എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി അര്‍ഷോ അറസ്റ്റില്‍; കോടതി റിമാന്‍ഡ് ചെയ്തു
ആര്‍ഷോയെ പിടികൂടാത്തതില്‍ ഹൈക്കോടതി കൊച്ചി പൊലീസിനോട് വിശദീകരണം തേടിയിരുന്നു.
കൊച്ചി: വിവിധ കേസുകളില്‍ പ്രതിയായ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം അര്‍ഷോ അറസ്റ്റില്‍. എറണാകുളം സിറ്റി പോലിസ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ അര്‍ഷോയെ റിമാന്‍ഡ് ചെയ്തു.
ആര്‍ഷോയെ പിടികൂടാത്തതില്‍ ഹൈക്കോടതി കൊച്ചി പൊലീസിനോട് വിശദീകരണം തേടിയിരുന്നു.
വധശ്രമവുമായി ബന്ധപ്പെട്ട കേസില്‍ മൂന്ന് മാസം മുമ്പ് അര്‍ഷോയുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കിയിരുന്നു. ജാമ്യത്തിലിറങ്ങിയ ശേഷം 12 കേസുകളില്‍ പങ്കാളിയായി എന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് സുനില്‍ തോമസ് ജാമ്യം റദ്ദാക്കിയത്. ഉടന്‍ അറസ്റ്റ് ചെയ്യാനും നിര്‍ദേശിച്ചിട്ടുരുന്നുവെങ്കിലും പോലിസ് അറസ്റ്റു ചെയ്തിരുന്നില്ല. അര്‍ഷോ ഒളിവിലായിരുന്നു എന്നായിരുന്നു പോലിസിന്റെ വാദം.
കൊച്ചിയില്‍ നിസ്സാമുദ്ദീന്‍ എന്ന വിദ്യാര്‍ത്ഥിയെ ആക്രമിച്ചതിന് അറസ്റ്റിലായ ആര്‍ഷോ ജാമ്യവ്യസ്ഥ വ്യവസ്ഥകള്‍ ലംഘിച്ച് ഒളിവിലാണെന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ പരാതിയില്‍ പറയുന്നത്. എറണാകുളം ജില്ലാ ഭാരവാഹിയായിരുന്ന പിഎം ആര്‍ഷോയെ പെരിന്തല്‍മണ്ണയില്‍ നടന്ന എസ്എഫ്‌ഐ സംസ്ഥാന സമ്മേളനാണ് സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തത്. ഉപാധികളോടെ പുറത്തിറങ്ങിയ ശേഷം വിവിധ കുറ്റകൃത്യങ്ങളില്‍ പ്രതിയായതോടെയാണ് ആര്‍ഷോയുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കിയത്. എഐഎസ്എഫ് വനിതാ നേതാവിനെ ജാതി പേര് വിളിച്ച് ആക്രമിച്ച കേസിലും ആര്‍ഷോ പ്രതിയാണ്.
സമര കേസുകളിലും നിരവധി സംഘര്‍ഷങ്ങളിലും പ്രതിയായ പി എം ആര്‍ഷോ കൊച്ചി പോലിസ് ഹൈക്കോടതിയെ അറിയിച്ച പ്രകാരം പിടികിട്ടാപ്പുള്ളിയാണ്. ഈ വര്‍ഷം ഫെബ്രുവരി 28നാണ് ഹൈക്കോടതി ആര്‍ഷോയുടെ ജാമ്യം റദ്ദാക്കുന്നത്. 2018 ല്‍ ഈരാറ്റുപേട്ട സ്വദേശി നിസാമിനെ മര്‍ദ്ദിച്ച കേസില്‍ ജാമ്യം കിട്ടി പുറത്തിറങ്ങിയിട്ടും നിരവധി കേസുകളില്‍ തുടര്‍ന്നും ആര്‍ഷോ പ്രതിയായി. ഇതോടെ ജാമ്യ ഉപാധികള്‍ ലംഘിച്ചെന്ന് കാട്ടിയാണ് ജസ്റ്റിസ് സുനില്‍ തോമസ് അധ്യക്ഷനായ ബഞ്ച് പിഎം ആര്‍ഷോയുടെ ജാമ്യം റദ്ദാക്കിയത്. എന്നാല്‍ പൊലീസ് ഒളിവിലാണെന്ന് ഹൈക്കോടതിയെ അറിയിച്ച വിദ്യാര്‍ത്ഥി നേതാവ് പെരിന്തല്‍മണ്ണയില്‍ എസ്എഫ്‌ഐ സംസ്ഥാന സമ്മേളനത്തില്‍ ഉടനീളം പങ്കെടുത്തത് വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. സമ്മേളനം അവസാനിച്ചപ്പോള്‍ സംസ്ഥാന സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു.
എഐഎസ്എഫ് വനിതാ നേതാവായ നിമിഷയെ എം ജി സര്‍വകലാശാല തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ച സംഭവത്തിലും ആര്‍ഷോ പ്രതിയാണ്. ജാതിപേര് വിളിച്ച് ആക്ഷേപിച്ചു എന്ന പരാതിയാണ് ആര്‍ഷോക്കെതിരെ അന്ന് ഉയര്‍ന്നത്. അപ്പോഴും എസ്എഫ്‌ഐ ആര്‍ഷോക്ക് പിന്തുണ നല്‍കിയിരുന്നു. എറണാകുളം ലോ കോളേജില്‍ റാഗിംഗ് പരാതിയിലും ആര്‍ഷോ പ്രതിയാണ്. ഇത്തവണ 25 വയസ് പ്രായപരിധി കര്‍ശനമാക്കിയതോടെ എസ്എഫ്‌ഐ നേതൃത്വത്തില്‍ നിന്നും വലിയ നിര ഒഴിവായതിനെ തുടര്‍ന്നാണ് സെക്രട്ടറി സ്ഥാനത്തെക്ക് ആര്‍ഷോയെ പരിഗണിച്ചത്.