 11756 മത്സ്യവും പിടിച്ചെടുത്തിരുന്നു. ഇതോടെ ഓപ്പറേഷന്‍ സാഗര്‍ റാണിയിലൂടെ ഈ സീസണില്‍ 62,594 കിലോഗ്രാം മത്സ്യമാണ് പിടികൂടിയത്.