കോടതി ഉത്തരവിന് പുല്ലുവില; ഡല്‍ഹി കലാപക്കേസിലെ പ്രതികള്‍ക്ക് കുറ്റപത്രം നിഷേധിച്ച് ജയില്‍ അധികൃതര്‍
പോലിസ് ഉദ്യോഗസ്ഥര്‍ കുറ്റപത്രം കംപ്യൂട്ടറില്‍ അപ്‌ലോഡ് ചെയ്തിട്ടും ജയില്‍ അധികൃതര്‍ അത് നല്‍കാന്‍ തയ്യാറാവുന്നില്ലെന്ന് മണ്ടോളി ജയിലില്‍ കഴിയുന്ന ഖാലിദ് സെയ്ഫി പറഞ്ഞു.
ന്യൂഡല്‍ഹി: കോടതി ഉത്തരവുണ്ടായിട്ടും 18,000 പേജുകള്‍ വരുന്ന കുറ്റപത്രം നല്‍കാന്‍ ജയില്‍ അധികൃതര്‍ തയ്യാറാവുന്നില്ലെന്ന് ചൂണ്ടിക്കാട്ടി വിവിധ ജയിലുകളില്‍ കഴിയുന്ന മുസ്‌ലിം ആക്റ്റീവിസറ്റുകള്‍ കോടതിയെ സമീപിച്ചു. പോലിസ് ഉദ്യോഗസ്ഥര്‍ കുറ്റപത്രം കംപ്യൂട്ടറില്‍ അപ്‌ലോഡ് ചെയ്തിട്ടും ജയില്‍ അധികൃതര്‍ അത് നല്‍കാന്‍ തയ്യാറാവുന്നില്ലെന്ന് മണ്ടോളി ജയിലില്‍ കഴിയുന്ന ഖാലിദ് സെയ്ഫി പറഞ്ഞു.
ജയിലിലെ കംപ്യൂട്ടര്‍ സംവിധാനത്തിലുള്ള 18,000 പേജുകള്‍ വരുന്ന കുറ്റപത്രം വായിക്കുന്നതിന് ദിവസത്തില്‍ ഒരു മണിക്കൂറിലധികമുള്ള ഏകീകൃത സമയം അനുവദിക്കാന്‍ ജയില്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് കുറ്റപത്രം വായിക്കാന്‍ അവസരം ലഭിച്ച ചിലര്‍ കോടതിയോട് ആവശ്യപ്പെട്ടു.
കുറ്റപത്രം അപ്‌ലോഡ് ചെയ്‌തെന്നോ അത് വായിക്കാമെന്നോ ജയില്‍ അധികൃതര്‍ ഇതുവരെ അറിയിച്ചിട്ടില്ലെന്ന് തിഹാര്‍ ജയിലില്‍ കഴിയുന്ന റഹ്മാന്‍ പറഞ്ഞു. കംപ്യൂട്ടര്‍ സംവിധാനം എല്ലായ്‌പ്പോഴും അധികൃതര്‍ കൈവശംവച്ചിരിക്കുന്നതിനാല്‍ തനിക്ക് കുറ്റപത്രം വായിക്കാന്‍ സാധിച്ചിട്ടില്ലെന്ന് സസ്‌പെന്‍ഡ് ചെയ്ത ആം ആദ്മി കൗണ്‍സിലറും ഡല്‍ഹി കലാപത്തില്‍ കള്ളക്കേസില്‍ കുടുങ്ങിയ താഹിര്‍ ഹുസൈന്‍ പറഞ്ഞു. കുറ്റപത്രം പെന്‍ഡ്രൈവില്‍ നല്‍കണമെന്നും എന്നാല്‍, ലൈബ്രറിയില്‍ പോയി വായിക്കാനാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കുറ്റപത്രം വായിക്കാന്‍ ചില ദിവസങ്ങളില്‍ മൂന്നു മണിക്കൂര്‍ നല്‍കുമ്പോള്‍ മറ്റു ദിവസങ്ങളില്‍ കേവലം ഒരു മണിക്കൂറില്‍ താഴെയാണ് നല്‍കുന്നതെന്ന് ഉമര്‍ ഖാലിദ് ചൂണ്ടിക്കാട്ടി. കംപ്യൂട്ടറില്‍ കുറ്റപത്രം വന്നിട്ടുണ്ടെങ്കിലും വ്യത്യസ്ഥ ജയിലുകളില്‍ വ്യത്യസ്ഥമായ നടപടിക്രമങ്ങളാണ് ഉള്ളതെന്നും ഉമര്‍ ഖാലിദ് പറഞ്ഞു.
എത്ര സമയം ഞങ്ങള്‍ക്ക് കമ്പ്യൂട്ടറിലേക്ക് പ്രവേശനം നല്‍കും എന്നത് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥനെ ആശ്രയിച്ചിരിക്കുന്നുവെന്നും ചാര്‍ജ് ഷീറ്റ് ഏകദേശം 18,000 പേജുകളുള്ളതിനാല്‍ ദിവസത്തില്‍ ഒരു മണിക്കൂറില്‍ കൂടുതല്‍ സമയം അനുവദിക്കണമെന്നും ഉമര്‍ ഖാലിദ് ആവശ്യപ്പെട്ടു. കുറ്റപത്രം വായിക്കാന്‍ രണ്ട് മണിക്കൂര്‍ സമയം അനുവദിച്ചതായി ജെഎന്‍യു വിദ്യാര്‍ത്ഥി ഷര്‍ജീല്‍ ഇമാം പറഞ്ഞപ്പോള്‍, മുന്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ ഇസ്രത്ത് ജഹാന്‍ തനിക്ക് ഒരു മണിക്കൂര്‍ സമയം അനുവദിച്ചതായി വ്യക്തമാക്കി. എന്നാല്‍, തനിക്ക് കേവലം അര മണിക്കൂര്‍ മാത്രമാണ് സമയം അനുവദിച്ചതെന്ന് ജാമിയ മില്ലിയ ഇസ്ലാമിയ വിദ്യാര്‍ത്ഥി ആസിഫ് ഇക്ബാല്‍ തന്‍ഹ പറഞ്ഞു.
കുറ്റപത്രം വായിക്കുന്നതിന് ഏകീകൃത സമയം നല്‍കാത്ത ജയില്‍ അധികൃതരുടെ നടപടിയില്‍ കോടതി അതൃപ്തി പ്രകടിപ്പിച്ചു. വീഡിയോ കോണ്‍ഫറന്‍സിംഗിനിടെ ഹാജരായ തിഹാര്‍ ജയില്‍ അധികൃതരോട് ജഡ്ജി ഇക്കാര്യം ചോദിച്ചപ്പോള്‍ അദ്ദേഹത്തിന് മറുപടി ഉണ്ടായിരുന്നില്ല.