ഷര്‍ജീല്‍ ഉസ്മാനിയെ കോടതിയില്‍ ഹാജരാക്കി; ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

വിദ്യാര്‍ത്ഥി നേതാവും സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനുമായ ഷര്‍ജീല്‍ ഉസ്മാനിയെ ഇന്നലെയാണ് അഅ്‌സംഗഢിലെ സ്വവസതിക്കു മുമ്പില്‍വച്ച് മഫ്ത്തിയിലെത്തിയ അജ്ഞാത സംഘം കസ്റ്റഡിയിലെടുത്തത്

Update: 2020-07-09 13:44 GMT

ലക്‌നോ: യുപി ക്രൈംബ്രാഞ്ച് പോലിസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത അലിഗഢ് സര്‍വകലാശാല മുന്‍ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ഥി ഷാര്‍ജീല്‍ ഉസ്മാനിയെ ഇന്ന് അലിഗഡിലെ കോടതിയില്‍ ഹാജരാക്കി. കോടതി ഇദ്ദേഹത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. അദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കുന്നത് സംബന്ധിച്ച് വിവരം ലഭിക്കാത്തതിനാല്‍ അദ്ദേഹത്തിന്റെ കുടുംബത്തിന് അദ്ദേഹത്തെ കാണാനായില്ല.

വിദ്യാര്‍ത്ഥി നേതാവും സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനുമായ ഷര്‍ജീല്‍ ഉസ്മാനിയെ ഇന്നലെയാണ് അഅ്‌സംഗഢിലെ സ്വവസതിക്കു മുമ്പില്‍വച്ച് മഫ്ത്തിയിലെത്തിയ അജ്ഞാത സംഘം കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് വാറന്റ് ഇല്ലാതെയാണ് യുപി ക്രൈംബ്രാഞ്ച് പോലിസില്‍നിന്നുള്ളവര്‍ എന്ന അവകാശപ്പെട്ട സംഘം ഷര്‍ജീലിനെ കസ്റ്റഡിയിലെടുത്തത്. ഷര്‍ജീലിന്റെ പുസ്തകങ്ങളും ലാപ്‌ടോപും ഇവര്‍ കണ്ടുകെട്ടിയിരുന്നു.

അതേസമയം, ഷര്‍ജീലിനെ അറസ്റ്റ് ചെയ്ത വിവരം സ്ഥിരീകരിക്കാന്‍ ക്രൈംബ്രാഞ്ച് പോലിസ് അധികൃതര്‍ തയ്യാറായിരുന്നില്ല. അലിഗഢ് മുസ്‌ലിം സര്‍വകലാശാലയിലെ പൗരത്വ ഭേദഗതി നിയമത്തിനെതിരായ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിനിടെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഷര്‍ജീല്‍ ഉസ്മാനിയെ ലക്‌നൗ എടിഎസ് (തീവ്രവാദ വിരുദ്ധ സ്‌ക്വാഡ്) അറസ്റ്റ് ചെയ്തതായി ഹിന്ദി ദിനപത്രമായ അമര്‍ ഉജാല ഇന്ന് റിപോര്‍ട്ട് ചെയ്തിരുന്നു. അലിഗഢ് ക്രൈംബ്രാഞ്ച് എസ് പി അരവിന്ദ് കുമാറിനെ ഉദ്ധരിച്ചായിരുന്നു പത്രം ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്. എന്നാല്‍, ലക്‌നൗ എടിഎസ് എസ്പി വിനോദ് കുമാര്‍ സിങ് ഇക്കാര്യം നിഷേധിച്ചിരുന്നു. ഷര്‍ജീല്‍ ഉസ്മാനിയെ അറസ്റ്റ് ചെയ്തത് അലിഗഢ് പോലിസ് ആണെന്നായിരുന്നു വിനോദ് കുമാര്‍ സിങിന്റെ പ്രതികരണം. എന്നാല്‍, അലിഗഢ് പോലിസും ഇക്കാര്യം നിഷേധിച്ച് മുന്നോട്ട് വന്നിരുന്നു.

അറസ്റ്റ് സംബന്ധിച്ച് ആശയക്കുഴപ്പം നിലനില്‍ക്കുന്നതിനിടെയാണ് ഷര്‍ജീലിനെ അലിഗഢ് കോടതിയില്‍ ഹാജരാക്കിയത്. ഇതു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. പൗരത്വ ഭേദഗതി നിയമത്തിനും എന്‍ആര്‍സിക്കും എതിരെയുള്ള വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് നേരെ ഡിസംബര്‍ 15ന് ജാമിഅ മില്ലിയ ഇസ്ലാമിയയില്‍ വെടിവെപ്പുണ്ടായി, അതുകഴിഞ്ഞ് മണിക്കൂറുകള്‍ക്ക് ശേഷം അലിഗഢ് മുസ്ലിം യൂണിവേഴ്‌സിറ്റിയില്‍ പ്രതിഷേധ റാലി നടന്നു. ഈ റാലിക്കെതിരെയും ആക്രമണം ഉണ്ടായി. ഈ സംഭവത്തില്‍ 52 വിദ്യാര്‍ത്ഥികളുടെ പേരില്‍ എഫ്‌ഐആര്‍ ഫയല്‍ ചെയ്തിരുന്നു. ഷര്‍ജീലിനെതിരേ യുപി പോലിസ് നിരവധി കള്ളക്കേസുകള്‍ ചുമത്തിയിരുന്നു.

Tags:    

Similar News