അയോധ്യയിലെ രാമക്ഷേത്രത്തിന്റെ അടിത്തറ ഇളക്കുമെന്ന് ഗുര്‍പത്‌വന്ത് സിങ് പന്നു
വിദേശങ്ങളിലെ ഇന്ത്യയുടെ പ്രതിനിധികളെ നേരിടുമെന്നും ഇന്ത്യന്‍ പൗരന്‍മാര്‍ അനാവശ്യമായി ഖലിസ്താന്‍ പ്രസ്താനത്തിന് എതിരായി നില്‍ക്കരുതെന്നും പന്നു ആവശ്യപ്പെട്ടു.
ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ അടിത്തറ ഇളക്കുമെന്ന് സിഖ്‌സ് ഫോര്‍ ജസ്റ്റിസ് നേതാവായ ഗുര്‍പത്‌വന്ത് സിങ് പന്നു. ഇന്ത്യയിലെ രാമക്ഷേത്രം അടക്കം നിരവധി ക്ഷേത്രങ്ങളെ നവംബര്‍ 16നും 17നും ആക്രമിക്കുമെന്ന് പന്നു ഭീഷണി മുഴക്കിയതായി റിപോര്‍ട്ടുകള്‍ പറയുന്നു.
''ഹിന്ദുത്വ ആശയശാസ്ത്രത്തിന്റെ ജന്മഭൂമിയായ അയോധ്യയുടെ അടിത്തറ ഞങ്ങള്‍ ഇളക്കും'' പന്നു പറഞ്ഞതായി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. കാനഡയില്‍ ലൈഫ് സര്‍ട്ടിഫിക്കറ്റുകള്‍ അനുവദിക്കുന്ന ഇന്ത്യന്‍ നയതന്ത്രപ്രതിനിധികളെ തടയാനും സിഖ്‌സ് ഫോര്‍ ജസ്റ്റിസ് തീരുമാനിച്ചു.
കാനഡയിലെ ബ്രാംപ്റ്റണിലെ ഹിന്ദുമഹാസഭ ക്ഷേത്രത്തിലേക്ക് എത്തിയ ഇന്ത്യന്‍ സ്ഥാനപതിയെ തടയാന്‍ വിമത സിഖ് സംഘടനകള്‍ ശ്രമിച്ചത് നേരത്തെ സംഘര്‍ഷത്തിന് കാരണമായിരുന്നു. സംഭവത്തില്‍ സിഖ്‌സ് ഫോര്‍ ജസ്റ്റിസ് സംഘടനയുടെ പ്രവര്‍ത്തകന്‍ ഇന്ദര്‍ജിത് ഗോസലിനെ കനേഡിയന്‍ പോലിസ് അറസ്റ്റ് ചെയ്യുകയുമുണ്ടായി. വിദേശങ്ങളിലെ ഇന്ത്യയുടെ പ്രതിനിധികളെ നേരിടുമെന്നും ഇന്ത്യന്‍ പൗരന്‍മാര്‍ അനാവശ്യമായി ഖലിസ്താന്‍ പ്രസ്താനത്തിന് എതിരായി നില്‍ക്കരുതെന്നും പന്നു ആവശ്യപ്പെട്ടു.