ആഡംബര കപ്പലിലെ ലഹരിപ്പാര്‍ട്ടി: ആര്യന്‍ഖാന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും
മുംബൈ: ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിക്കിടെ അറസ്റ്റിലായ ആര്യന്‍ഖാന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. മുംബൈ എന്‍ഡിപിഎസ് കോടതിയാണ് ഹരജി പരിഗണിക്കുന്നത്. നിലവില്‍ മുംബൈ ആര്‍തര്‍ റോഡ് ജയിലിലാണ് ആര്യന്‍ കഴിയുന്നത്. കേസില്‍ ആര്യനൊപ്പം അറസ്റ്റിലായവരുടെയും ജാമ്യഹരജി കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്.
ആര്യന്‍ഖാന്‍ അറസ്റ്റിലായതിന്റെ തൊട്ടടുത്ത ദിവസം മുതല്‍ പ്രമുഖ അഭിഭാഷകന്‍ സതീഷ് മാനെ ഷിന്ദേ ജാമ്യത്തിനായി ശ്രമിക്കുകയാണ്. ലഹരിമരുന്ന് പിടിച്ചെടുക്കാതെ ജയിലില്‍ കിടക്കേണ്ടി വന്ന ആദ്യ ആളായിരിക്കാം ആര്യന്‍ ഖാനെന്നാണ് അഭിഭാഷകന്‍ കഴിഞ്ഞദിവസം പ്രത്യേക കോടതിയില്‍ ബോധിപ്പിച്ചത്. സെഷന്‍സ് കോടതിയില്‍ ആര്യന്‍ ഖാനുവേണ്ടി ഹാജരായത് സല്‍മാന്‍ ഖാനുവേണ്ടി വാഹനാപകടക്കേസില്‍ വാദിച്ച അമിത് ദേശായ് ആണ്.
അദ്ദേഹത്തിന്റെ വാദങ്ങള്‍ക്കുള്ള മറുപടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഇന്ന് നല്‍കും. ഒക്ടോബര്‍ രണ്ടിന് രാത്രിയിലാണ് കോര്‍ഡെലിയ എന്ന ആഡംബരക്കപ്പലില്‍ നടന്ന ലഹരി വിരുന്നിനിടയില്‍ ആര്യന്‍ഖാനടക്കം എട്ടുപേര്‍ അറസ്റ്റിലാവുന്നത്. ഇവരില്‍നിന്ന് ലഭിച്ച വിവരത്തെ തുടര്‍ന്ന് രണ്ട് വിദേശികളടക്കം 12 പേര്‍ അറസ്റ്റിലായി. ജുഡിഷ്യല്‍ കസ്റ്റഡിയിലുള്ള ആര്യനടക്കം 13 പേര്‍ ആര്‍തര്‍ റോഡ് ജയിലിലാണ്.