മോഡല്‍ ഷഹാനയുടെ മരണം: കുറ്റപത്രം സമര്‍പ്പിച്ചു, ഭര്‍ത്താവ് സജാദ് കുറ്റക്കാരന്‍

ആത്മഹത്യാപ്രേരണ അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് അന്വേഷണസംഘം കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം നല്‍കിയത്.

Update: 2022-07-02 05:12 GMT

കോഴിക്കോട്: കോഴിക്കോട്: നടിയും മോഡലുമായ ഷഹനയുടെ മരണത്തില്‍ ഭര്‍ത്താവ് സജാദിനെതിരേ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ആത്മഹത്യാപ്രേരണ അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് അന്വേഷണസംഘം കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം നല്‍കിയത്.

ഷഹാനയെ മാനസികവും ശാരീരികവുമായി സജാദ് പീഡിപ്പിച്ചു. ഷഹാനയുടെ ഡയറി കുറിപ്പുകളില്‍ ഇതിനുള്ള തെളിവുണ്ടെന്നും പോലിസ് തയ്യാറാക്കിയ കുറ്റപത്രത്തിലുണ്ട്. ഭര്‍ത്താവ് സജാദ് ഷഹനയെ നിരന്തരം ശാരീരികവും മാനസികവുമായി പീഡിപ്പിച്ചെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ജന്മദിനത്തില്‍ പോലും ഉപദ്രവം നേരിട്ടതും സജാദിന്റെ ലഹരി ഉപയോഗവും ഷഹനയുടെ ആത്മഹത്യയ്ക്ക് കാരണമായി. ജീവനൊടുക്കിയ ദിവസം രാവിലെയും ദമ്പതിമാര്‍ തമ്മില്‍ വഴക്കുണ്ടായെന്നും കുറ്റപത്രത്തില്‍ പറയുന്നു.

മെയ് 13ന് ആണ് കോഴിക്കോട് പറമ്പില്‍ ബസാറിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ ഷഹാനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഷഹാന ആത്മഹത്യ ചെയ്തതാണെന്ന് പോലിസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഭര്‍ത്താവിനെതിരെ കുടുംബം പരാതിയുമായി രംഗത്തെത്തിയതോടെ പോലിസ് ശാസ്ത്രീയ പരിശോധന ഉള്‍പ്പെടെ നടത്തിയിരുന്നു. ലഹരി മാഫിയയിലെ കണ്ണിയായ സജാദ് ഓണ്‍ലൈന്‍ ഭക്ഷണ വിതരണത്തിനിടെ ലഹരി വില്‍പന നടത്തിയിരുന്നെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട തെളിവുകളും വെയിങ് മെഷീനും വാടക വീട്ടില്‍ നിന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സ്ത്രീപീഡനം, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങള്‍ ചുമത്തി ചേവായൂര്‍ പോലിസ് സജാദിനെ അറസ്റ്റ് ചെയ്തത്.

ഒന്നര വര്‍ഷം മുന്‍പാണ് സജാദ് ഷഹാനയെ വിവാഹം കഴിച്ചത്. കോഴിക്കോട് ചെറുകുളം സ്വദേശിയാണ് സജാദ്. ഷഹാനയുടെ വീട് കാസര്‍കോട് ചെറുവത്തുര്‍ തിമിരിയിലാണ്. മരിക്കുന്നതിന് ഒന്നര മാസം മുമ്പാണ് ഷഹാനയും ഭര്‍ത്താവും പറമ്പില്‍ ബസാറില്‍ വീട് വാടകയ്ക്ക് എടുത്തത്.

Tags:    

Similar News