ലക്ഷദ്വീപിലേക്കുള്ള യാത്രാ കപ്പലുകള്‍ അടിയന്തിരമായി പുനസ്ഥാപിക്കണം: അജ്മല്‍ ഇസ്മാഈല്‍
കൊച്ചി: ലക്ഷദ്വീപിലേക്കുള്ള കപ്പലുകള്‍ പുനസ്ഥാപിച്ച് യാത്രാക്ലേശം അടിയന്തരമായി പരിഹരിക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മാഈല്‍. ദ്വീപിലേക്കുള്ള സര്‍വീസ് തടസ്സപ്പെട്ടതുമൂലം നൂറുകണക്കിന് രോഗികളും വിദ്യാര്‍ഥികളും ഉള്‍പ്പെടെയുള്ളവര്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. ഗുരുതര രോഗം ബാധിച്ചവര്‍ക്ക് മികച്ച ചികില്‍സ ലഭിക്കുന്നതിന് കൊച്ചി, മംഗലാപുരം ഉള്‍പ്പെടെയുള്ള ആശുപത്രികളിലെത്തണം. കപ്പല്‍ സര്‍വീസ് നിര്‍ത്തിവെച്ചതുമൂലം ദ്വീപിലെ ആശുപത്രികളില്‍ നിന്ന് റഫര്‍ ചെയ്ത രോഗികളെ പോലും വിദഗ്ധ ചികില്‍സയ്ക്കായി മറ്റ് ആശുപത്രികളിലെത്തിക്കാന്‍ കഴിയുന്നില്ല.
അധികൃതരുടെ നടപടി മനുഷ്യത്വരഹിതമാണ്. മാര്‍ച്ച് മൂന്നിന് ആരംഭിക്കുന്ന പ്ലസ്ടു പരീക്ഷ എഴുതേണ്ട നൂറോളം വിദ്യാര്‍ത്ഥികള്‍ കൊച്ചിയിലടക്കം കുടുങ്ങി കിടക്കുകയാണ്. ദ്വീപിനെ തകര്‍ക്കാനും ദ്വീപ് നിവാസികളെ ദ്രോഹിക്കാനുമുള്ള ലക്ഷദ്വീപ് ഡയറക്ടറുടെ പ്രതിലോമകരമായ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് ഇപ്പോള്‍ ദ്വീപ് നിവാസികള്‍ നേരിടുന്ന യാത്രാക്ലേശം. കൊച്ചി, ബേപ്പൂര്‍, മംഗലാപുരം പോര്‍ട്ടുകളില്‍ നിന്ന് ദ്വീപ് സമൂഹങ്ങളിലേക്ക് സര്‍വീസ് നടത്തിയിരുന്ന ഏഴു കപ്പലുകളില്‍ ഒരെണ്ണം മാത്രമാണ് നിലവില്‍ സര്‍വീസ് നടത്തുന്നത്. വിവിധ കാരണം പറഞ്ഞ് ഘട്ടംഘട്ടമായി കപ്പലുകള്‍ സര്‍വീസ് നിര്‍ത്തി വെച്ചിരിക്കുകയാണ്. കപ്പല്‍ സര്‍വീസ് ഓപറേറ്റ് ചെയ്യുന്ന ലക്ഷദ്വീപ് ഡവലപ്‌മെന്റ് കോര്‍പറേഷനില്‍ നിന്നും ചുമതല തിരിച്ചുപിടിച്ച് ഗുജറാത്ത് ആസ്ഥാനമായ ഏജന്‍സിക്ക് നല്‍കാനുള്ള ആസൂത്രിത നീക്കവും ഈ പ്രതിസന്ധിക്കു പിന്നിലുണ്ട്. ദ്വീപ് ജനതയെ ദ്രോഹിക്കുന്ന നടപടികളില്‍ നിന്ന് അധികൃതര്‍ പിന്‍മാറണമെന്നും നിര്‍ത്തിവെച്ച കപ്പല്‍ സര്‍വീസുകള്‍ ഉടന്‍ പുനരാരംഭിക്കണമെന്നും അജ്മല്‍ ഇസ്മാഈല്‍ ആവശ്യപ്പെട്ടു.