സ്വര്‍ണക്കടത്ത്: ശശി തരൂര്‍ എംപിയുടെ പിഎ ഡല്‍ഹി വിമാനത്താവളത്തില്‍ അറസ്റ്റില്‍

Update: 2024-05-30 05:36 GMT

ന്യൂഡല്‍ഹി: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂരിന്റെ പിഎ അറസ്റ്റില്‍. ശിവകുമാര്‍ പ്രസാദും കൂട്ടാളിയുമാണ് ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അറസ്റ്റിലായത്. ഇവരില്‍നിന്ന് 500 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തതായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. വിദേശത്തുനിന്നെത്തിയ ആളുടെ പക്കല്‍നിന്ന് സ്വര്‍ണം സ്വീകരിക്കുന്നതിനിടെയാണ് ശിവകുമാറിനെ അറസ്റ്റ് ചെയ്തതെന്നാണ് വിവരം. ദുബയില്‍ നിന്നെത്തിയ യാത്രക്കാരനെ സ്വീകരിക്കാനാണ് ശിവകുമാര്‍ വിമാനത്താവളത്തില്‍ എത്തിയതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. എയര്‍ഡ്രോം എന്‍ട്രി പെര്‍മിറ്റ് കാര്‍ഡ് ഉപയോഗിച്ചാണ് ഇയാള്‍ വിമാനത്താവളത്തിനുള്ളിലേക്ക് പ്രവേശിച്ചതെന്ന് കസ്റ്റംസ് അറിയിച്ചു. വിമാനത്താവളത്തില്‍ കയറിയ ശിവകുമാര്‍ യാത്രക്കാരനില്‍നിന്ന് സ്വര്‍ണമടങ്ങിയ പൊതി സ്വീകരിക്കുകയായിരുന്നുവെന്നും കസ്റ്റംസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എഎന്‍ഐ റിപോര്‍ട്ട് ചെയ്തു. അതേസമയം, സംഭവമറിഞ്ഞ് ഞെട്ടിപ്പോയെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോവണമെന്നും അന്വേഷണത്തിന് ആവശ്യമായ അധികാരികളുടെ ശ്രമങ്ങളെ പൂര്‍ണമായി പിന്തുണയ്ക്കുമെന്നും ശശി തരൂര്‍ എംപി എക്‌സില്‍ കുറിച്ചു.



തിരഞ്ഞെടുപ്പ് പ്രചാരണ ആവശ്യങ്ങള്‍ക്കായി ധര്‍മശാലയിലാണ്. ഇതിനിടെ, പാര്‍ട്ട് ടൈം സേവനം നല്‍കുന്ന എന്റെ മുന്‍ സ്റ്റാഫ് അംഗവുമായി ബന്ധപ്പെട്ട ഒരു സംഭവം കേട്ടപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. 72 വയസ്സുള്ള വിരമിച്ചയാളാണ് അദ്ദേഹം. പതിവായി ഡയാലിസിസിന് വിധേയനായ അദ്ദേഹത്തെ അനുകമ്പ കാരണമാണ് പാര്‍ട് ടൈം അടിസ്ഥാനത്തില്‍ നിലനിര്‍ത്തിയത്. ആരോപിക്കപ്പെടുന്ന ഒരു തെറ്റും ഞാന്‍ അംഗീകരിക്കുന്നില്ല. വിഷയം അന്വേഷിക്കാന്‍ ആവശ്യമായ എന്തെങ്കിലും നടപടിയെടുക്കാനുള്ള അധികാരികളുടെ ശ്രമങ്ങളെ പൂര്‍ണമായി പിന്തുണയ്ക്കുന്നു. നിയമം അതിന്റെ വഴിക്ക് പോവണമെന്നും ശശി തരൂര്‍ എംപി കുറിച്ചു.

Tags:    

Similar News