പ്രമുഖ ഇസ്‌ലാമിക പണ്ഡിതന്‍ ശൈഖ് സിയാ ഉ റഹ്മാന്‍ അന്തരിച്ചു

ഇന്ത്യയിലെ പ്രമുഖ ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ച സിയാ ഉ റഹ്മാന്‍ ഇസ്‌ലാം സ്വീകരിച്ചതിന് ശേഷം ലോകത്ത് തന്നെ അറിയപ്പെടുന്ന ഹദീസ് പണ്ഡിതരില്‍ ഒരാളായി മാറി.

Update: 2020-07-30 16:14 GMT

മദീന: പ്രമുഖ ഇസ് ലാമിക പണ്ഡിതന്‍ ശൈഖ് സിയാ ഉ റഹ്മാന്‍ ആസാമി അന്തരിച്ചു. ഇന്ത്യയിലെ പ്രമുഖ ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ച അദ്ദേഹം ഇസ്‌ലാം സ്വീകരിച്ചതിന് ശേഷം ലോകത്ത് തന്നെ അറിയപ്പെടുന്ന ഹദീസ് പണ്ഡിതരില്‍ ഒരാളായി മാറി. 18ാം വയസ്സില്‍ ഇസ് ലാം മതം സ്വീകരിച്ച സിയാ ഉ റഹ്മാന്‍ മദ്‌റസാ പഠനത്തിന് ശേഷം മദീനയിലെ ഇസ് ലാമിക് യൂനിവേഴ്‌സിറ്റിയില്‍ ഉപരിപഠനത്തിനായി ചേരുകയായിരുന്നു. തുടര്‍ന്ന് മദീനയില്‍ തന്നെ ഔദ്യോഗിക ജീവിതം പൂര്‍ത്തിയാക്കിയ അദ്ദേഹം അറഫാ ദിനത്തിലാണ് മരിച്ചത്. ഖബറടക്കം മദീനയിലെ പ്രവാചകന്റെ പള്ളിയില്‍ നടത്തും.

അസംഗഢിലെ ഒരു ബ്രാഹ്മണ ഹിന്ദു കുടുംബത്തില്‍ ജനിച്ച 'ബങ്കെ ലാല്‍', കുടുംബത്തിന്റെ സമ്മര്‍ദങ്ങള്‍ മറികടന്ന് 18ാം വയസ്സില്‍ തന്നെ ഇസ് ലാം മതം സ്വീകരിച്ചു. ഇസ്‌ലാാമിനെ കുറിച്ച് കൂടുതല്‍ പഠിക്കാനും അടുത്തറിയാനുമായി സിയാ ഉ റഹ്മാന്‍ മതപാഠശാലയില്‍ പഠനം ആരംഭിച്ചു. ഉയര്‍ന്ന മാര്‍ക്ക് നേടി മദ്‌റസയില്‍ നിന്ന് ബിരുദം നേടിയ അദ്ദേഹത്തെ മദീനയിലെ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി ഉപരിപഠനത്തിനായി ക്ഷണിക്കുകായിരുന്നു. മദീന യൂനിവേഴ്‌സിറ്റിയില്‍ ബിരുദം പൂര്‍ത്തിയാക്കിയ അദ്ദേഹം മക്കയിലെ ഉമ്മുല്‍ ഖുറാ യൂനിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദാനന്തര ബിരുദം കരസ്ഥമാക്കി. ഹദീസ് പഠനത്തില്‍ കയ്‌റോ അല്‍-അസ്ഹര്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്നും പിഎച്ച്ഡി പൂര്‍ത്തിയാക്കി.

ഹദീസ് മേഖലയിലെ ശൈഖ് സിയ റഹ്മാന്‍ ആസാമിയുടെ അര്‍പ്പണബോധം അദ്ദേഹത്തെ മുമ്പ് പഠിച്ച മദീനയിലെ ഇസ് ലാമിക് യൂനിവേഴ്‌സിറ്റിയിലെ ഹദീസ് ഫാക്കല്‍റ്റിയുടെ ഡീന്‍ ആക്കി മാറ്റി. ഈ പദവിയില്‍ നിന്ന് വിരമിച്ച ശേഷം മദീനയിലെ പ്രവാചകന്റെ മസ്ജിദില്‍ അധ്യാപകനായി നിയമിതനായി.

ഖുര്‍ആനിലെ വാക്കുകള്‍ അക്ഷരമാലാക്രമത്തില്‍ വര്‍ഗീകരിച്ച് വിശദീകരിക്കുന്ന 'ഖുറാന്‍ എന്‍സൈക്ലോപീഡിയ' എന്ന പേരില്‍ അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെട്ട ഒരു കൃതി അദ്ദേഹം രചിച്ചു. അദ്ദേഹത്തിന്റെ ഗ്രന്ധം മറ്റ് ഭാഷകളിലേക്കും വിവര്‍ത്തനം ചെയ്യപ്പെട്ടു. 

Tags:    

Similar News