തൃശ്ശൂര്‍: തൃശ്ശൂരിലെ സ്‌കൂളില്‍ തോക്കുമായെത്തിയ പൂര്‍വവിദ്യാര്‍ഥി ക്ലാസ് മുറിയില്‍ വെടിയുതിര്‍ത്തു. തൃശൂര്‍ വിവേകോദയം സ്‌കൂളില്‍ ക്ലാസ്മുറിയിലാണ് അധ്യാപകരെ ഭീഷണിപ്പെടുത്തുകയും വെടിയുതിര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തത്. സംഭവത്തില്‍ മുളയം സ്വദേശി ജഗനെ പോലിസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ 10ഓടെയാണ് സംഭവം. സ്റ്റാഫ് റൂമില്‍ കയറി അധ്യാപകരെ ഭീഷണിപ്പെടുത്തിയ ശേഷം പിന്നാലെ തോക്കെടുത്ത് മൂന്നുതവണ ആകാശത്തേക്ക് വെടിയുതിര്‍ക്കുകയായിരുന്നു. ഇയാളുടെ കൈയിലുണ്ടായിരുന്നത് എയര്‍ ഗണ്‍ ആണെന്ന് സംശയമുള്ളതായി അധ്യാപകര്‍ പറഞ്ഞു. സ്‌കൂള്‍ കത്തിക്കുമെന്നും വിദ്യാര്‍ഥി ഭീഷണിപ്പെടുത്തിയതായി അധികൃതര്‍ പറഞ്ഞു. രണ്ട് അധ്യാപകരെ ലക്ഷ്യമിട്ടാണ് പൂര്‍വ വിദ്യാര്‍ഥി എത്തിയതെന്നാണ് സംശയം. തടയാന്‍ ശ്രമിച്ച അധ്യാപകരെ എതിര്‍ത്ത് ക്ലാസ്മുറികളിലേക്ക് കയറിയ പ്രതി വിദ്യാര്‍ഥികളെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷമാണ് മുകളിലേക്ക് മൂന്നുതവണ വെടിയുതിര്‍ത്തത്. പോലിസ് കസ്റ്റഡിയിലുള്ള പ്രതിയെ ചോദ്യംചെയ്യുകയാണ്.