മകന്റെ ചെലവിന് ജയിലിലേക്ക് ഷാരൂഖാന്റെ 4,500 രൂപയുടെ മണി ഓര്‍ഡര്‍; ആര്യനുമായി വീഡിയോ കോളില്‍ സംസാരിച്ച് കുടുംബം

Update: 2021-10-15 10:09 GMT

മുംബൈ: ആഡംബര കപ്പലിലെ ലഹരിപ്പാര്‍ട്ടിയുടെ പേരില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന ബോളിവുഡ് താരം ഷാരൂഖാന്റെ മകന്‍ ആര്യന്‍ ഖാന് മണി ഓര്‍ഡര്‍ അയച്ച് കുടുംബം. മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലില്‍ കഴിയുന്ന ആര്യന്റെ പേരില്‍ ഒക്ടോബര്‍ 11ന് 4,500 രൂപയെത്തിയെന്ന് ജയില്‍ സൂപ്രണ്ട് നിതിന്‍ വായ്ചല്‍ വ്യക്തമാക്കി. ജയില്‍ കാന്റീനില്‍ നിന്ന് ഭക്ഷണം വാങ്ങാനും മറ്റും ഈ പണം ചെലവഴിക്കാം. ജയില്‍ നിയമമനുസരിച്ച് തടവുകാര്‍ക്ക് ജയിലിനുള്ളിലെ ചെലവുകള്‍ക്കായി പ്രതിമാസം പരമാവധി 4,500 രൂപ പുറത്തുനിന്ന് സ്വീകരിക്കാം.

ആര്യന് ജയില്‍ ഭക്ഷണം നല്‍കുന്നുണ്ട്. കോടതി ഉത്തരവ് വരുന്നതുവരെ താരത്തിന്റെ മകന് വീട്ടില്‍നിന്നോ പുറത്തുനിന്നോ ഉള്ള ഭക്ഷണം നല്‍കില്ലെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് പ്രോട്ടോക്കോള്‍ മൂലം സന്ദര്‍ശകരെ ജയിലിലേക്ക് അനുവദിക്കുന്നില്ല. ഈ സാഹചര്യത്തില്‍ തടവുകാര്‍ക്ക് ആഴ്ചയില്‍ രണ്ടുവട്ടം വീഡിയോ കോള്‍ വഴി കുടുംബാംഗങ്ങളുമായി സംസാരിക്കാമെന്ന് ഹൈക്കോടതി ഉത്തരവുണ്ട്. ആര്യന്‍ ഖാന്‍ മാതാപിതാക്കളുമായി വീഡിയോ കോളിലൂടെ സംസാരിച്ചു. 10 മിനിറ്റാണ് വീഡിയോ കോള്‍ ചെയ്തത്. ജയിലിലായ ശേഷം ഇതാദ്യമായാണ് ആര്യന്‍ മാതാപിതാക്കളുമായി സംസാരിക്കുന്നത്.

കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന റിപോര്‍ട്ട് ലഭിക്കുകയും ക്വാറന്റൈന്‍ കാലാവധി പൂര്‍ത്തിയാവുകയും ചെയ്തതോടെ ആര്യന്‍ ഖാനെയും അഞ്ച് പ്രതികളെയും സാധാരണ സെല്ലിലേക്ക് മാറ്റിയിരിക്കുകയാണ്. നമ്പര്‍ 956 ആണ് ആര്യന് ജയിലില്‍ അനുവദിച്ചിരിക്കുന്നത്. സുരക്ഷ മുന്‍നിര്‍ത്തി ലഹരിക്കേസിലെ കൂട്ടുപ്രതികളെയെല്ലാം വ്യത്യസ്ത സെല്ലുകളിലാണ് പാര്‍പ്പിച്ചിട്ടുള്ളത്. ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷേയില്‍ മുംബൈ സെഷന്‍സ് കോടതി ഈമാസം 20നാണ് വിധി പറയുക.

നാലുതവണയാണ് ആര്യന്‍ഖാന്റെ ജാമ്യാപേക്ഷ കോടതി നിരസിക്കുന്നത്. ആര്യന്‍ ഖാന്‍ സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്നയാളാണെന്ന് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ആരോപിച്ചതിനെത്തുടര്‍ന്നാണ് കോടതി ജാമ്യം തള്ളിയത്. മുംബൈ തീരത്തുനിന്ന് ഗോവയിലേക്ക് പോവുകയായിരുന്ന കോര്‍ഡീലിയ ആഡംബര കപ്പലില്‍ ഒക്ടോബര്‍ രണ്ടിന് എന്‍സിബി നടത്തിയ റെയ്ഡിലാണ് ആര്യന്‍ ഖാന്‍ അറസ്റ്റിലാവുന്നത്.

Tags:    

Similar News