ആര്യന്‍ ഖാന്റെ ലഹരിക്കേസ് അട്ടിമറിച്ചേക്കുമെന്ന് ശിവസേന നേതാവ്

ഗോസവിയും സാം ഡിസൂസ എന്ന ആളും തമ്മിലുള്ള 18 കോടി രൂപയുടെ ഒത്തുതീര്‍പ്പ് ഇടപാടിനു സാക്ഷിയായതായി വെളിപ്പെടുത്തിയിരുന്നു. ഇതില്‍ എട്ടു കോടി നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ തലവന്‍ സമീര്‍ വാങ്കഡെയ്ക്കു നല്‍കാനാണെന്നും ഇയാള്‍ പറഞ്ഞിരുന്നു

Update: 2021-10-25 01:48 GMT

ന്യൂഡല്‍ഹി: ഷാറുഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട ലഹരിവിരുന്ന് കേസില്‍ നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയെ പ്രതിക്കൂട്ടിലാക്കി ശിവസേന നേതാവ് സഞ്ജയ് റാവുത്തിന്റെ പ്രസ്താവന. കേസില്‍ സാക്ഷിയെന്ന് നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ സ്ഥിരീകരിച്ച ആളുടെ വെളിപ്പെടുത്തല്‍ പുറത്തുവന്ന സാഹചര്യത്തില്‍ കൂടുതല്‍ പോലിസ് അന്വേഷണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മഹാരാഷ്ട്ര സര്‍ക്കാരിനെ താറടിച്ചു കാണിക്കാനാണു കേസെന്നു മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞതായും അദ്ദേഹം തന്റെ ട്വീറ്റര്‍ ഹാന്‌റിലിലൂടെ തുറന്നടിച്ചു.നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ഓഫിസിനുള്ളില്‍ ആര്യന്‍ ഖാനൊപ്പം ഗോസവി ഫോണുമായി ഇരിക്കുന്ന 12 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വിഡിയോയും റാവുത്ത് പങ്കുവച്ചു.

 ഗോസവിയും സാം ഡിസൂസയും തമ്മിലുള്ള ഫോണ്‍ സംഭാഷണം താന്‍ കേട്ടെന്നു പ്രഭാകര്‍ സെയില്‍ നേരത്തെ സത്യവാങ്മൂലം നല്‍കിയിരുന്നു. താരപുത്രന്‍ ആര്യന്‍ ഖാനോടൊപ്പമുള്ള സെല്‍ഫിയിലൂടെ വൈറലായ സ്വകാര്യ കുറ്റാന്വേഷകന്‍ കെ പി ഗോസവിയുടെ ബോഡിഗാര്‍ഡ് എന്ന അവകാശപ്പെടുന്ന പ്രഭാകര്‍ സെയില്‍ കേസിലെ സാക്ഷിയാണ്. ഗോസവിയും സാം ഡിസൂസ എന്ന ആളും തമ്മിലുള്ള 18 കോടി രൂപയുടെ ഒത്തുതീര്‍പ്പ് ഇടപാടിനു സാക്ഷിയായതായി ഇയാള്‍ വെളിപ്പെടുത്തിയിരുന്നു. ഇതില്‍ എട്ടു കോടി നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ തലവന്‍ സമീര്‍ വാങ്കഡെയ്ക്കു നല്‍കാനാണെന്നും ഇയാള്‍ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് കൂടുതല്‍ അന്വേഷണം വേണമെന്ന നിലപാടുമായി ശിവസേന രംഗത്തുവന്നത്.

 കേസ് ഒതുക്കിത്തീര്‍പ്പാക്കാന്‍ 25 കോടി രൂപ ആവശ്യപ്പെടാനും 18 കോടി രൂപയ്ക്ക് സമ്മതിക്കാനും ഗോസവി ഡിസൂസയോടു പറയുന്നതു കേട്ടതായാണ് അവകാശവാദം. ഗോസവിയുടെ നിര്‍ദേശം അനുസരിച്ച് പണം അടങ്ങിയ രണ്ടു ബാഗുകള്‍ വാങ്ങി സാം ഡിസൂസയ്ക്കു കൈമാറിയതായും സെയില്‍ പറഞ്ഞു. ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട കേസില്‍ മഹാരാഷ്ട്ര സര്‍ക്കാരും ബിജെപിയും തമ്മില്‍ രൂക്ഷമായ ഭിന്നിപ്പു നിലനില്‍ക്കുകയാണ്. ദസറ ദിനത്തില്‍ നടത്തിയ പ്രസംഗത്തില്‍ ഗുജറാത്തില്‍ പിടികൂടിയ 3000 കോടി രൂപയുടെ ലഹരി വസ്തുക്കളെപ്പറ്റി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പരാമര്‍ശിച്ചിരുന്നു. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി ഒട്ടേറെ ശ്രമങ്ങള്‍ നടത്തിയെങ്കിലും അടുത്ത മാസം മഹാരാഷ്ട്ര സര്‍ക്കാര്‍ രണ്ടു വര്‍ഷം പൂര്‍ത്തിയാക്കുമെന്നും ഉദ്ധവ് പറഞ്ഞിരുന്നു. ശിവസേന ബിജെപി പോര് മുറുകിയ സാഹചര്യത്തില്‍ ആര്യന്‍ ഖാന്‍ ആടക്കമുള്ളവര്‍ പങ്കെടുത്ത ആഡംബര കപ്പലിലെ ലഹരികേസ് പുതിയ വഴിത്തിരിവിലേക്ക് നീങ്ങുകയാണ്.

Tags:    

Similar News