ബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി;ശിവസേന നേതാവിനെതിരേ കേസ്
ഉദ്ധവ് താക്കറെ ശിവസേനാ ജില്ലാദ്ധ്യക്ഷനായി ദിഗ്ഗെയെ നിയമിച്ച് ഉത്തരവിറക്കിയതിന് ദിവസങ്ങള്‍ക്കകമാണ് സംഭവം
മുംബൈ: ബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ ശിവസേനാ നേതാവിനെതിരേ കേസ്.ശിവസേനയുടെ താനെ ജില്ലാ യൂനിറ്റ് നേതാവ് കേദാര്‍ ദിഗ്ഗെയ്‌ക്കെതിരെ മുംബൈ പോലിസാണ് കേസെടുത്തിരിക്കുന്നത്.ഉദ്ധവ് താക്കറെ ശിവസേനാ ജില്ലാദ്ധ്യക്ഷനായി ദിഗ്ഗെയെ നിയമിച്ച് ഉത്തരവിറക്കിയതിന് ദിവസങ്ങള്‍ക്കകമാണ് സംഭവം.
23കാരിയാണ് ദിഗ്ഗക്കെതിരേ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.ലോവര്‍ പാരെലിലുള്ള പഞ്ചനക്ഷത്ര ഹോട്ടലില്‍ വെച്ച് ദിഗ്ഗെയുടെ സുഹൃത്തിനാല്‍ പീഡിപ്പിക്കപ്പെട്ടെന്നും,പോലിസില്‍ പരാതി നല്‍കാതിരിക്കാന്‍ ദിഗ്ഗെ ഭീഷണിപ്പെടുത്തിയതായും പണം വാഗ്ദാനം ചെയ്തതായും പരാതിയില്‍ പറയുന്നു.എന്‍എം ജോഷി മാര്‍ഗ് പോലിസ് സ്‌റ്റേഷനിലാണ് പരാതി നല്‍കിയത്.പരാതി പ്രകാരം ദിഗ്ഗെയ്‌ക്കെതിരെയും അദ്ദേഹത്തിന്റെ സുഹൃത്ത് രോഹിത്ത് കപൂറിനെതിരെയും പോലിസ് കേസെടുത്തു.
ഹോട്ടലില്‍ വെച്ച് ജൂലൈ 28നായിരുന്നു പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടത്. ഹോട്ടലിലെ സെയില്‍സ് എക്‌സിക്യൂട്ടീവായിരുന്നു പെണ്‍കുട്ടി.ഇതിനിടേ രോഹിത്ത് കപൂറിനെ പരിചയപ്പെടുകയും ക്ലബ് മെമ്പര്‍ഷിപ്പ് വില്‍പ്പനയുമായി ബന്ധപ്പെട്ട് സംസാരിക്കുകയും ചെയ്തു. മെമ്പര്‍ഷിപ്പിന് തയ്യാറായ കപൂര്‍ അംഗത്വ ഫീസ് ചെക്ക് മുഖേന തരാമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ റൂമിലേക്ക് വിളിച്ച് വരുത്തി ബലാല്‍സംഗം ചെയ്തുവെന്നാണ് പരാതിയില്‍ പറയുന്നത്.സംഭവത്തില്‍ ഉടന്‍ തന്നെ അറസ്റ്റുണ്ടാകുമെന്നാണ് പോലിസ് അറിയിക്കുന്നത്.