ദക്ഷിണയെ ചൊല്ലി തര്‍ക്കം; മഹാ യജ്ഞത്തിനിടെ വെടിവയ്പ്പ്; ബ്രാഹ്മണ പുരോഹിതന് വെടിയേറ്റു (വീഡിയോ)

Update: 2025-03-23 05:03 GMT
ദക്ഷിണയെ ചൊല്ലി തര്‍ക്കം; മഹാ യജ്ഞത്തിനിടെ വെടിവയ്പ്പ്; ബ്രാഹ്മണ പുരോഹിതന് വെടിയേറ്റു (വീഡിയോ)

കുരുക്ഷേത്ര: ഹരിയാനയിലെ കുരുക്ഷേത്രയില്‍ ഹിന്ദു ആചാരമായ മഹായജ്ഞത്തിനിടെ പുരോഹിതര്‍ക്കുള്ള ദക്ഷിണയെ ചൊല്ലി സംഘര്‍ഷം. ഒരു ബ്രാഹ്മണ പുരോഹിതന് വെടിയേല്‍ക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്നലെ രാവിലെയാണ് സംഭവം. മഹായജ്ഞത്തില്‍ പങ്കെടുക്കാനായി മറ്റൊരു സംസ്ഥാനത്തുനിന്നെത്തിയ ബ്രാഹ്മണ പുരോഹിതനായ ആശിഷ് തിവാരിക്കാണ് സംഘാടകര്‍ ഏര്‍പ്പെടുത്തിയ സുരക്ഷാ ജീവനക്കാരുടെ വെടിയേറ്റത്.

ഇതേതുടര്‍ന്ന് ഇതര സംസ്ഥാന ബ്രാഹ്മണ പുരോഹിതര്‍ സംഘടിച്ച് യജ്ഞശാലയ്ക്ക് സമീപം സംഘാടകരെ കല്ലെറിഞ്ഞു. യജ്ഞശാലയിലേക്കുള്ള വാതിലും അവര്‍ തകര്‍ത്തു. ശേഷം കുരുക്ഷേത്ര-കൈതാല്‍ റോഡ് ഉപരോധിച്ച് ഗതാഗതം തടഞ്ഞു. സ്ഥലത്തെത്തിയ പോലിസ് പുരോഹിതരുമായി സംസാരിച്ചെങ്കിലും അവര്‍ വഴങ്ങാത്തതിനാല്‍ ലാത്തിചാര്‍ജ് ചെയ്ത് പിരിച്ചുവിട്ടു. ബിജെപി ഹരിയാന യൂണിറ്റ് പ്രസിഡന്റ് മോഹന്‍ലാല്‍ ബദോലി ഇന്നലെ രാവിലെ ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഇന്ന് മുഖ്യമന്ത്രി നൈബ് സൈനിയും നിരവധി കേന്ദ്രമന്ത്രിമാരും യജ്ഞത്തില്‍ പങ്കെടുക്കാനിരിക്കെയാണ് സംഘര്‍ഷമുണ്ടായത്.

Similar News