ഷാരോണ്‍ കൊലപാതകം; ഗ്രീഷ്മ കഷായത്തില്‍ കലക്കിയത് പാരക്വിറ്റ് കളനാശിനി: കോടതിയില്‍ ഡോക്ടര്‍മാരുടെ വെളിപ്പെടുത്തല്‍
തിരുവനന്തപുരം: ഷാരോണിനെ കൊലപ്പെടുത്താന്‍ കാമുകിയായ ഗ്രീഷ്മ കഷായത്തില്‍ കലക്കിയത് കളനാശിനിയായി ഉപയോഗിക്കുന്ന പാരക്വിറ്റ്. ഡോക്ടര്‍മാരുടെ സംഘമാണ് കോടതിയില്‍ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയത്. ഏത് കളനാശിനി നല്‍കിയാണ് ഷാരോണിനെ കൊലപ്പെടുത്തിയത് എന്നതു സംബന്ധിച്ച് നേരത്തെ വ്യക്തതയില്ലായിരുന്നു.
നെയ്യാറ്റിന്‍കര അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി എ എം ബഷീറിന് മുന്നിലാണ് ഷാരോണിനെ ചികിത്സിച്ച മെഡിക്കല്‍ കോളജിലെ വിദഗ്ധരായ ഡോക്ടര്‍മാര്‍ മൊഴി നല്‍കിയത്. വിഷം ശരീരത്തില്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്നും മെഡിക്കല്‍ കോളജിലെ മെഡിസിന്‍ വിഭാഗം മേധാവി ഡോ അരുണ കോടതിയില്‍ വിശദീകരിച്ചു.
2022 ഒക്ടോബര്‍ 14-നാണ് ഗ്രീഷ്മ ആണ്‍സുഹൃത്തായ ഷാരോണ്‍രാജിന് കഷായത്തില്‍ വിഷം കലര്‍ത്തി നല്‍കിയത്. വിഷം നല്‍കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് ഗ്രീഷ്മ പാരക്വിറ്റ് എങ്ങനെയാണ് മനുഷ്യശരീരത്തില്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഇന്റര്‍നെറ്റില്‍ തിരഞ്ഞു. 15 മില്ലി വിഷം ശരീരത്തിലെത്തിയാല്‍ മരണം ഉറപ്പാണെന്ന് മനസിലാക്കി. ഗ്രീഷ്മ വിഷത്തേക്കുറിച്ച് ഇന്റര്‍നെറ്റില്‍ തിരഞ്ഞതിന്റെ തെളിവ് പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി.
ഷാരോണിന് വിഷം കലര്‍ത്തി നല്‍കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് ഗ്രീഷ്മ ജ്യൂസ് ചലഞ്ച് എന്ന പേരില്‍ പാരസെറ്റമോള്‍ ഗുളികകള്‍ കലര്‍ത്തിയ പഴച്ചാര്‍ നല്‍കിയിരുന്നു. കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയായിരുന്നു ഇത് ചെയ്തത്. ഇത് നല്‍കുന്നതിന് മുന്‍പും ഗ്രീഷ്മ പലപ്രാവശ്യം ഇന്റര്‍നെറ്റില്‍ തിരഞ്ഞിരുന്നു. ഗ്രീഷ്മയ്ക്ക് പാരക്വിറ്റ് കളനാശിനി വാങ്ങിനല്‍കിയത് മൂന്നാം പ്രതിയായ അമ്മാവന്‍ നിര്‍മല്‍കുമാറാണ്. ഷാരോണിന് നല്‍കിയ വിഷത്തിന്റെ കുപ്പിയും മറ്റുതെളിവുകളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു.
പാറശ്ശാല സമുദായപ്പറ്റ് സ്വദേശിയായ ഷാരോണ്‍ രാജും തമിഴ്നാട്ടിലെ ദേവിയോട് സ്വദേശിനിയായ ഗ്രീഷ്മയും പ്രണയത്തിലായിരുന്നു. ഇതിനിടെ ഗ്രീഷ്മയ്ക്ക് ആര്‍മി ഉദ്യോഗസ്ഥന്റെ വിവാഹാലോചന വന്നു. ഗ്രീഷ്മയുടെ ജാതകപ്രകാരം ആദ്യ ഭര്‍ത്താവ് മരിച്ചുപോകുമെന്ന് ജ്യോത്സ്യന്‍ പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്നാണ് ഷാരോണിനെ താലികെട്ടിയശേഷം കഷായത്തില്‍ വിഷം കലര്‍ത്തി നല്‍കി കൊലപ്പെടുത്തിയത്. ഗ്രീഷ്മ ഒന്നാം പ്രതിയും മാതാവ് സിന്ധു രണ്ടാം പ്രതിയും അമ്മാവന്‍ നിര്‍മല്‍കുമാര്‍ മൂന്നും പ്രതിയുമാണ്.