സിപിഎം പ്രവര്‍ത്തകന്‍ ഹരിദാസിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്: ഏഴു ആര്‍എസ്എസ്സുകാര്‍ കസ്റ്റഡിയില്‍

ഇവര്‍ക്ക് സംഭവവുമായി നേരിട്ട് ബന്ധമുണ്ടോയെന്ന് പോലിസ് വ്യക്തമാക്കിയിട്ടില്ല. വിവാദ പ്രസംഗം നടത്തിയ ബിജെപി കൗണ്‍സിലര്‍ ലിജീഷിനെയും കസ്റ്റഡിയിലെടുക്കും. കേസ് അന്വേഷണത്തിനായി പ്രത്യേക സംഘം രൂപീകരിച്ചു.

Update: 2022-02-21 09:28 GMT

കണ്ണൂര്‍: തലശ്ശേരിയില്‍ സിപിഎം പ്രവര്‍ത്തകന്‍ ഹരിദാസിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഏഴു ആര്‍എസ്എസ്സുകാര്‍ കസ്റ്റഡിയില്‍. നേരത്തെ, ക്ഷേത്രത്തില്‍ സംഘര്‍ഷമുണ്ടാക്കിയവരും കസ്റ്റഡിയില്‍ ആയവരുടെ കൂട്ടത്തിലുണ്ട്. ഇവര്‍ക്ക് സംഭവവുമായി നേരിട്ട് ബന്ധമുണ്ടോയെന്ന് പോലിസ് വ്യക്തമാക്കിയിട്ടില്ല. വിവാദ പ്രസംഗം നടത്തിയ ബിജെപി കൗണ്‍സിലര്‍ ലിജീഷിനെയും കസ്റ്റഡിയിലെടുക്കും. കേസ് അന്വേഷണത്തിനായി പ്രത്യേക സംഘം രൂപീകരിച്ചു.

ആറു ടീമുകളായാണ് അന്വേഷണം. കസ്റ്റഡിയിലെടുത്തവരുടെ പേര് വിവരങ്ങള്‍ പുറത്തിവിടാന്‍ സാധിക്കില്ലെന്ന് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ പറഞ്ഞു. രാഷ്ട്രീയ കൊലപാതകമാണോയെന്ന് വ്യക്തമായി പറയാവുന്ന ഘട്ടത്തിലേക്ക് അന്വേഷണം എത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കൊല്ലപ്പെട്ട ഹരിദാസിന്റെ ശരീരത്തില്‍ ഇരുപതിലേറെ വെട്ടേറ്റിട്ടുണ്ട്. മുറിവുകളുടെ എണ്ണം കണക്കാക്കാന്‍ പറ്റാത്ത വിധം വികൃതമാണ് ശരീരം. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായി വരികയാണെന്ന് പോലിസ് അറിയിച്ചു.

തലശ്ശേരി പുന്നോലില്‍ കൊരമ്പില്‍ താഴെ കുനിയില്‍ ഹരിദാസ് (54) ആണ് കൊല്ലപ്പെട്ടത്. മത്സ്യത്തൊഴിലാളിയായ ഹരിദാസനെ ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ പുലര്‍ച്ചെയാണ് ബൈക്കിലെത്തിയ നാലംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ഹരിദാസിന്റെ ശരീരമാസകലം വെട്ടേറ്റു. ഒരു കാല്‍ വെട്ടിമാറ്റിയ നിലയിലാണ്. ഹരിദാസിന്റെ വീടിന് തൊട്ട് മുന്നില്‍ വച്ചാണ് കൊലപാതകം നടന്നത്. ശബ്ദം കേട്ടെത്തിയ നാട്ടുകാര്‍ ഉടനെ തലശ്ശേരി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹരിദാസിനു നേരെയുള്ള അക്രമം തടയാന്‍ ശ്രമിക്കുന്നതിനിടെ സഹോദരന്‍ സുരനും വെട്ടേറ്റു.


Tags:    

Similar News