ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി; സിബിഐ കസ്റ്റഡി ചോദ്യംചെയ്തുള്ള ഹരജി സുപ്രിംകോടതി പരിഗണിച്ചില്ല
ആഗസ്ത് 21ന് ചിദംബരത്തെ സിബിഐ അറസ്റ്റുചെയ്തതോടെ മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്ക് പ്രസക്തിയില്ലാതായെന്ന് കോടതി വ്യക്തമാക്കി.
ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ അഴിമതിക്കേസില്‍ മുന്‍കൂര്‍ ജാമ്യം നിഷേധിച്ച ഡല്‍ഹി ഹൈക്കോടതി ഉത്തരവിനെതിരേ മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രിംകോടതി തള്ളി. ആഗസ്ത് 21ന് ചിദംബരത്തെ സിബിഐ അറസ്റ്റുചെയ്തതോടെ മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്ക് പ്രസക്തിയില്ലാതായെന്ന് കോടതി വ്യക്തമാക്കി. നിലവില്‍ സിബിഐ കസ്റ്റഡിയിലുള്ള ചിദംബരത്തോട് സ്ഥിരം ജാമ്യത്തിനായി വിചാരണ കോടതിയെ സമീപിക്കാനും ജസ്റ്റിസുമാരായ ആര്‍ ഭാനുമതി, എ എസ് ബൊപ്പണ്ണ എന്നിവരുടെ ബെഞ്ച് നിര്‍ദേശിച്ചു.
അതിനിടെ, സിബിഐ കസ്റ്റഡി ചോദ്യംചെയ്ത് സമര്‍പ്പിച്ച ഹരജി കോടതി പരിഗണിക്കാത്തത് ചിദംബരത്തിന് കനത്ത തിരിച്ചടിയായി. കേസുകളുടെ പട്ടികയില്‍പെടുത്താത്തതിനാല്‍ ഉത്തരവ് നല്‍കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ ഉത്തരവ് ലഭിച്ചതിന് ശേഷമേ ഹരജിയില്‍ വാദം കേള്‍ക്കാന്‍ ലിസ്റ്റ് ചെയ്യൂവെന്ന് ചിദംബരത്തിന്റെ അഭിഭാഷകനായ കബില്‍ സിബലിനെ കോടതി അറിയിക്കുകയായിരുന്നു. എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്യുന്നതില്‍നിന്ന് സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് ചിദംബരം സമര്‍പ്പിച്ച മൂന്നാമത്തെ ഹരജിയില്‍ കോടതിയില്‍ വാദം പുരോഗമിക്കുകയാണ്.
വെള്ളിയാഴ്ച ഈ ഹരജി പരിഗണിച്ചപ്പോള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഫയല്‍ചെയ്ത കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ചിദംബരത്തിന് സുപ്രിംകോടതി തിങ്കളാഴ്ചവരെ അറസ്റ്റില്‍നിന്ന് സംരക്ഷണം നല്‍കിയിരുന്നു. ഇതിനിടെ ചിദംബരത്തിന്റെ സിബിഐ കസ്റ്റഡി ഇന്ന് അവസാനിക്കും. കസ്റ്റഡി നീട്ടി നല്‍കണമെന്ന് സിബിഐ പ്രത്യേക കോടതിയില്‍ ആവശ്യപ്പെടും. കഴിഞ്ഞ നാലുദിവസം അദ്ദേഹത്തെ ചോദ്യം ചെയ്തതില്‍ പുതിയ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് സിബിഐയുടെ വാദം.
അതേസമയം, സാമ്പത്തിക രഹസ്യാന്വേഷണ ഏജന്‍സിയാണ് ചിദംബരത്തിന്റെ വിദേശബാങ്ക് നിക്ഷേപവും സ്വത്തും കണ്ടെത്തിയെന്നും റിപോര്‍ട്ടുണ്ട്. 12 രാജ്യങ്ങളിലെ നിക്ഷേപക്കണക്കാണ് സാമ്പത്തിക രഹസ്യാന്വേഷണവിഭാഗം നല്‍കിയതെന്ന് എന്‍ഫോഴ്‌സ്‌മെന്റ്് ഡയറക്ടറേറ്റ് വ്യക്തമാക്കി. അര്‍ജന്റീന, ഓസ്ട്രിയ, ഫ്രാന്‍സ്, ഗ്രീസ്, മലേസ്യ, ഫിലിപ്പൈന്‍സ്, സിംഗപ്പൂര്‍, സൗത്ത് ആഫ്രിക്ക, സ്‌പെയിന്‍, ശ്രീലങ്ക ഉള്‍പ്പടെയുള്ള രാജ്യങ്ങളിലാണ് നിക്ഷേപം.