ഷഹാനയുടെ മരണം: ഭര്‍ത്താവ് സജാദ് റിമാന്‍ഡില്‍
സജാദിനെ ജില്ലാ ജയിലിലേക്ക് മാറ്റി. സ്ത്രീപീഡനം, ആത്മഹത്യ പ്രേരണ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് സജാദിനെ അറസ്റ്റ് ചെയ്തത്.
കോഴിക്കോട്: മോഡലും നടിയുമായ ഷഹാനയുടെ മരണത്തില്‍ അറസ്റ്റിലായ ഭര്‍ത്താവ് സജാദ് റിമാന്റില്‍. ഈ മാസം 28 വരെയാണ് കോഴിക്കോട് ജെഎഫ്എംസി I കോടതി സജാദിനെ റിമാന്റ് ചെയ്തത്. സജാദിനെ ജില്ലാ ജയിലിലേക്ക് മാറ്റി. സ്ത്രീപീഡനം, ആത്മഹത്യ പ്രേരണ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് സജാദിനെ അറസ്റ്റ് ചെയ്തത്.
ഭര്‍ത്താവ് സജാദിനെ ഇവരുടെ പറമ്പില്‍ ബസാറിലെ വീട്ടിലെത്തിച്ച് ഇന്നലെ തെളിവെടുപ്പ് നടത്തിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന്‍ അസിസ്റ്റന്റ് കമ്മീഷണര്‍ കെ സുദര്‍ശന്റെ നേതൃത്വത്തിലായിരുന്നു നടപടി. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വൈദ്യ പരിശോധന നടത്തി. സജാദ് മയക്കുമരുന്ന് വ്യാപാരിയാണെന്ന് പോലിസ് പറഞ്ഞു. ഫുഡ് ഡെലിവറിയുടെ മറവിലാണ് ഇയാള്‍ ഇടപാട് നടത്തിയിരുന്നതെന്നും പോലിസ് അവകാശപ്പെടട്ു. ഇയാളുടെ വാടക വീട്ടില്‍ നിന്ന് ലഹരി മരുന്ന് കണ്ടെത്തിയിട്ടില്ല. എന്നാല്‍ ലഹരി മരുന്ന് ഉപയോഗിക്കുന്നതിനായുള്ള ഉപകരണങ്ങള്‍ കണ്ടെത്തിയതായും പോലിസ് അറിയിച്ചു.
മോഡല്‍ ഷഹാനയുടെ മരണത്തില്‍ ഭര്‍ത്താവ് സജാദിന്റെ അറസ്റ്റ് കഴിഞ്ഞ ദിവസം രാത്രിയാണ് പോലിസ് രേഖപ്പെടുത്തിയത്. സ്ത്രീപീഡനം (498 എ),ആത്മഹത്യാ പ്രേരണ (306), എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്. ചേവായൂര്‍ പോലിസാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രിയാണ് യുവതി മരിച്ചത്. രാത്രി പതിനൊന്നേമുക്കാലോടെ സജാദിന്റെ നിലവിളി കേട്ട് അയല്‍വാസികള്‍ ഇവരുടെ വീട്ടിലെത്തുകയായിരുന്നു. സജാദിന്റെ മടിയില്‍ ഷഹാന അവശയായി കിടക്കുന്നതാണ് അയല്‍വാസികള്‍ കണ്ടത്. അയല്‍വാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലിസെത്തി ഷഹാനയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
യുവതി തൂങ്ങിമരിച്ചതാണെന്നാണ് പോസ്റ്റുമോര്‍ട്ടത്തിലെ പ്രാഥമിക കണ്ടെത്തല്‍. എന്നാല്‍ ദേഹത്ത് ചെറിയ മുറിവുകള്‍ ഉണ്ടെന്നും കൂടുതല്‍ പരിശോധന വേണമെന്നും പോലിസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഒന്നര വര്‍ഷം മുന്‍പാണ് സജാദ് ഷഹാനയെ വിവാഹം കഴിച്ചത്. കോഴിക്കോട് ചെറുകുളം സ്വദേശിയാണ് സജാദ്. ഷഹാനയുടെ വീട് കാസര്‍ഗോഡ് ചെറുവത്തുര്‍ തിമിരിയിലാണ്.
ഒന്നര മാസമായി ഷഹാനയും ഭര്‍ത്താവും പറമ്പില്‍ ബസാറില്‍ വീട് വാടകയ്‌ക്കെടുത്ത് താമസിച്ച് വരികയായിരുന്നു.