രാജ്യത്ത് കൊവിഡ് വ്യാപനത്തിന് ഇടയാക്കിയത് 'നമസ്‌തേ ട്രംപ്' ചടങ്ങ്: ഗുരുതര ആരോപണവുമായി ശിവസേന നേതാവ്
രാജ്യത്ത് കൊവിഡ് വ്യാപനത്തിന്റെ പ്രാരംഭഘട്ടത്തിലായിരുന്നു ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം. പതിനായിരങ്ങള്‍ സംബന്ധിച്ച ഈ ചടങ്ങാണ് രാജ്യത്ത് കൊവിഡ് വ്യാപനത്തിന് ഇടയാക്കിയതെന്നാണ് ശിവസേന എംപിയുടെ ആരോപണം.
മുംബൈ: ഗുജറാത്തിലെ ഹമ്മദാബാദില്‍ പതിനായിരങ്ങളെ പങ്കെടുപ്പിച്ച് നടത്തിയ 'നമസ്‌തേ ട്രംപ്' പരിപാടിയാണ് ഉത്തരേന്ത്യയില്‍ കൊവിഡ് വ്യാപനത്തിന് കാരണമായതെന്ന ഗുരുതര ആരോപണവുമായി ശിവസേന നേതാവും എംപിയുമായ സഞ്ജയ് റൗത്ത്. ശിവസേന മുഖപത്രമായ സാമ്‌നയില്‍ എഴുതിയ ലേഖനത്തിലാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് വരവേല്‍പ്പ് നല്‍കാന്‍ സംഘടിപ്പിച്ച പരിപാടിക്കെതിരേ അദ്ദേഹം ആഞ്ഞടിച്ചത്.
രാജ്യത്ത് കൊവിഡ് വ്യാപനത്തിന്റെ പ്രാരംഭഘട്ടത്തിലായിരുന്നു ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം. പതിനായിരങ്ങള്‍ സംബന്ധിച്ച ഈ ചടങ്ങാണ് രാജ്യത്ത് കൊവിഡ് വ്യാപനത്തിന് ഇടയാക്കിയതെന്നാണ് ശിവസേന എംപിയുടെ ആരോപണം.
യുഎസ് പ്രസിഡന്റിനെ വരവേല്‍ക്കാന്‍ അഹമ്മദാബാദില്‍ സംഘടിപ്പിച്ച പൊതുചടങ്ങാണ് ഗുജറാത്തില്‍ കൊറോണ വൈറസ് വ്യാപനത്തിന് ഇടയാക്കിയത്. ഇത് പിന്നാലെ ഡല്‍ഹിയിലേക്കും മുംബൈയിലേക്ക് വ്യാപിച്ചു. ട്രംപിനൊപ്പം വന്ന ചില പ്രതിനിധികള്‍ മുംബൈയും ഡല്‍ഹിയും സന്ദര്‍ശിച്ചിരുന്നതും രോഗവ്യാപനത്തിന് ആക്കം കൂട്ടിയെന്നാണ് ശിവസേന മുഖപത്രമായ സാമ്‌നയിലെ ലേഖനത്തില്‍ സഞ്ജയ് ആരോപിക്കുന്നത്.
'യുഎസ് പ്രസിഡന്റിനെ വരവേല്‍ക്കാന്‍ ആയിരക്കണക്കിന് ആളുകളെ ഒരുമിച്ച് ചേര്‍ത്ത് നടത്തിയ പൊതുസമ്മേളനമാണ് രാജ്യത്ത് കൊറോണ വ്യാപനത്തിന് ഇടയാക്കിയതെന്ന കാര്യം തള്ളിക്കളയാനാവില്ല. ട്രംപിനൊപ്പം വന്ന ചില പ്രതിനിധികള്‍ മുംബൈയും ഡല്‍ഹിയും സന്ദര്‍ശിച്ചിരുന്നു. ഇതും വൈറസ് വ്യാപനത്തിന് ഇടയാക്കി' റൗത്ത് ലേഖനത്തില്‍ കുറ്റപ്പെടുത്തി.
ഫെബ്രുവരി 24നാണ് അഹമ്മദാബാദില്‍ ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒന്നിച്ച് റോഡ് ഷോ നടത്തിയത്. ഇതിന് ശേഷം ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്റെ കീഴിലുള്ള മൊട്ടേറ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന പൊതുസമ്മേളനത്തില്‍ ഇരു നേതാക്കളും ജനങ്ങളെ അഭിസംബോധന ചെയ്തിരുന്നു. ഒരുലക്ഷത്തിലധികം പേര്‍ ആ ചടങ്ങില്‍ പങ്കെടുത്തുവെന്നാണ് കണക്കുകള്‍. വേണ്ടത്ര ആസൂത്രണമില്ലാതെയാണ് രാജ്യത്ത് ലോക്ക് ഡൗണ്‍ നടപ്പിലാക്കിയതെന്ന വിമര്‍ശനവും അദ്ദേഹം ഉന്നയിച്ചു.