സുപ്രിം കോടതിയില്‍ ഏഴ് ഹര്‍ജികള്‍; 1991ലെ ആരാധനാലയ നിയമം അസാധുവാക്കപ്പെടുമോ?

ഉത്തര്‍പ്രദേശിലെ മഥുരയില്‍ നിന്നുള്ള ഹിന്ദുമത നേതാവ് ദേവകിനന്ദന്‍ താക്കൂറാണ് ഏറ്റവും ഒടുവിലായി ഹര്‍ജി സമര്‍പ്പിച്ചത്.

Update: 2022-05-30 10:28 GMT

ന്യൂഡല്‍ഹി: രാജ്യത്തുടനീളമുള്ള നിരവധി പള്ളികള്‍ ക്ഷേത്രങ്ങളാക്കി മാറ്റണമെന്ന് വാദിക്കുന്ന ഹിന്ദുത്വ സംഘടനകളിലെ അംഗങ്ങളും നേതാക്കളും 1991ലെ ആരാധനാലയ നിയമത്തിനെതിരേ മൊത്തം ഏഴ് ഹര്‍ജികളാണ് സുപ്രിം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.

ഉത്തര്‍പ്രദേശിലെ മഥുരയില്‍ നിന്നുള്ള ഹിന്ദുമത നേതാവ് ദേവകിനന്ദന്‍ താക്കൂറാണ് ഏറ്റവും ഒടുവിലായി ഹര്‍ജി സമര്‍പ്പിച്ചത്. 1947 ഓഗസ്റ്റ് 15ന് നിലനിന്നിരുന്ന ബാബറി മസ്ജിദ് ഒഴികെയുള്ള ഏതൊരു ആരാധനാലയത്തിന്റെയും സ്വഭാവം മാറ്റുന്നത് നിരോധിക്കുന്നതാണ് 1991ലെ ആരാധനാലയ നിയമം. എന്നാല്‍, കോടതി പിന്തുണയോടെ ആ നിയമത്തെ റദ്ദാക്കാമെന്ന കണക്കുകൂട്ടലിലാണ് രാജ്യത്തെ ഹിന്ദുത്വര്‍. ഗ്യാന്‍വാപി മസ്ജിദ്, ഷാഹി ഈദ്ഗാഹ് മസ്ജിദുകള്‍ക്ക് നിയമപരമായ പരിരക്ഷ ഈ നിയമത്തിലൂടെ ലഭിക്കുന്നുണ്ട്. എന്നാല്‍ ഈ നിയമം അസാധുവാക്കപ്പെടുന്നതോടെ ഖുത്തുബ് മിനാര്‍ സമുച്ചയത്തിലെ ജുമാമസ്ജിദ്, ഖുവ്വത്ത്ഉല്‍ഇസ്ലാം മസ്ജിദ് തുടങ്ങിയ മറ്റ് സ്മാരകങ്ങള്‍ക്കുമേലും പിടിമുറുക്കാമെന്നാണ് ഹിന്ദുത്വര്‍ കണക്കുകൂട്ടുന്നത്.

നിയമത്തിന്റെ സാധുത സുപ്രീം കോടതി അസാധുവാക്കണമെന്നാവശ്യപ്പെട്ടാണ് ഹിന്ദുത്വരുടെ ഹരജി.

അതിനിടെ, ആരാധനാലയത്തിന്റെ മതപരമായ സ്വഭാവം കണ്ടെത്തുന്നതിന് 1991ലെ ആരാധനാലയ നിയമം തടസ്സമല്ലെന്ന നിരീക്ഷണവും സുപ്രീംകോടതി ഇതിനിടെ നടത്തിയിരുന്നു.ഗ്യാന്‍വാപി കേസിലാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നിരീക്ഷണം. 2019ലെ അയോധ്യ വിധിയില്‍ ആരാധനാലയ നിയമത്തിലെ വ്യവസ്ഥകള്‍ കൈകാര്യംചെയ്തിട്ടുണ്ടെന്നും നിയമത്തിലെ സെക്ഷന്‍ മൂന്ന് ആരാധനാലയത്തിന്റെ മതപരമായ സ്വഭാവം കണ്ടെത്തുന്നതിനെ തടയുന്നില്ലെന്നുമായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഡിന്റെ നിരീക്ഷണം. 2019ല്‍ ബാബരി മസ്ജിദ് ഭൂമി കേസില്‍ വിധി പ്രസ്താവിച്ച അഞ്ചംഗബെഞ്ചിന്റെ ഭാഗമായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഡ്.

Tags:    

Similar News